Published: January 31, 2026 08:21 AM IST Updated: January 31, 2026 11:21 AM IST
1 minute Read
കോഴിക്കോട് ∙ ജീവിതത്തിന്റെ ട്രാക്കിൽ പി.ടി.ഉഷയ്ക്കു കരുത്തായും പിന്തുണയായും ഒപ്പമോടിയ ഭർത്താവ് വി.ശ്രീനിവാസൻ ഇനി ഓർമ. ഇന്നലെ തിക്കോടി പെരുമാൾപുരം ‘ഉഷസ്സി’ന്റെ വളപ്പിൽ അഗ്നിയിലെരിഞ്ഞുതീർന്നത് പി.ടി.ഉഷയെ ഇന്നത്തെ നിലയിലെത്തിക്കാൻ ആത്മസമർപ്പണം നടത്തിയ ജീവിതപങ്കാളിയാണ്. ഉഷയെന്ന കായികതാരത്തെ ഒരു ബ്രാൻഡ് നെയിമാക്കി വളർത്തിയയാൾ.
പൊന്നാനി എംഇഎസ് കോളജിലെ പഠനകാലത്തു ദേശീയ കബഡി താരമായിരുന്നു ശ്രീനിവാസൻ. ഉഷയുടെ നേട്ടങ്ങൾ പത്രത്താളുകളിൽനിന്ന് വായിച്ചെടുത്തിരുന്നു. അത്‌ലറ്റിക്സിൽനിന്നു വിരമിക്കുകയാണെന്ന് ഉഷ പ്രഖ്യാപിച്ച ശേഷമാണ് പയ്യോളിയിലെ വീട്ടിൽ ശ്രീനിവാസൻ പെണ്ണുകാണലിനെത്തിയത്. 1991 ഏപ്രിൽ 25ന് കോഴിക്കോട് അഴകൊടി ദേവീക്ഷേത്രത്തിൽവച്ച് വിവാഹം. മകൻ പിറന്ന ശേഷം വീട്ടിൽ വെറുതെയിരിക്കാൻ ഉഷയെ ശ്രീനിവാസനും കുടുംബവും സമ്മതിച്ചില്ല. ട്രാക്കിലിറങ്ങാൻ സർവപ്രോൽസാഹനവും നൽകിയതോടെ, ഉഷ പിന്നീടു ഹിരോഷിമ ഏഷ്യൻ ഗെയിംസിൽ വരെ പങ്കെടുത്തു.
കായികപ്രതിഭകളെ കണ്ടെത്തി വളർത്തിയെടുക്കാൻ ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സ് തുടങ്ങാൻ മുൻകയ്യെടുത്തതും ശ്രീനിവാസനാണ്. കൊയിലാണ്ടിയിൽ വാടകവീട്ടിൽ 12 കുട്ടികളുമായിട്ടായിരുന്നു തുടക്കം. പിന്നീടു കിനാലൂരിൽ സ്ഥലം കണ്ടെത്തിയതും അവിടെ സിന്തറ്റിക് ട്രാക്ക് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയതും ശ്രീനിവാസന്റെ മേൽനോട്ടത്തിലാണ്.
മകൻ ഡോ. വിഘ്നേഷ് വി. ഉജ്വലിനെ സ്പോർട്സ് മെഡിസിനിൽ വിദഗ്ധ പഠനത്തിനയച്ചതും ഉഷ സ്കൂളിൽ മകന്റെ സേവനം ഉറപ്പാക്കിയതും ശ്രീനിവാസനാണ്. ഉഷ സ്കൂളിന്റെ മധുരയിലെ സിലക്‌ഷൻ ട്രയൽസ് ഇന്നു നടക്കാനിരിക്കെയാണ് ശ്രീനിവാസന്റെ അപ്രതീക്ഷിത വിയോഗം.
ഉഷ മ്യൂസിയം പൂർത്തിയാക്കാതെ ശ്രീനി മടങ്ങി
കോഴിക്കോട് ∙ ഉഷസ്സിന്റെ പൂമുഖത്തെ ചുമരിൽ ഒരു ചിത്രമുണ്ട്. പി.ടി.ഉഷയെ ആദരിക്കാൻ തപാൽ വകുപ്പ് പുറത്തിറക്കിയ സ്റ്റാംപിന്റെയും ആദ്യദിന കവറിന്റെയും വലിയൊരു ചുമർശിൽപം (റിലീഫ് ശിൽപം). രാജ്യസഭാ എംപിയെന്ന നിലയിൽ ഉഷ ഓഫിസായി ഉപയോഗിക്കുന്ന മുറിയുടെ ചുമരിൽ, ഉഷ ട്രാക്കിൽ കുതിക്കുന്നൊരു ചുമർശിൽപവുമുണ്ട്. ഈ ചുമരുകൾക്കുള്ളിൽ ഒരു മ്യൂസിയം ഒരുങ്ങുകയായിരുന്നു. ഇന്ത്യൻ കായികലോകത്തിനും വരും തലമുറകൾക്കും മുന്നിൽ പി.ടി. ഉഷയെ അവതരിപ്പിക്കുന്ന സമ്പൂർണ മ്യൂസിയം എന്ന സ്വപ്നം പൂർത്തിയാവും മുൻപേയാണ് ശ്രീനിവാസൻ യാത്രയായത്.
ഉഷ കരിയറിൽ നേടിയ 103 രാജ്യാന്തര മെഡലുകളും ആയിരത്തിലേറെ ദേശീയ മെഡലുകളും അവയുടെ മത്സരവിവരങ്ങളും ഇവിടെ ഒരുക്കുന്നതിന്റെ തിരക്കിലായിരുന്നു ഏതാനും നാളുകളായി ശ്രീനിവാസൻ. ഇന്ത്യൻ കായികപ്രേമികളുടെ നെഞ്ചിൽ എന്നും നീറുന്ന ഓർമയായ, 1984ലെ ലൊസാഞ്ചലസ് ഒളിംപിക്സിൽ 400 മീറ്റർ ഹർഡിൽസിൽ ഉഷയ്ക്കു നഷ്ടമായ വെങ്കല മെഡലിന്റെ ചരിത്രം ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. പല കാലങ്ങളിൽ ഉഷ ട്രാക്കിൽ ഉപയോഗിച്ച സ്പൈക്കുകൾ കൊണ്ട് ഒരു ഇൻസ്റ്റലേഷനും ഒരുക്കിവരികയായിരുന്നു.
English Summary:







English (US) ·