Published: February 18, 2026 09:22 AM IST
1 minute Read
ജയ്പുർ ∙ ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലേക്ക് നയിച്ചതിനു ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി ചുമതലയേറ്റ ഗൗതം ഗംഭീറിന് ഐപിഎലിലേക്ക് തിരികെപോകാന്‍ ഒരു വമ്പൻ ഓഫർ. ഇത്തവണ ഐപിഎൽ ഫ്രഞ്ചൈസിയായ രാജസ്ഥാൻ റോയൽസാണ് ഗംഭീറിനെ ടീമിനൊപ്പം പ്രവർത്തിക്കാൻ ക്ഷണിച്ചത്. രാജസ്ഥാൻ ഫ്രാഞ്ചൈസിയുടെ മൂന്നു പുതിയ പങ്കാളികളിൽ ഒരാൾ ഗംഭീറിനെ ‘ട്രിപ്പിൾ’ റോളിലേക്കാണ് ക്ഷണിച്ചതെന്നാണ് വിവരം. രാജസ്ഥാന്‍ റോയൽസിന്റെ സിഇഒ, മെന്‍റര്‍, പാര്‍ട്ണര്‍ എന്നീ പദവികൾ ഗംഭീറിനു നൽകാമെന്നാണ് വാഗ്ദാനം.
‘‘രാജസ്ഥാൻ റോയൽസിന്റെ ഭൂരിഭാഗം ഓഹരി ഉടമകളും അവരുടെ ഓഹരികൾ പുതിയ ഉടമകൾക്ക് വിൽക്കുകയാണ്. കരാർ നിലവിൽ കൈമാറ്റം ചെയ്യാവുന്ന അവസ്ഥയിലാണ്. രാജസ്ഥാൻ റോയൽസിന്റെ പുതിയ മാനേജ്‌മെന്റിലെ ഒരു ഉടമ ഗംഭീറിന് സിഇഒ, മെന്റർ എന്നീ സ്ഥാനങ്ങൾക്ക് പുറമേ രണ്ടു മുതൽ മൂന്നു ശതമാനം വരെ ഓഹരി പങ്കാളിത്തവും വാഗ്ദാനം ചെയ്തിട്ടുണ്ട്.’’– റിപ്പോർട്ടിൽ പറയുന്നു.
ഐപിഎലില്‍ മികച്ച റെക്കോര്‍ഡുള്ള ആളാണ് ഗൗതം ഗംഭീര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ നായകനായിരുന്ന കാലത്ത് രണ്ടു തവണ ടീം കിരീടം നേടിയിരുന്നു. ലക്നൗ സൂപ്പര്‍ ജയന്‍റ്സില്‍ മെന്‍ററായിരുന്ന രണ്ടു സീസണിലും ടീം പ്ലേഓഫിലേക്ക് എത്തി. തുടർന്ന് കൊൽക്കത്തയുടെ മെന്ററായപ്പോൾ ടീം വീണ്ടും കിരീടം നേടി. എന്നാൽ ഐപിഎലിലേക്ക് ഗംഭീറിന് തിരികെ വരണമെങ്കില്‍ ഇന്ത്യന്‍ ടീമിന്‍റെ പരിശീലക സ്ഥാനം രാജിവയ്ക്കേണ്ടി വരും. ലോധ കമ്മിറ്റി നിര്‍ദേശം അടിസ്ഥാനമാക്കിയുള്ള സുപ്രീംകോടതി വിധി പ്രകാര ദേശിയ ടീമിന്‍റെ ഭാഗമായിരിക്കുമ്പോള്‍ ഒരാൾക്ക് ഐപിഎല്‍ ടീമില്‍ സ്ഥാനമാനങ്ങള്‍ വഹിക്കാന്‍ സാധിക്കില്ല. അതിനാല്‍ ഗംഭീര്‍ ഇന്ത്യന്‍ ടീമിനൊപ്പം തുടരാനാണ് സാധ്യത. 2024 ജൂലൈ മുതല്‍ ഇന്ത്യന്‍ ടീമിന്‍റെ പരിശീലക സ്ഥാനത്തുള്ള ഗംഭീറിന് 2027 ഏകദിന ലോകകപ്പ് വരെ ബിസിസിഐയുമായി കരാറുണ്ട്.
ഇന്ത്യന്‍– ബ്രിട്ടിഷ് വ്യവസായിയായ മനോജ് ബാഡ്‍ലെയുടെ എമേര്‍ജിങ് മീഡിയയ്ക്ക് രാജസ്ഥാന്‍ റോയല്‍സില്‍ 65 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. റെഡ്ബേര്‍ഡ് ക്യാപ്റ്റല്‍, ലാച്ലാൻ മർഡോക്ക് എന്നിവര്‍ക്കും ടീമില്‍ ഓഹരി പങ്കാളിത്തമുണ്ട്. പ്രധാന ഓഹരി ഉടമകള്‍ ഓഹരി വില്‍ക്കുന്നതോടെ ഫ്രാഞ്ചൈസിയുടെ തലപ്പത്ത് ഉടന്‍ പുതിയമുഖങ്ങളുണ്ടാകും എന്നാണ് വിവരം.
English Summary:







English (US) ·