ന്യൂചണ്ഡീഗഡ്∙ വെസ്റ്റിൻഡീസ് ഇതുവരെ ഇന്ത്യയ്ക്കെതിരെ ചേസിങ്ങിൽ 300 റൺസിനു മുകളിൽ വിജയലക്ഷ്യം പിന്തുടർന്നു ജയിച്ചിട്ടുണ്ടായിരുന്നില്ല. എന്നാൽ ഷായ് ഹോപ് എന്ന ക്യാപ്റ്റന്റെ ഉറച്ച തീരുമാനത്തിനു മുന്നില്‍ ഇന്ത്യയുടെ പ്രതീക്ഷകൾ നഷ്ടമായി. മൂന്നാം ഏകദിനത്തിൽ വെസ്റ്റിൻഡീസിന് അഞ്ച് വിക്കറ്റ് വിജയം. ഇന്ത്യയുയർത്തിയ 352 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 48.2 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് വിജയത്തിലെത്തിയത്. പരുക്കേറ്റിട്ടും പതറാതെ സെഞ്ചറി നേടി മുന്നിൽനിന്നു നയിച്ച ക്യാപ്റ്റൻ ഷായ് ഹോപാണ് വിൻഡീസിന്റെ വിജയ ശിൽപി. 2023ന് ശേഷം ആദ്യമായാണ് വെസ്റ്റിൻഡീസ് ഒരു ഏകദിന പോരാട്ടത്തിൽ ഇന്ത്യയെ തോൽപിക്കുന്നത്.
What you should work next
ഓപ്പണറായി അവസാന ഓവർ വരെ ബാറ്റിങ് തുടർന്ന ക്യാപ്റ്റൻ ഷായ് ഹോപിന്റെ പോരാട്ടമാണ് വിൻഡീസിന് ആശ്വാസ വിജയം സമ്മാനിച്ചത്. 143 പന്തുകൾ നേരിട്ട ഷായ് ഹോപ് മൂന്ന് സിക്സുകളും 17 ഫോറുകളുമായി 162 റൺസെടുത്തു പുറത്താകാതെനിന്നു. വിൻഡീസ് ബാറ്റർ ആമിർ ജാങ്കൂ അർധ സെഞ്ചറി നേടി. 56 പന്തുകൾ നേരിട്ട താരം 67 റൺസാണെടുത്തത്. കീമോ പോൾ (35 പന്തിൽ 44), ഷെർഫെയ്ന്‍ റുഥർഫോഡ് (25 പന്തിൽ 24) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി. അവസാന അഞ്ചോവറിൽ 56 റൺസായിരുന്നു വെസ്റ്റിൻഡീസിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. ഷായ് ഹോപിനൊപ്പം ഗുഡകേഷ് മോട്ടിയും (14 പന്തിൽ 19) ബൗണ്ടറികൾ കണ്ടെത്തിയതോടെയാണ് ത്രില്ലര്‍ പോരാട്ടത്തിൽ വിൻഡീസ് ജയിച്ചു കയറിയത്. ഇതോടെ പരമ്പര 2–1 എന്ന നിലവിൽ അവസാനിപ്പിക്കാൻ വെസ്റ്റിൻഡീസിനു സാധിച്ചു. ആദ്യ രണ്ടു മത്സരങ്ങള്‍ വിജയിച്ച ഇന്ത്യ നേരത്തേ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ്, ഗുർനൂർ ബ്രാർ, കുൽദീപ് യാദവ്, നമൻ ധീർ എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.
രാഹുലിന് സെഞ്ചറി 350 കടന്ന് ഇന്ത്യ
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിൽ 351 റൺസെടുത്തു. 87 പന്തുകൾ നേരിട്ട രാഹുൽ ആറു സിക്സുകളും 10 ഫോറുകളും ബൗണ്ടറി കടത്തി 129 റൺസുമായി പുറത്താകാതെനിന്നു. രാഹുലിന്റെ ഏകദിന കരിയറിലെ ഉയർന്ന സ്കോറാണിത്. രോഹിത് ശർമ (85 പന്തിൽ 92), ഋതുരാജ് ഗെയ്ക്‌വാദ് (69 പന്തില് 57) എന്നിവർ അർധ സെഞ്ചറികൾ നേടി.
മത്സരത്തിൽ ഇന്ത്യയ്ക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. മൂന്നു റൺസെടുത്തു നിൽക്കി ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെയും തൊട്ടുപിന്നാലെ വിരാട് കോലിയെയും ഇന്ത്യയ്ക്കു നഷ്ടമായി. പേസർ ജെയ്ഡൻ സീൽസിന്റെ മൂന്നാം ഓവറിലാണ് തുടർച്ചയായ പന്തുകളിൽ ഇരുവരും പുറത്തായത്. എന്നാൽ രോഹിത് ശർമയും ഋതുരാജ് ഗെയ്‍ക്‌വാദും താളം കണ്ടെത്തിയതോടെ ഇന്ത്യയ്ക്കു തിരിഞ്ഞുനോക്കേണ്ടിവന്നില്ല. രോഹിത് ശർമ 58 പന്തുകളിൽ 50 പിന്നിട്ടപ്പോൾ ഗെയ്ക്‌വാദ് 64 പന്തുകളിൽനിന്നും അർധ സെഞ്ചറി തികച്ചു.
സ്കോർ 141 ൽ നിൽക്കെ, 92 റൺസെടുത്ത രോഹിത് ശർമയെ കീമോ പോൾ, ജുവൽ ആൻഡ്രുവിന്റെ കൈകളിലെത്തിച്ചു. ട്രേഡ് മാർക്കായ പുൾ ഷോട്ട് കളിക്കാനുള്ള ശ്രമത്തിനിടെ ഡീപ് മിഡ്‍വിക്കറ്റിലേക്ക് ഉയർന്ന പന്ത് ആന്‍ഡ്രു പിടിച്ചെടുക്കുകയായിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചറി തികയ്ക്കാനുള്ള അവസരം എട്ടു റൺസ് അകലെ രോഹിത് ശർമയ്ക്കു നഷ്ടമായി. രോഹിതിനു പിന്നാലെ ഋതുരാജിനെ കാംബെലിന്റെ കൈകളിലെത്തിച്ച് ജെയ്ഡൻ സീൽസ് വിക്കറ്റ് നേട്ടം മൂന്നാക്കി ഉയർത്തി.
മധ്യനിരയിൽ കെ.എൽ. രാഹുലിനൊപ്പം നമന്‍ ധീറും നിലയുറപ്പിച്ചതോടെ 33.2 ഓവറിലാണ് ഇന്ത്യ 200 കടന്നത്. 21 പന്തിൽ 30 റൺസെടുത്ത നമൻ ധീറിനെ സ്പിന്നർ ഗുഡകേഷ് മോട്ടി ജുവൽ ആന്‍ഡ്രുവിന്റെ കൈകളിലെത്തിച്ചു. പിന്നാലെയെത്തിയ നിതീഷ് കുമാർ റെഡ്ഡിക്ക് (ഒൻപത്) തിളങ്ങാൻ സാധിച്ചില്ല. വാലറ്റക്കാരെ കൂട്ടുപിടിച്ചാണ് കെ.എൽ. രാഹുൽ ഇന്ത്യൻ സ്കോർ 300 കടത്തിയത്. 80 പന്തുകളിൽനിന്നാണ് രാഹുൽ 100 പിന്നിട്ടത്. അവസാന ഓവറുകളിൽ താരം തകർത്തടിച്ചതോടെ ഇന്ത്യൻ സ്കോർ 350 ൽ എത്തി.
English Summary:






English (US) ·