തിരുവനന്തപുരം ∙ നിർമാണം പൂർത്തിയാകാത്ത ‘കായിക ഭവൻ’ സമുച്ചയം വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ കായികമന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. വാൻറോസ് ജംക്‌ഷനിലെ 39 സെന്റ് ഭൂമിയിൽ 46,000 ചതുരശ്ര അടി വിസ്തീർണമുള്ള 8 നില സമുച്ചയമാണ് പദ്ധതിയെങ്കിലും 3 നിലകളുടെ അടിസ്ഥാന ഘടന മാത്രമാണ് 3 വർഷത്തിനിടെ പൂർത്തിയായത്. ടെൻഡർ ഇല്ലാതെ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെയാണ് ഈ നിർമാണത്തിന്റെ കരാറും സർക്കാർ ഏൽപിച്ചത്. സ്പോർട്സ് കൗൺസിലും സ്പോർട്സ് ഡയറക്ടറേറ്റും ഉൾപ്പെടെ, കേരള കായിക രംഗത്തെ സംയോജിത ഭരണകേന്ദ്രം കായിക ഭവനിൽ ഒരുക്കാനാണ് സർക്കാർ പദ്ധതി.
പണി നടക്കുന്ന കെട്ടിടത്തിന്റെ മുൻഭാഗം കണ്ണാടി പിടിപ്പിച്ച് മോടി വരുത്തിയായിരുന്നു ഉദ്ഘാടനച്ചടങ്ങ്. പാർക്കിങ്ങിനുള്ള താഴത്തെ നിലയും ഒന്നാം നിലയും സിമന്റ് പൂശി വെള്ളയടിച്ചെങ്കിലും സിമന്റ് പൂശാത്ത രണ്ടാം നിലയിൽ പണിസാധനങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്. അവിടേക്കുള്ള പ്രവേശനം തടഞ്ഞ് പടിക്കെട്ട് മറച്ചു. ഒന്നാം നിലയിലേക്കുള്ള പടിക്കെട്ടുകൾക്ക് കൈവരി പോലും സ്ഥാപിച്ചിട്ടില്ല. കെട്ടിടത്തിൽ വയറിങ് ജോലികളടക്കം എങ്ങുമെത്തിയിട്ടില്ല. ഒരു മേശയോ കസേരയോ പോലും ഇടാനുമായിട്ടില്ല. ആദ്യ 2 നിലകളിൽ തറയിൽ ടൈലുകൾ പതിച്ചതു കഴിഞ്ഞ ദിവസമാണ്. ‘കായിക ഭവൻ’ എന്ന ബോർഡ് കെട്ടിടത്തിന്റെ മുന്നിൽ സ്ഥാപിച്ചത് ഉദ്ഘാടനത്തലേന്നു രാത്രിയും.
സീലിങ്ങോ, ചുമരുകളോ പോലും പൂർത്തിയാകാത്ത ഒന്നാം നിലയിലെ ചുമരിൽ ‘ആസൂത്രണ, ഗവേഷണ വിഭാഗം’ എന്ന ബോർഡ് സ്ഥാപിച്ചെങ്കിലും ആകെക്കൂടി ഒരു ആസൂത്രണവുമില്ലാതെയായിരുന്നു തട്ടിക്കൂട്ട് പരിപാടി. കായിക വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നുള്ള 8.5 കോടി ഉപയോഗിച്ചുള്ള ആദ്യ ഘട്ടത്തിന്റെ 90% പണികളും പൂർത്തിയായെന്ന് കായിക വകുപ്പ് ഡയറക്ടർ പി.വിഷ്ണുരാജ് റിപ്പോർട്ട് അവതരിപ്പിച്ചപ്പോൾ 6.5 കോടി രൂപയുടെ ഒന്നാം ഘട്ട ടെൻഡർ അനുസരിച്ചുള്ള കെട്ടിടം പണി പൂർത്തിയായി എന്നായിരുന്നു മന്ത്രിയുടെ അവകാശവാദം.
പണി നടക്കുന്നതിനാൽ കെട്ടിടത്തിനു മുന്നിൽ സ്ഥാപിച്ചിരിക്കുന്ന മെറ്റൽ ഷീറ്റുകൾ പോലും മാറ്റാതെയായിരുന്നു പാർക്കിങ് ഏരിയയിൽ കർട്ടനിട്ട് മറച്ചുള്ള ഉദ്ഘാടന സമ്മേളനം. അധ്യക്ഷത വഹിക്കേണ്ടിയിരുന്ന മന്ത്രി വി.ശിവൻകുട്ടിയും മന്ത്രി ജി.ആർ.അനിലും പങ്കെടുത്തില്ല. കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി അധ്യക്ഷത വഹിച്ചു.
English Summary:







English (US) ·