Published: April 13, 2026 09:23 PM IST Updated: April 13, 2026 11:41 PM IST
3 minute Read
ഹൈദരാബാദ് ∙ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് കാത്തിരിക്കുന്നവർ കണ്ടത് പ്രഫുൽ ഹിംഗെ എന്ന അരങ്ങേറ്റക്കാരന്റെ പേസ് കൊടുങ്കാറ്റായിരുന്നു. ആഞ്ഞുവീശീയ ആ ചുഴലിയിൽ തുടർച്ചയായ അഞ്ചാം ജയമെന്ന രാജസ്ഥാൻ റോയൽസിന്റെ മോഹം കടപുഴകി. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 57 റൺസിനാണ് രാജസ്ഥാന്റെ തോൽവി. ഈ സീസണിൽ രാജസ്ഥാന്റെ ആദ്യ തോൽവിയാണിത്. ഹൈദരാബാദ് ഉയർത്തിയ 217 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 19 ഓവറിൽ 159 റൺസിന് ഓൾഔട്ടായി. നാല് ഓവറിൽ 34 റൺസ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റെടുത്ത അരങ്ങേറ്റക്കാരൻ പേസർ പ്രഫുൽ ഹിംഗെയാണ് രാജസ്ഥാനെ വീഴ്ത്തിയത്. മറ്റൊരു അരങ്ങേറ്റക്കാരൻ പേസർ സാക്കിബ് ഹുസൈനും നാലു വിക്കറ്റെടുത്തു. ഈഷൻ മല്ലിംഗയ്ക്കാണ് രണ്ടു വിക്കറ്റ്. അർധസെഞ്ചറി നേടിയ ഡൊണോവൻ ഫെരേര (44 പന്തിൽ 69), രവീന്ദ്ര ജഡേജ (32 പന്തിൽ 45) എന്നിവരാണ് രാജസ്ഥാനെ വലിയ നാണക്കേടിൽനിന്നു രക്ഷിച്ചത്.
സൺറൈസേഴ്സ് ഹൈദരാബാദും രാജസ്ഥാൻ റോയൽസും നേർക്കുനേർ വന്നപ്പോൾ എല്ലാവരും കാത്തിരുന്നത് അഭിഷേകിന്റെയും വൈഭവിന്റെയും ബാറ്റിങ്ങിനു വേണ്ടിയായിരുന്നു. അഭിഷേക് ഗോൾഡൻ ഡക്കായപ്പോൾ കാണികളുടെ പ്രതീക്ഷ പിന്നീട് വൈഭവിലായി. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനെ പ്രഫുൽ ഹിംഗെ എന്ന അരങ്ങേറ്റക്കാരൻ ഞെട്ടിച്ചു. ഒരൊന്നൊര ഞെട്ടിക്കൽ!. ഇന്നിങ്സിലെ രണ്ടാം പന്തിൽ തന്നെ വൈഭവ് സൂര്യവംശി ഔട്ട്. ഗോൾഡൻ ഡക്ക്! രാജസ്ഥാൻ ആരാധകർ സ്തംഭിച്ച നിമിഷം. എന്നാൽ പ്രഫുൽ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. നാലാം പന്തിൽ, മൂന്നാമനായി ഇറങ്ങിയ ധ്രുവ് ജുറേലിന്റെ കുറ്റിത്തെറിച്ചു. സംപൂജ്യനായി മടക്കം. അടുത്ത ഊഴം ലുയാൻ-ഡ്രെ പ്രിട്ടോറിയസായിരുന്നു. ഓവറിലെ അവസാന പന്തിൽ പ്രിട്ടോറിയസിനെയും (0) പ്രഫുൽ മടക്കി. രാജസ്ഥാൻ സ്കോർബോർഡ് 3ന് 1. വിക്കറ്റ് 3, റൺസ് 1.
ഒരു ഐപിഎൽ ഇന്നിങ്സിന്റെ ആദ്യ ഓവറിൽ തന്നെ ഒരു ബോളർ മൂന്നു വിക്കറ്റ് വീഴ്ത്തുന്നത് ഇതാദ്യമാണ്. ഒരു ഐപിഎൽ ഇന്നിങ്സിന്റെ ആദ്യ ഓവറിൽ തന്നെ ഒരു ബോളർ രണ്ട് വിക്കറ്റ് വീഴ്ത്തിയ 32 സന്ദർഭങ്ങളുണ്ട്. 2024ൽ ഇതേ വേദിയിൽ ഇതേ ടീമിനെതിരെ (ജോസ് ബട്‌ലലറും സഞ്ജു സാംസണും) ഭുവനേശ്വർ കുമാറാണ് ഹൈദരാബാദിനു വേണ്ടി ഇതിനുമുൻപ് ഒന്നിലധികം വിക്കറ്റ് വീഴ്ത്തിയിട്ടുള്ളത്. മത്സരത്തിലെ ആദ്യ ഓവറിലെ വീഴ്ചയിൽ രാജസ്ഥന്റെ തകർച്ച അവസാനിച്ചില്ല. രണ്ടാം ഓവറിൽ അരങ്ങേറ്റക്കാരൻ സാക്കിബ് ഹുസൈൻ, മറ്റൊരു ഓപ്പണർ യശസ്വി ജയ്‌സ്വാളിനെയും (5 പന്തിൽ 1) പറത്താക്കി. ഇതോടെ 4ന് 2 റൺസ് എന്ന നിലയിലായി രാജസ്ഥാൻ. തൊട്ടടുത്ത ഓവറിൽ പ്രഫുൽ വീണ്ടും ‘മാജിക്’ ആവർത്തിച്ചു. ഇത്തവണ വീഴ്ത്തിയത് ക്യാപ്റ്റൻ റിയാൻ പരാഗിനെ (6 പന്തിൽ 4). അപ്പോൾ രാജസ്ഥാൻ സ്കോർ 9/5.
രണ്ടക്കം കടക്കുന്നതിന് മുൻപേ അഞ്ച് വിക്കറ്റ് വീണ രാജസ്ഥാൻ മുന്നിൽ കണ്ടത് വമ്പൻ തകർച്ച. എന്നാൽ ആറാം വിക്കറ്റിൽ ഡൊണോവൻ ഫെരേര– രവീന്ദ്ര ജഡേജ സഖ്യം നടത്തിയ രക്ഷാപ്രവർത്തനം അവരെ നാണക്കേടിൽനിന്നു രക്ഷിക്കുകയായിരുന്നു. ഇരുവരും ചേർന്ന് 118 റൺസാണ് കൂട്ടിച്ചേർത്തത്. മൂന്നു സിക്സും ഏഴു ഫോറും അടങ്ങുന്നതായിരുന്നു ഫെരേരയുടെ ഇന്നിങ്സ്. ജഡേജയുടെ ബാറ്റിൽനിന്നു പിറന്നത് 5 ഫോർ. 15–ാം ഓവറിൽ ഫെരേരയെ സാക്കിബ് ഹുസൈൻ മടക്കുമ്പോൾ ഹൈദരാബാദ് സ്കോർ 127ൽ എത്തിയിരുന്നു. പിന്നീട് മുഴുവൻ ഓവറും പിടിച്ചുനിൽക്കുക എന്നതായിരുന്നു രാജസ്ഥാൻ ബാറ്റർമാരുടെ ലക്ഷ്യം. എന്നാൽ തൊട്ടടുത്ത ഓവറിൽ ജഡേജ കൂടി വീണതോടെ രാജസ്ഥാന് ഏറെനേരം പിടിച്ചുനിൽക്കാനായില്ല. തുഷാർ ദേശ്പാണ്ഡെ (11 പന്തിൽ 25) ആണ് രാജസ്ഥാൻ സ്കോർ 150 കടത്തിയത്. 19–ാം ഓവറിന്റെ അവസാന പന്തിൽ തുഷാർ കൂടി വീണതോടെ രാജസ്ഥാന്റെ തോൽവി സമ്പൂർണം.
∙ വീശിയടിച്ച് ഇഷാൻക്യാപ്റ്റൻ കടിഞ്ഞാൺ ഏറ്റെടുത്ത മത്സരത്തിൽ രാജസ്ഥാനെതിരെ ഹൈദരാബാദ് ഉയർത്തിയത് 217 റൺസിന്റെ വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 216 റൺസെടുത്തു. അർധസെഞ്ചറി നേടിയ ഇഷാൻ കിഷൻ (44 പന്തിൽ 91), ഹെൻറിച്ച് ക്ലാസൻ (26 പന്തിൽ 40) എന്നിവരുടെ ബാറ്റിങ്ങാണ് ഹൈദരാബാദിനെ മികച്ച സ്കോറിലെത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദാരാബാദ് ആദ്യ പന്തിൽ തന്നെ ഞെട്ടി. അഭിഷേക് ശർമ ഗോൾഡൻ ഡക്ക്! ജോഫ്ര ആർച്ചർ എറിഞ്ഞ പന്തിൽ സിക്സറിനു പൊക്കിയ അഭിഷേകിനെ ബൗണ്ടറി ലൈനിൽ രവി ബിഷ്ണോയ് കയ്യിലൊതുക്കുകയായിരുന്നു. ഈ കലണ്ടർ വർഷം ഏഴാം തവണയാണ് അഭിഷേക് സംപൂജ്യനാകുന്നത്. ഒരു കലണ്ടർ വർഷം ആറു തവണ വീതം ഡക്കായ രോഗിത് ശർമയുയെയും (2018), സഞ്ജു സാംസണെയും(2024) ആണ് അഭിഷേക് മറികടന്നത്.
എന്നാൽ മൂന്നാമനായി ഇറങ്ങി ഇഷാൻ കിഷൻ, ആരാധകർ കൊതിച്ചത് നൽകി. ട്രാവിഡ് ഹെഡിനെ മറുവശത്ത് നിർത്തി ഇഷാൻ കിഷൻ കളംനിറഞ്ഞതോടെ ഹൈദാരാബാദ് സ്കോർബോർഡ് ചലിച്ചു. പവർപ്ലേയിൽ സ്കോർ 50 കടന്നു. പിന്നാലെ ട്രാവിസ് ഹെഡിനെ റിയാൻ പരാഗ് പുറത്താക്കിയെങ്കിലും ഇഷാൻ അടി തുടർന്നു. നാലാമനായി ഇറങ്ങിയ ഹെൻറിച്ച് ക്ലാസനും മികച്ച പിന്തുണ നൽകി. 10–ാം ഓവറിൽ, 30 പന്തിൽ ഇഷാൻ അർധസെഞ്ചറി നേടി. പിന്നാലെ താരം ഗിയർ മാറ്റി. 11–ാം തുഷാർ ദേശ്പാണ്ഡെയ്ക്കെതിരെ 21 റൺസാണ് ഇഷാൻ അടിച്ചുകൂട്ടിയത്.
എന്നാൽ അർഹിച്ച സെഞ്ചറിയിലേക്ക് കുതിച്ച ഇഷാനെ, 14–ാം ഓവറിൽ സന്ദീപ് ശർമ, റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. അപ്പോൾ ഹൈദരാബാദ് സ്കോർ 143ൽ എത്തിയിരുന്നു. 44 പന്തിൽ ആറു സിക്സുകളുടെയും എട്ടു ഫോറുകളുടെയും അകമ്പടിയോടെയാണ് ഇഷാൻ 91 റൺസെടുത്തത്. അധികം വൈകാതെ ഹെൻറിച്ച് ക്ലാസനും വീണു. 16–ാം ഓവറിൽ തുഷാർ ദേശ്പാണ്ഡെയാണ് ക്ലാസനെ പരാഗിന്റെ കൈകളിൽ എത്തിച്ചത്. പിന്നീട് അവസാന ഓവറുകളിൽ തകർത്തടിച്ച നിതിഷ് കുമാർ റെഡ്ഡി (13 പന്തിൽ 28), സലിൽ അറോറ (13 പന്തിൽ 24*) എന്നിവരുടെ ബാറ്റിങ്ങാണ് ഹൈദരാബാദ് സ്കോർ 200 കടത്തിയത്. രാജസ്ഥാനായി ജോഫ്ര ആർച്ചർ 2 വിക്കറ്റും സന്ദീപ് ശർമ, തുഷാർ ദേശ്പാണ്ഡെ, റിയാൻ പരാഗ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
English Summary:








English (US) ·