‘വെടിയുണ്ടയേക്കാൾ മൂർച്ച കാൽപന്തിന്’; വിശപ്പ് മാറ്റാൻ പ്രാർഥിച്ചവർ, പലായനത്തിൽ തളരാതെ താരങ്ങളായവർ

1 month ago 6

കൺമുന്നിൽ മുത്തശ്ശൻ വെടിയേറ്റു വീഴുന്നതു കണ്ട ആറു വയസ്സുകാരൻ, അഭയാർഥികൾക്കുള്ള പട്ടിണി ക്യാംപിൽ ജനിച്ചുവളർന്ന മറ്റൊരു കുട്ടി, കത്തിച്ചാരമായ വീടിനു മുന്നിൽ പൊട്ടിക്കരഞ്ഞ ബാലൻ... യുദ്ധവും പലായനവും സങ്കടങ്ങളും മാത്രം കൈമുതലായവർ. ജന്മനാട്ടിൽനിന്നു വേരറുക്കപ്പെട്ടിട്ടും പ്രതിസന്ധികളെ ഡ്രിബിൾ ചെയ്ത് അവർ ലോക ഫുട്ബോളിൽ പേര് കൊത്തിവച്ചു. വെടിയുണ്ടയേക്കാൾ മൂർച്ച കാൽപന്തിനാണെന്ന് ഉറക്കെ പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയുടെ അഭയാർഥി ഏജൻസിയായ യുഎൻഎച്ച്സിആർ പ്രഖ്യാപിച്ച പ്രതീകാത്മക ‘ഗെയിംചേഞ്ചിങ് ടീം’ ലോകത്തെ പതിനൊന്നര കോടിയിലേറെയുള്ള അഭയാർഥികളുടെ പ്രത്യാശയാണ്.

What you should work next

‘‘ഗെയിംചേഞ്ചിങ് ടീം കളിക്കാരുടെ കൂട്ടമല്ല; യുദ്ധവും പീഡനങ്ങളും കാരണം എല്ലാം നഷ്ടപ്പെട്ടവർക്ക് സുരക്ഷിതത്വവും അവസരങ്ങളും നൽകിയാൽ എന്തെല്ലാം നേടാനാകുമെന്ന് ലോകത്തിനു കാണിച്ചുകൊടുക്കുന്ന പ്രത്യാശയുടെയും ധീരതയുടെയും പ്രതീകമാണിത്. ഫുട്ബോൾ വെറുമൊരു കളിയല്ല. മുറിവുണക്കാനും ഒരു നാടിന്റെ ഭാഗമാണെന്ന തോന്നൽ ഉണ്ടാക്കാനുമുള്ള കരുത്താണ്’’ എന്നാണു യുഎൻഎച്ച്സിആറിന്റെ സന്ദേശം. വിധിയെ തോൽപ്പിച്ച മറ്റു താരങ്ങളുടെയും കഥയാണിത്. അനിശ്ചിതത്വത്തിന്റെ നീണ്ട വഴികളിലൂടെ കടന്നുപോയ മനുഷ്യരുടെ ജീവിതങ്ങളും പുൽമൈതാനങ്ങളെ തീ പിടിപ്പിക്കുന്നു.

1985 സെപ്റ്റംബർ 9ന് ക്രൊയേഷ്യയിലെ സദാറിനു സമീപമായിരുന്നു ലൂക്കയുടെ ജനനം. ആറു വയസ്സായപ്പോൾ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. 1991ൽ ക്രൊയേഷ്യൻ സ്വാതന്ത്ര്യയുദ്ധം രൂക്ഷമായ ദിവസങ്ങളിലൊന്നിൽ, ലൂക്കയുടെ കൺമുന്നിൽവച്ച് സെർബ് സായുധർ മുത്തശ്ശനെ വെടിവച്ചു കൊന്നു. പെട്ടെന്നാണ് അവന്റെ ലോകം മാറിയത്. വീട് നഷ്ടമായതോടെ കുടുംബം സദാറിലെ അഭയാർഥി ഹോട്ടലി‍ൽ ചേക്കേറി. ചുറ്റും ഗ്രനേഡുകൾ വീഴുമ്പോൾ പേടി മാറ്റാൻ ആ കുട്ടിക്കു കൂട്ടായത് ചെറിയൊരു പന്താണ്. ഹോട്ടലിന്റെ പാർക്കിങ് ലോട്ടിൽ മണിക്കൂറുകളോളം അവൻ പന്തുതട്ടി. മെലിഞ്ഞിട്ടാണെന്നും ശക്തിയില്ലെന്നും പറഞ്ഞ് പലരും അവനെ കളിക്കളത്തിൽ തഴഞ്ഞു. മൈതാനത്തു മറ്റുള്ളവർ കാണാത്ത ഇടങ്ങൾ കണ്ടെത്താനുള്ള കഴിവിനെ അവൻ തേച്ചുമിനുക്കി.

What you should work next

പ്രാദേശിക ക്ലബുകളിൽനിന്നു ഡൈനാമോ സാഗ്രെബിലേക്കും ടോട്ടനം ഹോട്സ്പുറിലേക്കും പിന്നീട് റയൽ മഡ്രിഡിലേക്കും അവൻ പന്തുതട്ടിയെത്തി. അസാധ്യമായ ദീർഘവീക്ഷണവും മിഡ്ഫീൽഡിന്റെ ഗതി നിയന്ത്രിക്കാനുള്ള കൃത്യതയും കൊണ്ട് ‘മിഡ്ഫീൽഡ് മാസ്ട്രോ’ എന്നു പേരെടുത്തു. ഇറ്റാലിയൻ ക്ലബ് എസി മിലാന്റെ വിശ്വസ്തനായ, ആരാധകർ സ്നേഹത്തോടെ ‘ലൂക്കിത’ എന്ന് വിളിക്കുന്ന ലൂക്കാ മോഡ്രിച്ചാണ് ആ കുട്ടി. 2018ൽ ബലോൻ ദ് ഓർ പുരസ്കാരം നേടിയപ്പോൾ ലൂക്കയുടെ ഭൂതകാലത്തോടു കാലം സലാം പറഞ്ഞു. 40-ാം വയസ്സിൽ അഞ്ചാമത്തെ ലോകകപ്പിനാണു ക്രൊയേഷ്യൻ താരം ബൂട്ട് കെട്ടുന്നത്.

2000 നവംബർ 2ന് ഘാനയിലെ ബുദുബുറാം അഭയാർഥി ക്യാംപിലാണ് അൽഫോൺസോ ഡേവിസിന്റെ ജനനം. ലൈബീരിയൻ ആഭ്യന്തര സംഘർഷത്തിൽനിന്നു രക്ഷപ്പെട്ടാണ് മാതാപിതാക്കൾ ഇവിടെയെത്തിയത്. ഭാവിയെക്കുറിച്ച് ഒരു ഉറപ്പുമില്ല. ഡേവിസിന് അഞ്ചു വയസ്സുള്ളപ്പോൾ കുടുംബം കാനഡയിലെത്തി. ഷൂസും ജഴ്സിയും വാങ്ങാൻ പണമില്ലാത്ത കുട്ടികൾക്കായുള്ള ‘ഫ്രീ ഫൂട്ടി’ ലീഗിലൂടെ കളിജീവിതം തുടങ്ങി. പട്ടിണി ക്യാംപിൽ വളർന്ന അവൻ വാൻകൂവർ വൈറ്റ്‌കാപ്സിന്റെ അക്കാദമിയിലേക്കും തുടർന്ന് യൂറോപ്യൻ ഫുട്ബോളിലേക്കും കാലെടുത്തുവച്ചു. ബയൺ മ്യൂണിക്കിന്റെ പ്രതിരോധക്കോട്ടയായി. വിങ്ങിലൂടെ കുതിച്ചുപായുന്ന ഇരുപത്തിയഞ്ചുകാരൻ ഡേവിസ് രണ്ടാം ലോകകപ്പിൽ കാനഡയെ നയിക്കുന്നു. യുഎൻഎച്ച്സിആർ ഗെയിംചേഞ്ചിങ് ടീമിന്റെ ക്യാപ്റ്റനുമാണ്. ‘‘ഒരു അവസരം ലഭിച്ചാൽ മനുഷ്യർക്ക് എത്ര ഉയരങ്ങളിൽ എത്താനാകുമെന്ന് ഞങ്ങളുടെ ജീവിതം തെളിയിക്കുന്നു’’ എന്നാണു ഡേവിസിന്റെ സാക്ഷ്യം.

 Hector Vivas / GETTY IMAGES NORTH AMERICA / Getty Images via AFP

അൽഫോൻസോ ഡേവിസ്. Photo: Hector Vivas / GETTY IMAGES NORTH AMERICA / Getty Images via AFP

അങ്കോളയിലെ അഭയാർഥി ക്യാംപിലാണ് എഡ്വേർഡോ കാമവിംഗയുടെ ജനനം. അവിടെനിന്ന് രക്ഷപ്പെട്ട് ഫ്രാൻസിലെത്തിയ ശേഷവും കുടുംബത്തെ ദുരിതം വേട്ടയാടി. 2013-ൽ, കാമവിംഗയ്ക്കു 11 വയസ്സുള്ളപ്പോൾ വീട് കത്തിയമർന്നു. നുള്ളിപ്പെറുക്കി വച്ചതെല്ലാം ചാരമായി. എല്ലാം നഷ്ടപ്പെട്ട അച്ഛൻ മകന്റെ തോളിൽ കൈവച്ച് പറഞ്ഞു: ‘‘നീയാണ് ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷ, വലിയ കളിക്കാരനാകും’’. കുറുമ്പ് മാറ്റാനാണ് അവനെ അമ്മ ഫുട്ബോൾ കളിപ്പിച്ചത്. ടാക്ലിങ്ങിലും മുന്നേറ്റത്തിലും മിടുക്കനായി. മിഡ്ഫീൽഡറായും ലെഫ്റ്റ് ബാക്കായും ഒരേപോലെ തിളങ്ങി റയൽ മാഡ്രിഡിന്റെ ചോരത്തിളപ്പായി. നിർഭാഗ്യവശാൽ ഫ്രാൻസ് സ്ക്വാഡിൽ അവസാന നിമിഷം ഉൾപ്പെട്ടില്ല.

സിയറ ലിയോണിലെ ക്രൂരമായ വംശഹത്യയിൽനിന്നും യുദ്ധത്തിൽനിന്നും രക്ഷപ്പെട്ടാണ് ആന്റോണിയോ റൂഡിഗറുടെ അമ്മ ജർമനിയിൽ എത്തിയത്. ബെർലിനിലെ ചേരിപ്രദേശത്തു കാത്തിരുന്നതു പക്ഷേ, കടുത്ത വംശീയ അധിക്ഷേപങ്ങളും ദാരിദ്ര്യവും ആയിരുന്നു. തെരുവിലെ പന്തുകളിയായിരുന്നു അവന്റെ ആശ്വാസം. ചേരിയിൽ കളിച്ചുവളർന്ന ആ പയ്യൻ ഇന്നു റയൽ മാഡ്രിഡിന്റെ പ്രതിരോധ കോട്ടയാണ്. അസാധ്യമായ കരുത്തും പന്തുകൾ തടുക്കാനുള്ള കഴിവുമാണു പ്രത്യേകത. ജർമനിക്കായി മൂന്നാമത്തെ ലോകകപ്പിലാണു കളിക്കുന്നത്.

കോസോവോയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചതിനു 3 വർഷത്തോളം തടവിലായിരുന്നു ഗ്രാനിറ്റ് ഷാക്കയുടെ പിതാവ്. കടുത്ത പീഡനങ്ങൾക്ക് ഒടുവിൽ ജയിൽ മോചിതനായപ്പോൾ 1990-ൽ കുടുംബം സ്വിറ്റ്സർലൻഡിലേക്കു പലായനം ചെയ്തു. കുട്ടിക്കാലത്ത് ബേസലിലെ തെരുവുകളിൽ പന്തുതട്ടി വളർന്ന ഷാക്ക, ലോങ് റേഞ്ച് ഷോട്ടുകളിൽ വിദഗ്ധനായി. ബയേർ ലെവർകൂസന്റെ മധ്യനിര താരമായ ഷാക്ക, സ്വിറ്റ്സർലൻഡിന്റെ നായകനുമാണ്. മിഡ്ഫീൽഡിലെ ജനറൽ എന്നു വിളിക്കപ്പെടുന്ന ഷാക്കയുടെ നാലാമത്തെ ലോകകപ്പാണിത്.

 Oli SCARFF / AFP

ഗ്രാനിറ്റ് ഷാക്ക. Photo: Oli SCARFF / AFP

ഇറാഖ് യുദ്ധത്തിന്റെ കനലുകൾക്കിടയിൽ ജനിച്ച്, ഒന്നാം വയസ്സിൽ കുടുംബത്തിനൊപ്പം യുകെയിലേക്ക് അഭയാർഥിയായി പോയതാണ് അലി അൽ ഹമാദി. ഡിഫൻഡർമാരെ വെട്ടിച്ച് ബോക്സിലേക്ക് കയറി ഗോളടിക്കാനുള്ള ക്ലിനിക്കൽ ഫിനിഷിങ്ങാണു ലൂട്ടൺ ടൗണിന്റെ ഈ സ്ട്രൈക്കറുടെ പ്രത്യേകത. ഇറാഖ് ദേശീയ ടീമിന്റെ കരുത്തായ, ഇരുപത്തിനാലുകാരൻ ഹമാദിയുടെ കൂടി ബലത്തിലാണു വലിയ ഇടവേളയ്ക്കു ശേഷം ഇറാഖ് ലോകകപ്പിലേക്ക് യോഗ്യത നേടിയത്.

 Julio Cesar AGUILAR / AFP

അലി അൽ ഹമദി. Photo: Julio Cesar AGUILAR / AFP

സ്പാനിഷ് ക്ലബ് സിഡി കാസ്റ്റെല്ലോണിന്റെ വിങ്ങറായ മുപ്പതുകാരൻ ആവർ മാബിൽ ജനിച്ചത് കെനിയയിലെ കടുത്ത പട്ടിണി നിറഞ്ഞ ‘കാകുമ’ ക്യാംപിലാണ്. പഴയ തുണികൾ ചുരുട്ടിക്കൂട്ടി, ചെരിപ്പില്ലാതെ ആയിരുന്നു അവന്റെയും കൂട്ടുകാരുടെയും പന്തുകളി. അന്നത്തെ സ്വാതന്ത്ര്യവും പ്രതീക്ഷയുമായിരുന്നു ആ കളിയെന്നാണു മാബിൽ പറയുക. ഓസ്ട്രേലിയൻ ജഴ്സിയിൽ രണ്ടാമത്തെ ലോകകപ്പിനാണു മാബിൽ വരുന്നത്.

ദക്ഷിണ സുഡാനിലെ യുദ്ധം കാരണം ടാൻസാനിയയിലെ ക്യാംപിലേക്കു പലായനം ചെയ്ത കുടുംബത്തിലാണു നെസ്റ്റോറി ഇരങ്കുണ്ട എന്ന വണ്ടർ കിഡിന്റെ ജനനം. ഇംഗ്ലിഷ് ക്ലബ് വാറ്റ്‌ഫോർഡിൽ, അസാധ്യ വേഗവും ഡ്രിബ്ലിങ്ങുമായി നിറയുന്ന ഇരുപതുകാരൻ നെസ്റ്റോറി, ഓസ്‌ട്രേലിയൻ ജഴ്സിയിൽ ആദ്യ ലോകകപ്പിന്റെ ആവേശത്തിലാണ്. ‘‘ജീവിതം എവിടെ തുടങ്ങുന്നു എന്നതല്ല, എന്തെല്ലാം നേടാനാകും എന്നതാണ് പ്രധാനം’’ എന്നാണു ഗിനിയൻ അഭയാർഥി ക്യാംപിൽ ജനിച്ച മുഹമ്മദ് ടൂറേയുടെ വാക്കുകൾ. ഇംഗ്ലിഷ് ക്ലബ് നോർവിച്ച് സിറ്റിയുടെ ഫോർവേഡാണ് ഇരുപത്തിരണ്ടുകാരൻ ടൂറേ. ആദ്യ ലോകകപ്പിൽ ഓസ്‌ട്രേലിയൻ ജഴ്സിയിൽ കളത്തിലിറങ്ങും.

 Harry How / GETTY IMAGES NORTH AMERICA / Getty Images via AFP

മുഹമ്മദ് ടുറെ. Photo: Harry How / GETTY IMAGES NORTH AMERICA / Getty Images via AFP

ബോസ്നിയൻ യുദ്ധത്തെ തുടർന്നു നാലാം വയസ്സിൽ പലായനം ചെയ്യേണ്ടി വന്നു അസ്മിർ ബെഗോവിച്ചിന്. ഇംഗ്ലിഷ് ക്ലബ് ലെസ്റ്റർ സിറ്റിയുടെ വിശ്വസ്ത ഗോൾകീപ്പറായ മുപ്പത്തിയെട്ടുകാരൻ ബെഗോവിച്ച്, ബോസ്നിയൻ താരമാണ്. ബോസ്നിയൻ യുദ്ധകാലത്തു ജർമനിയിലേക്ക് രക്ഷപ്പെട്ട അഭയാർഥികളുടെ മകനാണ് എർമെദിൻ ദെമിറോവിച്ച്. ജർമൻ ക്ലബ് വിഎഫ്ബി സ്റ്റട്ട്ഗാർട്ടിന്റെ ക്ലിനിക്കൽ സ്ട്രൈക്കറായ ഇരുപത്തിയെട്ടുകാരൻ ദെമിറോവിച്ച് ആദ്യ ലോകകപ്പിൽ ബോസ്നിയയ്ക്കായി പന്തുതട്ടും.

ടാൻസാനിയയിലെ ക്യാംപിൽ മുഴുപട്ടിണിയിൽ 14 വർഷം കഴിഞ്ഞ ശേഷമാണ് ബെർണാഡ് കമുംഗോ അമേരിക്കയിലേക്കു കുടിയേറിയത്. പിന്നീട് എഫ്സി ഡല്ലാസിന്റെ മിടുക്കൻ വിങ്ങറായ ഇരുപത്തിനാലുകാരൻ കമുംഗോ യുഎസ് താരമാണ്. 11-ാം വയസ്സിൽ നൈജീരിയയിലെ കലാപത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട് ലണ്ടനിൽ അഭയാർഥിയായി എത്തിയതാണു വിക്ടർ മോസസ്. കസഖ്സ്ഥാന്റെ എഫ്സി കൈസാർ താരവും മുൻ ചെൽസി സൂപ്പർസ്റ്റാറുമായ മുപ്പത്തിയഞ്ചുകാരൻ മോസസ് നൈജീരിയൻ താരമാണ്.

വിശപ്പ് മാറ്റണേയെന്നു പ്രാർഥിച്ച കുട്ടികളായിരുന്നു ഇവരിൽ പലരും. ഇന്നു ആരാധകരുടെ ആർപ്പുവിളികളാണു ചുറ്റും. പലായനത്തിൽനിന്ന് സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള യാത്ര. ഈ താരങ്ങൾ കളം നിറയുമ്പോൾ ദശലക്ഷക്കണക്കിനു കുട്ടികളുടെ മോഹങ്ങൾക്കാണു നിറം ചാർത്തുന്നത്. ചില പന്താട്ടങ്ങൾ ഗോളിനു മാത്രമല്ല, മനുഷ്യരുടെ തലവര മാറ്റാൻ കൂടിയാണ്!

English Summary:

Refugee footballers are inspiring millions by overcoming hardship and achieving greatness successful the satellite of football. These athletes, who were erstwhile refugees oregon fled conflict, are present planetary stars, proving that accidental and resilience tin pb to bonzer occurrence connected and disconnected the field.

Read Entire Article