Published: May 02, 2026 09:43 PM IST Updated: May 02, 2026 11:20 PM IST
1 minute Read
ചെന്നൈ∙ ഇന്ത്യന്‍ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനു നാലാം വിജയം. മുംബൈ ഇന്ത്യൻസിനെതിരെ എട്ടു വിക്കറ്റുകളുടെ വമ്പന്‍ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. മുംബൈ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 18.1 ഓവറിൽ രണ്ടു വിക്കറ്റു നഷ്ടത്തിൽ വിജയത്തിലെത്തി. സീസണിലെ നാലാം വിജയത്തോടെ എട്ടു പോയിന്റുമായി ചെന്നൈ ആറാം സ്ഥാനത്തെത്തി. അതേസമയം ഒൻപതിൽ ഏഴു മത്സരങ്ങളും തോറ്റ മുംബൈ ഒൻപതാമതു തുടരുകയാണ്.
മറുപടി ബാറ്റിങ്ങിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് അർധ സെഞ്ചറി തികച്ചു. 48 പന്തുകൾ നേരിട്ട ഋതുരാജ് രണ്ട് സിക്സുകളും അഞ്ച് ഫോറുകളും ഉൾപ്പടെ 67 റൺസെടുത്തു പുറത്താകാതെനിന്നു. ഗുജറാത്ത് ടൈറ്റൻസിനെതിരായ കഴിഞ്ഞ മത്സരത്തിലും ഋതുരാജ് അർധ സെഞ്ചറിയുമായി പുറത്താകാതെനിന്നിരുന്നു. 60 പന്തുകൾ നേരിട്ട താരം 74 റൺസാണ് ടൈറ്റൻസിനെതിരെ നേടിയത്.
ഇംപാക്ട് പ്ലേയറായി ഇറങ്ങിയ കാർത്തിക്ക് ശർമയും അർധ സെഞ്ചറി നേടി. 40 പന്തിൽ 54 റൺസാണ് കാര്‍ത്തിക്ക് നേടിയത്. ട്രെന്റ് ബോൾട്ടെറിഞ്ഞ 19–ാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറി കടത്തി ചെന്നൈയുടെ വിജയ റൺസ് കുറിച്ചത് കാർത്തിക്ക് ശർമയാണ്. ഉർവിൽ പട്ടേല്‍ (12 പന്തിൽ 24), സഞ്ജു സാംസൺ (ഒൻപത് പന്തിൽ 11) എന്നിങ്ങനെയാണ് പുറത്തായ ചെന്നൈ താരങ്ങളുടെ സ്കോറുകൾ.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. ഇന്ത്യൻ താരം നമൻ ധീർ അർധ സെഞ്ചറി നേടി. 37 പന്തുകളിൽ മൂന്ന് സിക്സുകളും നാല് ഫോറുകളും ബൗണ്ടറി കടത്തിയ നമൻ ധീർ 57 റൺസെടുത്തു. റയാൻ റിക്കിൾട്ടൻ (24 പന്തില്‍ 37), സൂര്യകുമാർ യാദവ് (12 പന്തിൽ 21) എന്നിവരാണ് മുംബൈയുടെ മറ്റു പ്രധാന സ്കോറർമാർ.
ഓപ്പണര്‍ വിൽ ജാക്സിനെ നഷ്ടപ്പെട്ടതു മാറ്റി നിർത്തിയാൽ അത്ര മോശം തുടക്കമായിരുന്നില്ല മുംബൈയുടേത്. അൻഷുൽ കാംബോജിന്റെ പന്തിൽ വിൽ ജാക്സ് പുറത്തായപ്പോൾ, റയാൻ റിക്കിൾട്ടൻ– നമൻ ധീർ സഖ്യം മുംബൈയുടെ രക്ഷയ്ക്കെത്തി. പവർപ്ലേയില്‍ 57 റൺസാണ് മുംബൈ അടിച്ചത്. സ്കോർ 59ൽ നിൽക്കെ നൂർ അഹമ്മദ് റയാൻ റിക്കിൾട്ടനെ വീഴ്ത്തി. സൂര്യകുമാർ യാദവ് പിടിച്ചുനിന്നെങ്കിലും വലിയ ഇന്നിങ്സ് കളിക്കാൻ സാധിച്ചില്ല. രാമകൃഷ്ണ ഘോഷിന്റെ പന്തിൽ ഡെവാൾഡ് ബ്രെവിസാണ് സൂര്യയ്ക്കെതിരായ ക്യാച്ചെടുത്തത്.
10.5 ഓവറിൽ മുംബൈ 100 പിന്നിട്ടു. മധ്യനിരയിൽ തിലക് വർമയും (അഞ്ച്), റോബിന്‍ മിൻസ് (അഞ്ച്) എന്നിവര്‍ നിരാശപ്പെടുത്തി. ക്യാപ്റ്റൻ പാണ്ഡ്യ 18 റൺസെടുത്തു മടങ്ങി. ചെന്നൈ സൂപ്പർ കിങ്സിനായി അൻഷുൽ കാംബോജ് മൂന്നും നൂർ അഹമ്മദ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. രാമകൃഷ്ണ ഘോഷിനും ജെയ്മി ഓവർടനും ഓരോ വിക്കറ്റുകൾ വീതമുണ്ട്.
English Summary:







English (US) ·