ഗുവാഹത്തി∙ സഞ്ജു ടീം മാറി, ജഴ്സിയും മാറി. പക്ഷേ ചെന്നൈയെ തോൽപ്പിക്കുന്ന ‘ശീലം’ രാജസ്ഥാൻ മാറ്റിയില്ല. ഐപിഎലിൽ ഇത്തവണയും രാജസ്ഥാനു മുന്നിൽ ചെന്നൈ മുട്ടിടിച്ചു വീണു. 19–ാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ എട്ടു വിക്കറ്റിനാണ് ചെന്നൈയുടെ തോൽവി. ആദ്യം ബാറ്റു ചെയ്ത ചെന്നൈ ഉയർത്തിയ 128 റൺസെന്ന കുഞ്ഞൻ വിജയലക്ഷ്യം 12.1 ഓവറിൽ വെറും 2 വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടക്കുകയായിരുന്നു. അർധസെഞ്ചറി നേടിയ ‘വണ്ടർ കിഡ്’ വൈഭവ് സൂര്യവംശി (17 പന്തിൽ 52), യശസ്വി ജയ്സ്വാൾ (36 പന്തിൽ 38*) എന്നിവരുടെ ബാറ്റിങ്ങാണ് രാജസ്ഥാന് അനായാസ വിജയം സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിൽ, തുടക്കം മുതൽ തന്റെ ‘വൈഭവം’ സൂര്യവംശി പുറത്തെടുത്തതോടെ രാജസ്ഥാൻ അതിവേഗം ലക്ഷ്യത്തിലേക്ക് കുതിച്ചു. മറുവശത്ത് ഉറച്ച പിന്തുണയുമായി യശസ്വി ജയ്സ്വാളും. പവർപ്ലേയിൽ തന്നെ രാജസ്ഥാൻ കളി വരുതിയിലാക്കി. ആറ് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 74 റൺസെന്ന ശക്തമായ നിലയിലായിരുന്നു രാജസ്ഥാൻ. പവർപ്ലേയ്ക്കുള്ളിൽ തന്നെ വൈഭവ് അർധസെഞ്ചറിയും പൂർത്തിയാക്കി. വെറും 15 പന്തിലായിരുന്നു 15 വയസ്സുകാരന്റെ ഫിഫ്റ്റി. ഐപിഎലിൽ രാജസ്ഥാൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചറിയാണ് ഇത്.
അർധസെഞ്ചറിക്കു തെട്ടുപിന്നാലെ വൈഭവിനെ അൻഷുൽ കാംബോജ് പുറത്താക്കിയെങ്കിലും പിന്നീടെത്തിയ ധ്രുവ് ജുറേൽ (9 പന്തിൽ 18) ഒട്ടും കുറച്ചില്ല. നാലു ഫോറുകളുമായി കളം നിറഞ്ഞ ജുറേലിനെ ഒൻപതാം ഓവറിൽ അൻഷുൽ തന്നെ വീഴ്ത്തിയെങ്കിലും നാലാമനായി ഇറങ്ങിയ ക്യാപ്റ്റൻ റിയാൻ പരാഗും (11 പന്തിൽ 14*) ജയ്‌സ്വാളും ചേർന്ന് രാജസ്ഥാനെ മറ്റു പരുക്കളില്ലാതെ വിജയത്തിലെത്തിക്കുകയായിരുന്നു.
‘ഇടിമിന്നൽ’ രാജസ്ഥാൻമഴയെ തുടർന്ന് അഞ്ച് മിനിറ്റ് വൈകിയാണ് ചെന്നൈ– രാജസ്ഥാൻ മത്സരത്തിനുള്ള ടോസ് ഇട്ടത്. മഴ മാറിയെങ്കിലും, മത്സരത്തിൽ ‘ഇടിമിന്നൽ’ ആയാണ് രാജസ്ഥാൻ ബോളർമാർ ബർസാപാരാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കളംനിറഞ്ഞത്. അതിന്റെ പ്രഹരത്തിൽ ചെന്നൈ ബാറ്റർമാർ അക്ഷരാർഥത്തിൽ ‘കരിഞ്ഞു’ വീണു. ആദ്യം ബാറ്റു ചെയ്ത ചെന്നൈ 19.4 ഓവറിൽ 127 റൺസിന് ഓൾഔട്ടാകുകയായിരുന്നു. രാജസ്ഥാനു വേണ്ടി പന്തെടുത്തവരെല്ലം വിക്കറ്റ് വീഴ്ത്തിയപ്പോൾ രണ്ടു വീതം വിക്കറ്റെടുത്ത നാന്ദ്രെ ബർഗർ, ജോഫ്ര ആർച്ചർ, രവീന്ദ്ര ജഡേജ എന്നിവരാണ് കൂടുതൽ തിളങ്ങിയത്. ജാമി ഓവർട്ടൺ (36 പന്തിൽ 43) മാത്രമാണ് ചെന്നൈ നിരയിൽ അൽപമെങ്കിലും പിടിച്ചുനിന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്കു തുടക്കം മുതൽ പിഴച്ചു. ആകാംക്ഷയോടെ കാത്തിരുന്ന സഞ്ജുവിന്റെ ‘അരങ്ങേറ്റം’ പക്ഷേ ആരാധകർക്കു നിരാശയാണ് സമ്മാനിച്ചത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസന്റെ (7 പന്തിൽ 6) വിക്കറ്റ് ആണ് ആദ്യം വീണത്. ഇന്നിങ്സിന്റെ രണ്ടാം ഓവറിൽ പേസർ നാന്ദ്രെ ബർഗറുടെ പന്തിൽ സഞ്ജു ക്ലീൻ ബൗൾഡാകുകയായിരുന്നു. ആദ്യ ഓവറിൽ ജോഫ്ര ആർച്ചറിനെതിരെ സഞ്ജു ഒരു ബൗണ്ടറി നേടിയതു മാത്രമാണ് ആരാധകർക്ക് സന്തോഷിക്കാനുള്ള വകയുണ്ടായിരുന്നത്. ട്വന്റി20 ലോകകപ്പിനു ശേഷം സഞ്ജുവിന്റെ ആദ്യ മത്സരമായിരുന്നു ഇത്.
തൊട്ടടുത്ത ഓവറിൽ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദിനെയും (11 പന്തിൽ 6) ചെന്നൈയ്ക്കു നഷ്ടമായി. ജോഫ്ര ആർച്ചറാണ് ഗെയ്‌ക്‌വാദിന്റെ കുറ്റിതെറിപ്പിച്ചത്. മൂന്നാം ഓവറിൽ ബർഗർ വീണ്ടും ഞെട്ടിച്ചു. കൗമാരതാരം ആയുഷ് മാത്രെ (0) ഗോൾഡൻ ഡക്കായി പുറത്ത്. ആയുഷിനെ നാന്ദ്രെ ബർഗർ വിക്കറ്റ് കീപ്പർ ധ്രുവ് ജുറേലിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. പവർപ്ലേ അവസാനിക്കുന്നതിനു മുൻപു തന്നെ ചെന്നൈയുടെ അടുത്ത വിക്കറ്റും വീണു. ഇത്തവണ പേസർ സന്ദീപ് ശർമയുടെ ഊഴമായിരുന്നു. മാത്യു ഷോർട്ടിനെ (7 പന്തിൽ 2) സന്ദീപ്, യശസ്വി ജയ്‌സ്വാളിന്റെ കൈകളിലാണ് എത്തിച്ചത്. പവർപ്ലേ അവസാനിച്ചപ്പോൾ 4ന് 41 എന്ന നിലയിലായിരുന്നു ചെന്നൈ.
അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ഇംപാക്ട് പ്ലെയർ സർഫ്രാസ് ഖാൻ, കാർത്തിക് ശർമ സഖ്യം ചെന്നൈയെ കരകയറ്റുമെന്ന് കരുതിയെങ്കിലും എട്ടാം ഓവറിൽ, രാജസ്ഥാൻ ജഴ്സിയിലേക്ക് തിരിച്ചെത്തിയ രവീന്ദ്ര ജഡേജ, സർഫ്രാസിനെ വിക്കറ്റിനു മുന്നിൽ കുരുക്കി. 12 പന്തിൽ 17 റൺസെടുത്താണ് സർഫ്രാസ് പുറത്തായത്. പിന്നാലെയെത്തിയ ശിവം ദുബെ, നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സറടിച്ചെങ്കിലും ജഡേജയ്ക്കു തന്നെ വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അവിടെയും തീർന്നില്ല. 11–ാം ഓവറിൽ കാർത്തിക് ശർമയെ (15 പന്തിൽ 18) ബ്രിജേഷ് ശർമയും പുറത്താക്കി. നൂർ അഹമ്മദ് (9 പന്തിൽ 1), മാറ്റ് ഹെൻറി(7 പന്തിൽ 5) എന്നിവരുടേതായിരുന്നു അടുത്ത ഊഴം.
പത്താം വിക്കറ്റിൽ, അൻഷുൽ കാംബോജിനെ (10 പന്തിൽ 7*) കൂട്ടുപിടിച്ച് ജാമി ഓവർട്ടൺ നടത്തിയ ചെറുത്തുനിൽപ്പാണ് ചെന്നൈയെ വലിയ നാണക്കേടിൽനിന്നു രക്ഷിച്ചത്. 36 പന്തിൽ 2 സിക്സറുകളുടെയും 2 ഫോറുകളുടെയും അകമ്പടിയോടെയാണ് ഓവർട്ടൺ 43 റൺസെടുത്തത്. അവസാന ഓവറിൽ രണ്ടു പന്തു ശേഷിക്കെ ഓവർട്ടൺ റണ്ണൗട്ടാകുകയായിരുന്നു.
∙ സഞ്ജുവിന്റെ അരങ്ങേറ്റംടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മഴയെ തുടർന്ന് അഞ്ച് മിനിറ്റ് വൈകിയാണ് ടോസ് ഇട്ടത്. ചെന്നൈ ജഴ്സിയിൽ സഞ്ജുവിന്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. നേരത്തെ രാജസ്ഥാനു വേണ്ടി കളിച്ചിട്ടുള്ള ജഡേജ, 2009നു ശേഷമാണ് വീണ്ടും ടീമിന്റെ ജഴ്സി അണിഞ്ഞത്. വൻതുകയ്ക്ക് ടീമിലെത്തിച്ച ആഭ്യന്തര താരമായ കാർത്തിക് ശർമയും ചെന്നൈ ഇലവനിലുണ്ട്. മാത്യു ഷോർട്ട്, ജാമി ഓവർട്ടൺ, നൂർ അഹമ്മദ്, മാറ്റ് ഹെൻറി എന്നിവരാണ് ചെന്നൈയുടെ വിദേശതാരങ്ങൾ.
∙ പ്ലേയിങ് ഇലവൻ
ചെന്നൈ:
സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), ഋതുരാജ് ഗെയ്ക്‌വാദ്(ക്യാപ്റ്റൻ), ആയുഷ് മാത്രെ, മാത്യു ഷോർട്ട്, ശിവം ദുബെ, കാർത്തിക് ശർമ, ജാമി ഓവർട്ടൺ, നൂർ അഹമ്മദ്, മാറ്റ് ഹെൻറി, അൻഷുൽ കാംബോജ്, ഖലീൽ അഹമ്മദ്രാജസ്ഥാൻ: യശസ്വി ജയ്‌സ്വാൾ, വൈഭവ് സൂര്യവംശി, റിയാൻ പരാഗ്(ക്യാപ്റ്റൻ), ധ്രുവ് ജൂറേൽ(വിക്കറ്റ് കീപ്പർ), ഷിമ്രോൺ ഹെറ്റ്‌മെയർ, രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, നാന്ദ്രെ ബർഗർ, സന്ദീപ് ശർമ, രവി ബിഷ്‌ണോയ്, ബ്രിജേഷ് ശർമ
English Summary:








English (US) ·