Published: January 31, 2026 10:12 AM IST Updated: January 31, 2026 10:26 AM IST
1 minute Read
ബെംഗളൂരു ∙ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ്‌യുടെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണ് വ്യവസായ ലോകം. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് സാമ്രാജ്യങ്ങളിലൊന്നിന്റെ ഉടമയായ റോയ്, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം, എന്റർടെയിൻമെന്റ് (സിനിമകൾ, ടിവി സ്പോൺസർഷിപ്പുകൾ), ബിൽഡിങ് മെറ്റീരിയൽസ്, ഏവിയേഷൻ, ഹെൽത്ത് മേഖലകളിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. മാത്രമല്ല കായികപ്രേമി കൂടിയ റോയ്, ക്രിക്കറ്റ്, ഗോൾഫ് തുടങ്ങിയ കായികമേഖലകളിലും നിക്ഷേപം നടത്തി.
ബെംഗളൂരുവിൽ 3000 കോടിയുടെ സയൺ ഹിൽസ് ഗോൾഫ് കൗണ്ടി പദ്ധതി ഒരു രൂപ പോലും കടമില്ലാതെയാണ് കോൺഫിഡന്റ് ഗ്രൂപ്പ് പൂർത്തിയാക്കിയത്. ഏതാനും മാസം മുൻപാണ് ബെംഗളൂരുവിൽ 330 ഏക്കറിൽ നിർമിക്കുന്ന ഗോൾഫ് കോഴ്സും അതിനോടു ചേർന്ന വില്ലകളേയും കുറിച്ച് റോയ് മാധ്യമങ്ങളോട് സംസാരിച്ചത്. ബെംഗളൂരുവിൽനിന്ന് 60 മിനിറ്റ് സഞ്ചരിച്ചാൽ എത്തുന്ന സ്ഥലത്ത് നിർമിക്കുന്ന ഗോൾഫ് കോഴ്സിന്റെ പുറംഭിത്തി മാത്രം 10 ഏക്കറിലാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇവിടെ വെള്ളത്തിന്റെ ആവശ്യത്തിനായി 13 തടാകങ്ങൾ ഉണ്ടാക്കിയെന്നും വായ്പ എടുക്കാതെയാണ് ഈ പദ്ധതി നടപ്പാക്കുന്നത് എന്നുമാണ് റോയ് പ്രഖ്യാപിച്ചത്.
വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീമിന്റെ മുഖ്യ സ്പോൺസറായും കോൺഫിഡന്റ് ഗ്രൂപ്പ് നിക്ഷേപം നടത്തിയിട്ടുണ്ട്. 2013, 2014 കാലയളവിലായിരുന്നു ഈ സഹകരണം. 2013ൽ ഇംഗ്ലണ്ടിൽ നടന്ന ഐസിസി ചാംപ്യൻസ് ട്രോഫി, 2014ൽ ബംഗ്ലദേശിൽ നടന്ന ട്വന്റി20 ലോകകപ്പ് എന്നിവയിൽ വെസ്റ്റിൻഡീസ് ടീമിന്റെ ടൈറ്റിൽ സ്പോൺസറായിരുന്നു സി.ജെ.റോയ്‌യുടെ കോൺഫിഡന്റ് ഗ്രൂപ്പ്.
സ്പോർട്സ് മാർക്കറ്റിങ് ഏജൻസിയായ ‘ടോട്ടൽ സ്പോർട്സ് ഏഷ്യ’ വഴിയായിരുന്നു ചരിത്രപരമായ ഈ കൈകോർക്കൽ. ഒരു ഇന്ത്യൻ ബ്രാൻഡ് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്പോൺസർ ആകുന്നത് അന്ന് ആദ്യമായിട്ടായിരുന്നു. വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് സാമ്പത്തികമായി വലിയ വെല്ലുവിളികൾ നേരിട്ടിരുന്ന ഘട്ടത്തിലാണ് സി.ജെ. റോയ് ടീമിന്റെ സ്പോൺസർഷിപ് ഏറ്റെടുത്തത്.
2016ലെ ട്വന്റി20 ലോകകപ്പ് സമയത്ത് ശ്രീലങ്കൻ പുരുഷ-വനിതാ ടീമുകളെയും സി.ജെ. റോയ് സ്പോൺസർ ചെയ്തിരുന്നു. മറ്റൊരു ട്വന്റി20 ലോകകപ്പ് തുടങ്ങാൻ വെറും ഒരാഴ്ച മാത്രം ശേഷിക്കെയാണ് സി.ജെ.റോയ്‌യുടെ വിടവാങ്ങലെന്നത് യാദൃച്ഛികമായിരിക്കാം. ഇതിനു പുറമെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്പോർട്സ് സൗകര്യങ്ങൾ ഒരുക്കുന്നതിന് കോൺഫിഡന്റ് ഗ്രൂപ്പ് സ്പോൺസർ ചെയ്തിട്ടുണ്ട്. ബുഗാട്ടി ഉൾപ്പെടെ ഒട്ടേറെ സ്പോർട്സ് കാറുകളും അദ്ദേഹത്തിന് സ്വന്തമായുണ്ട്.
English Summary:







English (US) ·