വീണ്ടും വൈഭവ് വെടിക്കെട്ട്, ആയുഷിന് അർധ സെഞ്ചറി; ലോകകപ്പിൽ ഇന്ത്യയ്ക്ക് വമ്പൻ വിജയം

1 month ago 5

ഓൺലൈൻ ഡെസ്ക്

Published: January 25, 2026 08:00 AM IST

1 minute Read

 X@BCCI
ആയുഷ് മാത്രെയും വൈഭവ് സൂര്യവംശിയും ബാറ്റിങ്ങിനിടെ. Photo: X@BCCI

ബുലവായോ∙ അണ്ടര്‍ 19 ഏകദിന ലോകകപ്പിൽ വിജയക്കുതിപ്പ് തുടർന്ന് ടീം ഇന്ത്യ. കരുത്തരായ ന്യൂസീലൻഡിനെതിരെ ഏഴു വിക്കറ്റ് വിജയമാണ് ഇന്ത്യയുടെ യുവതാരങ്ങൾ സ്വന്തമാക്കിയത്. മഴയെ തുടർന്ന് ഡിഎൽഎസ് പ്രകാരം വിജയലക്ഷ്യം 130 റൺസാക്കി വെട്ടിച്ചുരുക്കിയപ്പോൾ, 13.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയത്തിലെത്തി. ഗ്രൂപ്പ് ബിയിൽ മൂന്നു മത്സരങ്ങളും ജയിച്ച ഇന്ത്യ ആറു പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.

മഴ കാരണം മത്സരം 37 ഓവറാക്കി വെട്ടിച്ചുരുക്കിയിരുന്നു. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ന്യൂസീലൻഡിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ഇന്ത്യൻ ബോളര്‍മാർ തകർത്തെറിഞ്ഞതോടെ 36.2 ഓവറില്‍ 135 റൺസിന് കിവീസ് പുറത്തായി. 48 പന്തിൽ 37 റൺസെടുത്തു പുറത്താകാതെ നിന്ന കാലും സാംസണാണ് ന്യൂസീലൻഡിന്റെ ടോപ് സ്കോറർ. സെൽവിൻ സഞ്ജയ് (30 പന്തിൽ 28), ജേക്കബ് കോട്ടര്‍ (47 പന്തിൽ 23) എന്നിവരാണ് ന്യൂസീലന്‍ഡിന്റെ മറ്റു പ്രധാന സ്കോറർമാർ.

വിജയലക്ഷ്യം 130 ആക്കി പുനർ‌നിശ്ചയിച്ചതോടെ അനായാസമായിരുന്നു ഇന്ത്യയുടെ ബാറ്റിങ്. ഏഴു റൺസെടുത്ത മലയാളി താരം ആരോണ്‍ ജോർജിനെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും വൈഭവ് സൂര്യവംശിക്കൊപ്പം ക്യാപ്റ്റൻ ആയുഷ് മാത്രെയും ചേർന്നത് കളിയുടെ ഗതി മാറ്റി. ആയുഷ് അർധ സെഞ്ചറി നേടി. 27 പന്തുകളിൽ ആറു സിക്സുകൾ അടക്കം 53 റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ അടിച്ചെടുത്തത്. മൂന്നു സിക്സുകളും രണ്ട് ഫോറുകളും അതിർത്തി കടത്തി വിട്ട വൈഭവ് 40 റണ്‍സാണു നേടിയത്.

ഇരുവരും പുറത്തായ ശേഷമെത്തിയ വിഹാൽ മൽഹോത്ര (17), വേദാന്ത് ത്രിവേദി (13) എന്നിവർ ചേർന്നാണ് ഇന്ത്യയുടെ വിജയറൺസ് കുറിച്ചത്.141 പന്തുകൾ ബാക്കി നിൽക്കെയായിരുന്നു ഇന്ത്യയുടെ വിജയം. 29 റൺസ് വഴങ്ങി നാലു വിക്കറ്റുകള്‍ വീഴ്ത്തിയ ആർ.എസ്. അംബരിഷാണു കളിയിലെ താരം.

English Summary:

Under 19 World Cup: India secured a ascendant seven-wicket triumph against New Zealand successful the Under 19 World Cup, continuing their winning streak

Read Entire Article