വൈഭവിന്റെ തൂക്കിയടി, 26 പന്തിൽ 78 റൺസ്, ജുറേലിന് അർധ സെഞ്ചറി; ആർ‍സിബിയെ തകർത്ത് രാജസ്ഥാന് നാലാം വിജയം

1 month ago 8

ഓൺലൈൻ ഡെസ്ക്

Published: April 10, 2026 08:16 PM IST Updated: April 11, 2026 12:18 AM IST

2 minute Read

vaibhav
അർധ സെഞ്ചറി നേടിയ വൈഭവ് സൂര്യവംശിയുടെ ആഹ്ലാദം, Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@IPLൽ നിന്ന് എടുത്തതാണ്.

ഗുവാഹത്തി∙ രാജസ്ഥാന്റെ വിജയക്കുതിപ്പിനു തടയിടാൻ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനും സാധിച്ചില്ല. ഇന്ത്യന്‍ പ്രീമിയർ ലീഗിലെ കരുത്തരുടെ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിന് ആറു വിക്കറ്റ് വിജയം. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 18 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. സീസണിൽ രാജസ്ഥാന്റെ നാലാം വിജയമാണിത്. എട്ടു പോയിന്റുമായി പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ് രാജസ്ഥാൻ.

43 പന്തുകളിൽ മൂന്ന് സിക്സുകളും എട്ടു ഫോറുകളും നേടി 81 റൺ‍സടിച്ചു പുറത്താകാതെനിന്ന ധ്രുവ് ജുറേലാണ് രാജസ്ഥാന്റെ ടോപ് സ്കോറര്‍. ആദ്യ ഓവറുകളിൽ തകർത്തടിച്ച വൈഭവ് സൂര്യവംശി 26 പന്തിൽ ഏഴു സിക്സുകളും എട്ടു ഫോറുകളുമുൾപ്പടെ 78 റൺസെടുത്തു. 25 പന്തിൽ 24 റൺസുമായി രവീന്ദ്ര ജഡേജ രാജസ്ഥാൻ നിരയിൽ പുറത്താകാതെനിന്നു.

സ്കോർ 21ൽ നില്‍ക്കെ ഓപ്പണർ യശസ്വി ജയ്സ്വാളിനെ നഷ്ടമായെങ്കിലും വൈഭവ് സൂര്യവംശി പതിവു പോലെ വെടിക്കെട്ടിനു തിരികൊളുത്തിയതോടെ രാജസ്ഥാൻ അനായാസം സ്കോർ ഉയർത്തി. പവര്‍പ്ലേയിൽ 97 റൺസാണ് രാജസ്ഥാൻ അടിച്ചെടുത്തത്. 15 വയസ്സുകാരനായ വൈഭവ് 15 പന്തിൽ അർധ സെഞ്ചറി പിന്നിട്ടു. 6.2 ഓവറിൽ രാജസ്ഥാൻ 100 കടന്നു. മത്സരത്തിന്റെ എട്ടാം ഓവറില്‍ ക്രുനാൽ പാണ്ഡ്യയെ ബൗണ്ടറി കടത്താനുള്ള വൈഭവിന്റെ നീക്കം പിഴച്ചു. വിരാട് കോലി തകർപ്പനൊരു ക്യാച്ചിലൂടെ വൈഭവിനെ വീഴ്ത്തി. പിന്നാലെയെത്തിയ ഷിമ്രോൺ ഹെറ്റ്മിയറും (പൂജ്യം), ക്യാപ്റ്റൻ റിയാൻ പരാഗും (മൂന്ന്) വന്നപോലെ മടങ്ങി. ഇതോടെ രാജസ്ഥാൻ നാലിന് 134 എന്ന നിലയിൽ. എന്നാൽ‍ ധ്രുവ് ജുറേലും രവീന്ദ്ര ജഡേജയും ചേർന്ന കൂട്ടുകെട്ട് ഫലം കണ്ടു. 25 പന്തുകളിൽ ജുറേൽ അർധ സെഞ്ചറി കടന്നു. ഇരുവരും ചേർന്ന കൂട്ടുകെട്ട് 12 പന്തുകൾ ബാക്കി നില്‍ക്കെ രാജസ്ഥാനെ വിജയത്തിലെത്തിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആർസിബി 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 201 റൺസടിച്ചു. അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ‌ രജത് പാട്ടീദാറിന്റെ ഇന്നിങ്സാണ് ആർസിബിയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 40 പന്തുകൾ നേരിട്ട പാട്ടീദാർ നാലു വീതം സിക്സുകളും ഫോറുകളും ബൗണ്ടറി കടത്തി 63 റൺസെടുത്തു. വിരാട് കോലി (16 പന്തിൽ 32), വെങ്കടേഷ് അയ്യർ (15 പന്തിൽ 29), റൊമാരിയോ ഷെഫേർഡ് (11 പന്തിൽ 22) എന്നിവരാണ് ആര്‍സിബിയുടെ മറ്റു പ്രധാന സ്കോറർമാർ.

മത്സരത്തിന്റെ ആദ്യ പന്തിൽ തന്നെ ഓപ്പണർ ഫിൽ സോൾട്ട് ജോഫ്ര ആർ‍ച്ചറിന്റെ പന്തിൽ വീണെങ്കിലും രണ്ടോവറിൽ ആർസിബി 32 റൺസെടുത്തിരുന്നു. വിരാട് കോലിക്കൊപ്പം തുടർച്ചയായി ബൗണ്ടറികൾ കണ്ടെത്തിയ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ ബാറ്റിങ്ങാണ് ആർ‍സിബിക്കു തുണയായത്. എന്നാൽ ജോഫ്ര ആർച്ചറുടെ മൂന്നാം ഓവറിലെ ആറാം പന്തിൽ ദേവ്ദത്ത് പടിക്കലിനെ ഷിമ്രോൺ ഹെറ്റ്മിയർ പിടിച്ചെടുത്തു. അവിടന്നങ്ങോട്ട് അപ്രതീക്ഷിത പതനമാണ് ആർസിബിക്കു നേരിടേണ്ടിവന്നത്. സ്കോർ 58ൽ നിൽക്കെ വിരാട് കോലിയെ രവി ബിഷ്ണോയി ബോൾ‍‍ഡാക്കി. ക്രുനാൽ പാണ്ഡ്യ (ഒന്ന്), ജിതേഷ് ശർമ (അഞ്ച്), ടിം ഡേവിഡ് (13) എന്നിവർ ചെറിയ സ്കോറുകൾക്കു പുറത്തായതോടെ 94 റൺസെടുക്കുന്നതിനിടെ ആർസിബിക്ക് ഏഴു വിക്കറ്റുകൾ നഷ്ടമായി.

rajat-patidar

ആർസിബി ക്യാപ്റ്റൻ രജത് പാട്ടീദാർ. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@BCCIൽ നിന്ന് എടുത്തതാണ്.

ഒരു ഭാഗത്ത് അര്‍ധ സെഞ്ചറിയുമായി ക്യാപ്റ്റൻ രജത് പാട്ടീദാർ പിടിച്ചുനിന്നപ്പോഴായിരുന്നു മറുഭാഗത്ത് ആർസിബി താരങ്ങളുടെ പതനം. 11.3 ഓവറിലാണ് ആർസിബി 100 പിന്നിട്ടത്. സ്കോർ 125ൽ നിൽക്കെ റൊമാരിയോ ഷെഫേർഡിനെ രാജസ്ഥാൻ സ്പിന്നർ രവീന്ദ്ര ജഡേജ ബ്രിജേഷ് ശർമയുടെ കൈകളിലെത്തിച്ചു. സന്ദീപ് ശർമയുടെ 18–ാം ഓവറിൽ സിക്സടിക്കാൻ ശ്രമിച്ച രജത് പാട്ടീദാറിനെ ഡോനോവൻ ഫെരേര ക്യാച്ചെടുത്തു മടക്കി. അപ്പോഴേക്കും ആർസിബി സുരക്ഷിതമായ സ്കോറിലേക്ക് എത്തിയിട്ടുണ്ടായിരുന്നു. അവസാന ഓവറുകളിൽ തകർത്തടിച്ച വെങ്കടേഷ് അയ്യരാണ് ആർസിബിയെ 200 കടത്തിയത്. സന്ദീപ് ശർമയെറിഞ്ഞ 20–ാം ഓവറിലെ അവസാന പന്ത് സിക്സർ തൂക്കിയായിരുന്നു വെങ്കടേഷ് ആര്‍സിബിയെ 200 ലെത്തിച്ചത്. അവസാന ഓവറിൽ 21 റൺസാണ് ആർസിബി സ്വന്തമാക്കിയത്. രാജസ്ഥാനു വേണ്ടി ജോഫ്ര ആർച്ചർ, രവി ബിഷ്ണോയി, ബ്രിജേഷ് ശർമ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. സന്ദീപ് ശർമയ്ക്കും രവീന്ദ്ര ജഡേജയ്ക്കും ഓരോ വിക്കറ്റുകളുണ്ട്.

റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു– വിരാട് കോലി, ഫിൽ സോൾട്ട്, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടീദാർ (ക്യാപ്റ്റൻ), ടിം ഡേവിഡ്, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), റൊമാരിയോ ഷെഫേഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജോഷ് ഹെയ്സൽവുഡ്, അഭിനന്ദൻ സിങ്

രാജസ്ഥാൻ റോയൽസ്– യശസ്വി ജയ്സ്വാൾ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), റിയാൻ പരാഗ് (ക്യാപ്റ്റൻ), ഷിമ്രോൺ ഹെറ്റ്മിയർ, ഡോനോവൻ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, സന്ദീപ് ശർമ, നാന്ദ്രെ ബർഗർ, ബ്രിജേഷ് ശർമ, രവി ബിഷ്ണോയി.

English Summary:

Indian Premier League, Rajasthan Royals vs Royal Challengers Bengaluru Match Live Updates

Read Entire Article