വെറും ‘കണ്ണുംപൂട്ടി അടിയല്ല’, പിന്തുടരുന്നത് സേവാഗിന്റെ ആ രീതി; വൈഭവിനെ ‘ഡേഞ്ചറസ്’ ആക്കുന്ന 4 ഘടകങ്ങൾ

2 months ago 7

ബിഹാറിൽ എല്ലാം നേരത്തേയാണ്. മനുഷ്യൻ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിത്തുടങ്ങുന്നതിനു മുൻപേ ലോകത്തെ ആദ്യ സർവകലാശാലകളിൽ ഒന്നായ നാളന്ദയ്ക്ക് ബിഹാർ ഇടമൊരുക്കി. സിദ്ധാർഥ ഗൗതമൻ എന്ന സാധാരണ മനുഷ്യനെ മുപ്പത്തിയഞ്ചാം വയസ്സിൽ ജ്ഞാനോദയം നൽകി ശ്രീബുദ്ധനാക്കിമാറ്റിയതും ബിഹാറിന്റെ മണ്ണാണ്. ആ നാട്ടിൽനിന്നു വരുന്നതിനാലാകാം കാലത്തിനും പ്രായത്തിനും മുൻപേ നടക്കാനാണ് വൈഭവ് സൂര്യവംശിക്കും ഇഷ്ടം!

കഴിഞ്ഞ സീസൺ ഐപിഎലിൽ പതിനാലുകാരൻ വൈഭവ് ബാറ്റിങ്ങിന് ഇറങ്ങുമ്പോൾ ക്രിക്കറ്റ് ലോകത്തിനു മുഴുവൻ കൗതുകമായിരുന്നു. വൺ സീസൺ വണ്ടറിന് അപ്പുറത്തേക്ക് വൈഭവിന്റെ ‘അദ്ഭുതപ്രവർത്തികൾക്ക്’ ആയുസ്സില്ലെന്ന് പലരും കരുതി. ആ വിമർശനങ്ങൾക്കും വെല്ലുവിളികൾക്കുകൾക്കും നടുവിലേക്കാണ് ഈ സീസണിൽ പതിനഞ്ചുകാരൻ താരം കളത്തിലിറങ്ങിയത്. ചെന്നൈയ്ക്കെതിരായ ആദ്യ മത്സരത്തിൽ തന്നെ, ഐപിഎൽ ചരിത്രത്തിലെ മൂന്നാമത്തെ വേഗമേറിയ അർധ സെഞ്ചറി (15 പന്തിൽ) സ്വന്തമാക്കിയ ശേഷം വിമർശകരോടായി ആ ബിഹാറുകാരൻ പറയാതെ പറഞ്ഞു, ഈ വൈഭവം തുടരും!

പവർപ്ലേ ബോയ്‘എന്തു സംഭവിച്ചാലും ഈ സീസണിലെ 14 മത്സരങ്ങളിലും നീ തന്നെയാകും ടീമിന്റെ ഓപ്പണർ’ എന്നാണ് ആദ്യ മത്സരത്തിനു മുൻപ് രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗ്, വൈഭവിനു നൽകിയ ഉറപ്പ്. ക്യാപ്റ്റൻ നൽകിയ ഈ ആത്മവിശ്വാസമാണ് വൈഭവിന്റെ കുതിപ്പിനുള്ള ഊർജം. പവർപ്ലേയിൽ പരമാവധി റൺ കണ്ടെത്തുകയെന്നതാണ് വൈഭവിനെ ടീം ഏൽപിച്ചിരിക്കുന്ന ദൗത്യം. നേരിടുന്ന ആദ്യ പന്തുമുതൽ അടിച്ചുതകർക്കാൻ വൈഭവ് തീരുമാനിക്കുന്നതിനു പിന്നിലെ കാരണവും ഇതുതന്നെ. പ്രായത്തെ വെല്ലുന്ന പവർഹിറ്റിങ്ങിന് വൈഭവിനെ സഹായിക്കുന്നത് പ്രധാനമായും 4 ഘടകങ്ങളാണ്; ബാറ്റ് സ്പീഡ്, ഷോട്ട് സിലക്‌ഷൻ, ബോളർമാർക്കു മേലുള്ള മാനസികാധിപത്യം, വേഗമേറിയ പന്തുകൾ നേരിടാനുള്ള മിടുക്ക്.

ബാറ്റ് സ്പീഡ്

വെസ്റ്റിൻഡീസ് താരങ്ങളുടേതിനു സമാനമായ ബാറ്റ് സ്പീഡാണ് വൈഭവിന്റേത്. വളരെ ഉയരത്തിലുള്ള ബാറ്റ് ലിഫ്റ്റും അതിവേഗത്തിലുള്ള ബാറ്റ് സ്വിങ്ങും പന്തിന്റെ ലെങ്ത് കൃത്യമായി മനസ്സിലാക്കാനുള്ള കഴിവുമാണ് വൈഭവിന്റെ ഷോട്ടുകൾക്ക് കരുത്തേകുന്നത്. ടൈമിങ്ങിനെക്കാൾ ബാറ്റ് സ്പീഡിനും പവർ ഹിറ്റിങ്ങിനുമാണ് വൈഭവ് പ്രാധാന്യം നൽകുന്നത്.

ഷോട്ട് സിലക്‌ഷൻ‘കണ്ണുംപൂട്ടി അടിക്കുന്നതിനു’ പകരം ഓരോ പന്തിന്റെയും മെറിറ്റിന് അനുസരിച്ചുള്ള ഷോട്ട് സിലക്‌ഷനാണ് വൈഭവിന്റെ പ്രത്യേകത. സ്ലോഗ് ഷോട്ടുകളിലെ കൃത്യതയ്ക്കൊപ്പം ഓഫ് സൈഡിൽ, പ്രത്യേകിച്ച് കവർ, പോയിന്റ് ഏരിയയിൽ സ്കോർ ചെയ്യാനുള്ള ‘വൈഭവം’ ഈ പതിനഞ്ചുകാരനുണ്ട്. വിക്കറ്റിന്റെ ഇരുഭാഗത്തും റൺ കണ്ടെത്താനുള്ള കഴിവ് വൈഭവിനെ കൂടുതൽ അപകടകാരിയാക്കുന്നു.

മാനസികാധിപത്യംനേരിടുന്ന ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടി, ബോളറുടെ മേൽ മാനസികാധിപത്യം നേടുന്നതാണ് വൈഭവ് സ്റ്റൈൽ. ഓവറിലെ ആദ്യ പന്തിൽ തന്നെ ബോളറെ സമ്മർദത്തിലാക്കുന്ന വൈഭവിന്റെ കൗണ്ടർ അറ്റാക്ക് രീതി വിരേന്ദർ സേവാഗിനെ ഓർമിപ്പിക്കുന്നു. ചെന്നൈയ്ക്കെതിരായ മത്സരത്തിൽ, സീനിയർ പേസർ മാറ്റ് ഹെൻറിയുടെ ആദ്യ പന്തിൽ തന്നെ പുൾ ഷോട്ടിന് വൈഭവ് ശ്രമിക്കാനുള്ള കാരണവും ഇതു തന്നെ.

പേടിയില്ല, പേസ്ഇന്ത്യൻ ബാറ്റർമാരെ പലപ്പോഴും വിദേശ പേസർമാർ കുരുക്കുന്നത് വേഗമേറിയ പന്തുകൾ ഉപയോഗിച്ചാണ്. എന്നാൽ നന്നേ ചെറുപ്പത്തിലേ വേഗമേറിയ പന്തുകൾ കളിച്ചുശീലിച്ച വൈഭവിന് പേസ് കാര്യമായ വെല്ലുവിളിയല്ല. രാജസ്ഥാൻ ക്യാംപിലെ പരിശീലന സെഷനിൽ വൈഭവ് ഏറ്റവും കൂടുതൽ നേരിട്ടത് ഇംഗ്ലിഷ് പേസർ ജോഫ്ര ആർച്ചറിന്റെ പന്തുകളാണ്. ആർച്ചറിന്റെ പേസും ബൗൺസും നേരിട്ടു ശീലിച്ച വൈഭവിനെ, പേസിൽ പേടിപ്പെടുത്തുക എളുപ്പമല്ല.

ഇന്ത്യ വിളിക്കുന്നുഐപിഎലിനു പിന്നാലെ അണ്ടർ 19 ലോകകപ്പിലും ആഭ്യന്തര ക്രിക്കറ്റിലും അസാമാന്യ പ്രകടനവുമായി അരങ്ങുവാണ വൈഭവ് എപ്പോൾ ഇന്ത്യയുടെ സീനിയർ ടീമിൽ എത്തുമെന്നായിരുന്നു ആരാധകർക്ക് അറിയേണ്ടത്. ഐസിസി നിയമപ്രകാരം ദേശീയ ടീമിൽ കളിക്കണമെങ്കിൽ 15 വയസ്സ് പൂർത്തിയാകണം. കഴിഞ്ഞ ദിവസം 15–ാം പിറന്നാൾ ആഘോഷിച്ച വൈഭവ്, നിയമത്തിന്റെ കുരുക്കഴിച്ചു. ഇനി തീരുമാനിക്കേണ്ടത് ബിസിസിഐയാണ്.

English Summary:

Vaibhav Sooryavanshi is simply a young Indian cricketer who has captured attraction successful IPL 2026 with his assertive batting benignant astatine a young age. Despite aboriginal criticism, helium has silenced doubters with awesome performances, including a accelerated 50 successful his debut season.

Read Entire Article