Published: May 01, 2026 05:49 PM IST Updated: May 01, 2026 11:51 PM IST
1 minute Read
മുല്ലൻപുർ∙ ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ താരോദയമാണ് പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി. ഐപിഎലിൽ രാജസ്ഥാൻ റോയൽസ് താരമായ വൈഭവ്, സീസണിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്തുള്ള വൈഭവ്, ഈ സീസണിൽ 400 റൺസ് പിന്നിടുന്ന ആദ്യ താരവുമാണ്. വെറും 167 പന്തിൽ ഈ നേട്ടം സ്വന്തമാക്കിയ താരം ഐപിഎലിൽ ഒരു സീസണിൽ കുറഞ്ഞ പന്തിൽ 400 റൺസ് നേടുന്ന താരവുമായി. പഞ്ചാബ് കിങ്സിനെതിരെ കഴിഞ്ഞ മത്സരത്തിൽ 16 പന്തിൽ 43 റൺസെടുത്ത് വൈഭവ്, രാജസ്ഥാന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ഈ സീസണിൽ പഞ്ചാബിനെ തോൽപ്പിക്കുന്ന ആദ്യ ടീമായി രാജസ്ഥാൻ മാറുകയും ചെയ്തു.
എന്നാൽ മത്സരശേഷമുള്ള ഒരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. മത്സരശേഷം ഒട്ടേറെപ്പേരാണ് വൈഭവിനെ അഭിനന്ദിക്കാനെത്തിയത്. പഞ്ചാബ് കിങ്സ് സഹഉടമയും ബോളിവുഡ് നടിയുമായ പ്രീതി സിന്റ അടക്കം ഇക്കൂട്ടത്തിലുണ്ടായിരുന്നു. പക്ഷേ പഞ്ചാബ് കിങ്സ് താരമായ അർഷ്‌ദീപ് സിങ്ങിന്റെ കാമുകിയും നടിയുമായ സമ്രീൻ കൗറും വൈഭവും തമ്മിലുള്ള സംഭാഷണമാണ് സൈബർലോകത്ത് ശ്രദ്ധപിടിച്ചുപറ്റിയത്.
ഇരുവരും ദീർഘനേരം സംസാരിക്കുന്നതും വൈഭവിന് സമ്രീൻ ഒരു സമ്മാനം നൽകുന്നതും ദൃശ്യങ്ങളിൽ കാണാം. പ്ലേസ്റ്റേഷൻ കൺസോളാണ് 15 വയസ്സുകാരനായ താരത്തിന് സമ്രീൻ നൽകിയത്. ഈ സമയത്ത് ഇവരുടെ സമീപം നിന്ന അർഷ്‌ദീപിന്റെ മുഖഭാവം ചിരിപടർത്തി. തന്റെ കാമുകി, വൈഭവിനോട് ഏറെനേരം സംസാരിക്കുന്നതിൽ അതൃപ്തിയുള്ളതുപോലെയായിരുന്നു അർഷ്‌ദീപിന്റെ ഭാവം. ഇതിനെക്കുറിച്ച് പല കമന്റുകളും നിറയുകയും ചെയ്തു.
കഴിഞ്ഞമാസം അർഷ്ദീപ് സിങ് തന്റെ സ്നാപ്ചാറ്റിൽ ഒരു പെൺകുട്ടിയുടെ കൈ കോർത്തുപിടിച്ചിരിക്കുന്ന ചിത്രം പങ്കുവച്ചതോടെയാണ് അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങിയത്. ചിത്രത്തിൽ പെൺകുട്ടിയുടെ മുഖം വ്യക്തമല്ലായിരുന്നെങ്കിലും കൈയിലെ ടാറ്റൂവും നെയിൽ ആർട്ടും സമ്രീൻ കൗറിന്റെ ഇൻസ്റ്റഗ്രാം ചിത്രങ്ങളിലെ ടാറ്റൂവിനോട് സാമ്യമുള്ളതാണെന്ന് ആരാധകർ കണ്ടെത്തി. ഇതിനുപിന്നാലെ ഇരുവരും ഒരേ സമയം ഫത്തേഗഡ് സാഹിബ് ഗുരുദ്വാരയിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചതും പ്രണയവാർത്തകൾക്ക് കൂടുതൽ ശക്തി പകർന്നു.
ഇരുവരെയും പിന്നീട് പലപ്പോഴായി വിമാനത്താവളങ്ങളിലും മറ്റു പൊതുസ്ഥലങ്ങളിലും ഒരുമിച്ച് കാണാൻ തുടങ്ങി. ഐപിഎൽ സീസണിൽ പഞ്ചാബ് കിങ്സിന്റെ മത്സരങ്ങൾ നടക്കുന്ന ന്യൂ ചണ്ഡീഗഡിലെ സ്റ്റേഡിയത്തിലും മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലും അർഷ്ദീപിനു പിന്തുണയുമായി സമ്രീൻ എത്തിയിരുന്നു. എന്നാൽ തങ്ങളുടെ ബന്ധത്തെക്കുറിച്ച് അർഷ്ദീപും സമ്രീനും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
English Summary:







English (US) ·