ഗുവാഹത്തി ∙ സഞ്ജു സാംസൺ കളിച്ച അതേ പിച്ചിൽ തന്നെയാണോ ബാക്കി ബാറ്റർമാർ കളിച്ചത്? ഇന്ത്യയുടെ ബാറ്റിങ് കണ്ടപ്പോൾ അതു മാത്രമായിരുന്ന സംശയം. സഞ്ജു ഒഴികെ ഇറങ്ങിയ ബാറ്റർമാരെല്ലാം നിറഞ്ഞാടിയപ്പോൾ ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. കിവീസ് ഉയർത്തിയ 154 റൺസ് വിജയലക്ഷ്യം വെറും 10 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. എട്ടു വിക്കറ്റ് ജയത്തോടെ ട്വന്റി20 പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. ഇന്ത്യയ്ക്കായി അഭിഷേക് ശർമയും (20 പന്തിൽ 68*), ക്യാപ്റ്റൻ സൂര്യകുമാർ യാദവും (26 പന്തിൽ 57*) അർധസെഞ്ചറി നേടി. 150 റൺസിനു മുകളിലുള്ള വിജയലക്ഷ്യം ഏറ്റവുമധികം ബോളുകൾ ബാക്കിയാക്കി വിജയിക്കുന്നതിൽ ഇതോടെ ഇന്ത്യ ഒന്നാമതായി. 60 പന്തുകൾ ബാക്കിയാക്കിയാണ് ഇന്ത്യയുടെ വിജയം
മറുപടി ബാറ്റിങ്ങിൽ, ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ സഞ്ജു സാംസൺ പുറത്തായി. മാറ്റ് ഹെൻറിയുടെ കിടിലൻ പന്തിൽ സഞ്ജു ക്ലീൻ ബോൾഡാകുകയായിരുന്നു. ട്വന്റി20യിൽ ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ പുറത്താകുന്ന നാലാമത്തെ ഇന്ത്യൻ ബാറ്ററാണ് സഞ്ജു. കെ.എൽ.രാഹുൽ, പൃഥ്വി ഷാ, രോഹിത് ശർമ എന്നിവരാണ് ഇതിനു മുൻപ് ഇങ്ങനെ ഔട്ടായവർ. ഇതൊഴിച്ചാൽ മിന്നൽ വേഗത്തിലായിരുന്നു ഇന്ത്യയുടെ ബാറ്റിങ്. മൂന്നാമനായി ഇറങ്ങിയ ഇഷാൻ കിഷൻ (13 പന്തിൽ 28) കഴിഞ്ഞ മത്സരത്തിലെ അതേ ഫോം തുടർന്നപ്പോൾ ഇന്ത്യൻ സ്കോർബോർഡ് കുതിച്ചുപാഞ്ഞു. രണ്ടു സിക്സും മൂന്നു ഫോറുമായി ഇഷാൻ തകർത്തടിച്ചതോടെ മൂന്നാം ഓവറിൽ ഇന്ത്യ 49 റൺസിലെത്തി. നാലാം ഓവറിൽ ഇഷ് സോദി ഇഷാനെ പുറത്താക്കിയെങ്കിലും ക്യാപ്റ്റൻ സൂര്യകുമാർ ക്രീസിലെത്തിയതോടെ അഭിഷേക് ശർമ ടോപ് ഗിയറിലായി.
പിന്നീട് വെറുതെ ബോൾ എറിഞ്ഞുകൊടുക്കുന്ന ചുമതല മാത്രമേ കിവീസ് ബോളർമാർക്കുണ്ടായിരുന്നുള്ളൂ. ഇരു ബാറ്റർമാരും തലങ്ങും വിലങ്ങും പ്രഹരിച്ചതോടെ ബോളർമാർ ഫുൾടൈം എയറിലായി. വെറും 14 പന്തിലാണ് അഭിഷേക് അർധസെഞ്ചറി നേടിയത്. ട്വന്റി20 ഒരു ഇന്ത്യൻ ബാറ്ററുടെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചറിയാണിത്. 12 പന്തിൽ ഫിഫ്റ്റിയടിച്ച അഭിഷേകിന്റെ ‘ആശാൻ’ യുവരാജാണ് ഒന്നാമത്. പവർപ്ലേ അവസാനിക്കുമ്പോൾ 2 ന് 94 എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ത്യയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ പവർപ്ലേ സ്കോറാണിത്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനെതിരെ നേടിയ 1ന് 95 ആണ് ഒന്നാമത്.
അഭിഷേകിന് ഉറച്ചു പിന്തുണയുമായി ക്യാപ്റ്റൻ സൂര്യകുമാർ യാദവും കളം നിറഞ്ഞതോടെ ഇന്ത്യ അതിവേഗം ജയത്തിലേക്കു കുതിച്ചു. പത്താം ഓവറിലെ അഞ്ചാം പന്തിൽ തുടർച്ചയായ തന്റെ രണ്ടാം അർധസെഞ്ചറി തികച്ച സൂര്യകുമാർ യാദവ്, തൊട്ടടുത്ത പന്തിൽ ഇന്ത്യയുടെ വിജയറൺ നേടുകയും ചെയ്തു. ആകെ അഞ്ച് സിക്സും ഏഴു ഫോറുമടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിങ്സ്. സൂര്യകുമാർ യാദവ് മൂന്നു സിക്സും ആറു ഫോറും പറത്തി.
ബുമ്ര, ബിഷ്ണോയ് റിട്ടേൺസ്!
ഒരു വർഷത്തിനു ശേഷം ട്വന്റി20 ടീമിലേക്ക് തിരിച്ചെത്തിയ രവി ബിഷ്ണോയി, ഒരു മത്സരത്തിന്റെ ഇടവേളയിൽ ടീമിലേക്ക് എത്തിയ ജസ്പ്രീത് ബുമ്ര; ബോളർമാർ ഒത്തുപിടിച്ചപ്പോൾ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ന്യൂസീലൻഡിനെ ചെറിയ സ്കോറിലൊതുക്കി ഇന്ത്യ. ആദ്യം ബാറ്റു ചെയ്ത കിവീസ്, നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിലാണ് 153 റൺസെടുത്തത്. 48 റൺസെടുത്ത് ഗ്ലെൻ ഫിലിപ്സാണ് ന്യൂസീലൻഡിന്റെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര മൂന്നു വിക്കറ്റെടുത്തപ്പോൾ രവി ബിഷ്ണോയ്, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഹർഷിത് റാണ ഒരു വിക്കറ്റെടുത്തപ്പോൾ ഒരാൾ റണ്ണൗട്ടായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡിനെ തുടക്കം മുതൽ പിഴച്ചു. ആദ്യ ഓവറിൽ തന്നെ ഓപ്പണർ ഡെവൺ കോൺവെയെ(2 പന്തിൽ 1) അവർക്കു നഷ്ടമായി. ഹർഷിത് റാണയുടെ പന്തിൽ കിടിലൻ ക്യാച്ചിലൂടെ ഹാർദിക് പാണ്ഡ്യയാണ് കോൺവെയെ കൈയ്യിലൊതുക്കിയത്. രണ്ടാം ഓവറിൽ, മൂന്നാമനായി ഇറങ്ങിയ രചിൻ രവീന്ദ്രയുടെ (5 പന്തിൽ 4) വിക്കറ്റ് ഹാർദിക് പാണ്ഡ്യയും വീഴ്ത്തി. പവർപ്ലേ അവസാനിക്കുന്നതിനു തൊട്ടുമുൻപ് മറ്റൊരു ഓപ്പണർ ടിം സീഫെർട്ടിന്റെ വിക്കറ്റ് ജസ്പ്രീത് ബുമ്രയും തെറിപ്പിച്ചു. പവർപ്ലേ തീരുമ്പോൾ 3ന് 36 എന്ന നിലയിലായിരുന്നു കിവീസ്. ഈ പരമ്പരയിൽ ഇതുവരെയുള്ളതിൽ ഏറ്റവും ചെറിയ പവർപ്ലേ സ്കോറാണിത്.
നാലാം വിക്കറ്റിൽ ഒന്നിച്ച ഗ്ലെൻ ഫിലിപ്സ്(40 പന്തിൽ 48)–മാർക് ചാപ്മാൻ (23 പന്തിൽ 32) സഖ്യമാണ് ന്യൂസീലൻഡിനെ വലിയ തകർച്ചയിൽനിന്നു കരകയറ്റിയത്. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 52 റൺസാണ് കൂട്ടിച്ചേർത്തത്. 9–ാം ഓവറിൽ കുൽദീപ് യാദവിനെതിരെ 19 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. 12–ാം ഓവറിൽ ചാപ്മാനെ സഞ്ജു സാംസന്റെ കൈകളിൽ എത്തിച്ച് രവി ബിഷ്ണോയ് ആണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയ ഡാരിൽ മിച്ചൽ(8 പന്തിൽ 14) ഒരു സിക്സും ഒരു ഫോറുമായി നന്നായി തുടങ്ങിയെങ്കിലും 15–ാം ഓവറിൽ ഹാർദിക് പാണ്ഡ്യ മിച്ചലിനെ പുറത്താക്കി.
തൊട്ടടുത്ത ഓവറിൽ ഗ്ലെൻ ഫിലിപ്സിനെ രവി ബിഷ്ണോയിയും വീഴ്ത്തി. 4 ഓവറിൽ വെറും 18 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റെടുത്താണ് ബിഷ്ണോയ് ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കിയത്. പിന്നീടെത്തിയ ക്യാപ്റ്റൻ മിച്ചൽ സാന്റ്നറുടെ (17 പന്തിൽ 27) ബാറ്റിങ്ങാണ് ന്യൂസീലൻഡ് സ്കോർ 150 കടത്തിയത്. കൈൽ ജാമിസൻ 3 റൺസെടുത്തും മാറ്റ് ഹെൻറി ഒരു റൺസെടുത്തും പുറത്തായപ്പോൾ ഇഷ് സോദി (2*), ജേക്കബ് ഡഫി (4*) എന്നിവർ പുറത്താകാതെ നിന്നു.
∙ രണ്ടു മാറ്റം
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് കിവീസിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. രണ്ടു മാറ്റങ്ങളുമായാണ് ടീം ഇന്ത്യ മൂന്നാം മത്സരത്തിന് ഇറങ്ങിയത്. പേസർ അർഷ്‌ദീപ് സിങ്ങിനും സ്പിന്നർ വരുൺ ചക്രവർത്തിക്കും വിശ്രമം അനുവദിച്ചപ്പോൾ പേസർ ജസ്പ്രീത് ബുമ്ര ടീമിലേക്ക് തിരിച്ചെത്തി. വരുണിനു പകരം രവി ബിഷ്ണോയ്ക്കും ഇടം ലഭിച്ചു. ന്യൂസീലൻഡ് ടീമിൽ ഒരു മാറ്റമുണ്ട്. കൈൽ ജാമിസൻ ടീമിലേക്കു തിരിച്ചെത്തിയപ്പോൾ സക്കറി ഫൗക്സ് പുറത്തായി.
English Summary:







English (US) ·