Published: April 16, 2026 01:17 PM IST Updated: April 16, 2026 02:57 PM IST
2 minute Read
മുംബൈ ∙ വണ്ടർ ബോയ് വൈഭവ് സൂര്യവംശി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിക്കുന്നതിനെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുന്നുണ്ട്. ഐപിഎലിൽ മിന്നുംപ്രകടനം നടത്തുന്ന താരം ഉടൻ സീനിയർ ടീമിന്റെ ഭാഗമാകുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഐപിഎലിനു ശേഷം നടക്കുന്ന അയർലൻഡ് പര്യടനത്തിലേക്ക് വൈഭവിനെ പരിഗണിക്കുന്നെന്നാണ് സൂചന. പര്യടനത്തിനായി ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയ 35 അംഗ ട്വന്റി20 സ്പെഷലിസ്റ്റുകളിൽ വൈഭവുമുണ്ട്. അയർലൻഡ് പര്യടനത്തിൽ, ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യയുടെ മുൻനിര ടീമിനെയാണോ അതോ ബി ടീമിനെയാകുമോ തിരഞ്ഞെടുക്കുക എന്ന കാര്യത്തിൽ വ്യക്തതയില്ല.
എ ടീമിനെ തന്നെയാണ് നിയോഗിക്കുകയെങ്കിൽ, ടീം കോംബിനേഷനിൽ വൈഭവിനെ എങ്ങനെ ഉൾപ്പെടുത്തുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. വൈഭവിനെ ടീമിലെടുക്കാൻ തീരുമാനിച്ചാൽ അത് സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, അഭിഷേക് ശർമ എന്നിവർക്ക് അത്ര ‘ശുഭ’സൂചനയല്ല. നിലവിൽ അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരാണ് ഇന്ത്യയുടെ ഓപ്പണർമാർ. ട്വന്റി20 ലോകകപ്പിന്റെ തുടക്കഘട്ടത്തിൽ അഭിഷേകും ഇഷാനും ചേർന്നാണ് ഓപ്പൺ ചെയ്തതെങ്കിലും അവസാനഘട്ടത്തിൽ അഭിഷേക്–സഞ്ജുവായിരുന്നു ഓപ്പണിങ് സഖ്യം. ഇഷാൻ കിഷൻ മൂന്നാം നമ്പറിലേക്ക് ഇറങ്ങി. ഇവർ മൂന്നുപേരും ട്വന്റി20 ലോകകപ്പ് ഫൈനലിൽ അർധസെഞ്ചറി നേടുകയും ചെയ്തു.
നാലാമതൊരു ഓപ്പണറായി വൈഭവ് എത്തുകയാണെങ്കിൽ പ്ലേയിങ് ഇലവനിൽനിന്ന് ഇവരിൽ ആരെ മാറ്റുമെന്നതാണ് ബിസസിഐയെ കുഴപ്പിക്കുന്നത്. വൈഭവിനെ കൂടാതെ യശസ്വി ജയ്‌സ്വാളിനായും മുറുവിളി ഉയരുന്നുണ്ട്. അഭിഷേകിനെയോ സഞ്ജുവിനെയോ പോലുള്ള ഒരു താരത്തെ ഒഴിവാക്കുന്നത് ടീമിൽ സൂര്യകുമാറിന്റെ സ്ഥാനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്താൻ കാരണമായേക്കാം എന്നതിനാൽ ഈ നീക്കം വലിയൊരു പ്രതിന്ധിയിലേക്കു നയിച്ചേക്കാം. ഇന്ത്യൻ ക്യാപ്റ്റൻ സമീപകാലത്ത് ഏറെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തുന്നത്. 2024 ട്വന്റി20 ലോകകപ്പിനു ശേഷം സൂര്യയുടെ ശരാശരി 20നു താഴെയാണ്. “വൈഭവ് തയാറാണ്, എന്നാൽ അഭിഷേകിനെയോ സഞ്ജുവിനെയോ ഒഴിവാക്കാൻ സെലക്ടർമാർ കൃത്യമായ കാരണങ്ങൾ പറയേണ്ടിവരും. കാരണം ഇവരിൽ ആരെയെങ്കിലും ഒഴിവാക്കിയാൽ, സൂര്യ എങ്ങനെ ടീമിൽ സ്ഥാനം നിലനിർത്തുന്നു എന്ന ചോദ്യം ഉയരും.’’ – ബിസിസിഐ വൃത്തം പിടിഐയോടു പറഞ്ഞു.
അയർലൻഡ് അല്ലെങ്കിൽ ഏഷ്യൻ ഗെയിംസ്ജൂണിൽ നടക്കുന്ന അയർലൻഡ് പര്യടനത്തിലെ ട്വന്റി20 പരമ്പരയ്ക്കായി ദേശീയ സെലക്ടർമാർ തിരഞ്ഞെടുത്ത 35 ട്വന്റി20 സ്പെഷലിസ്റ്റുകളുടെ പട്ടികയിൽ വൈഭവ് സൂര്യവംശിയുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. സീനിയർ ഇന്ത്യൻ പുരുഷ ടീമിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന സച്ചിൻ തെൻണ്ടുൽക്കറുടെ റെക്കോർഡ് വൈഭവ് സൂര്യവംശി മറികടക്കുമെന്നതിൽ സംശയമില്ല.
ജൂണിലെ അയർലൻഡ് പര്യടനമാണോ, അതിനുശേഷമുള്ള സിംബാബ്‌വെ പര്യടനമാണോ, അതോ സെപ്റ്റംബറിൽ ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസോ വെസ്റ്റീൻഡീസിനെതിരായ നാട്ടിലെ ട്വന്റി20 പരമ്പരയാണോ വൈഭവിന്റെ അരങ്ങേറ്റത്തിന് അനുയോജ്യമെന്ന് സെലക്ഷൻ പാനൽ ആലോചിക്കുന്നുണ്ട്. ഏഷ്യൻ ഗെയിംസും വെസ്റ്റിൻഡീസിനെതിരായ പരമ്പരയും ഒരേസമയമാണ് നടക്കുന്നതെന്നതിനാൽ രണ്ടു ടീമുകളെ ഉറപ്പായും തിരഞ്ഞെടുക്കണം. അതിനാൽ ഏതെങ്കിലും ഒരു ടീമിൽ വൈഭവിന്റെ സ്ഥാനം ഉറപ്പാണ്.
‘‘അയർലൻഡ് വീസ നടപടികൾക്കായി കുറഞ്ഞത് 35 പേരുകളെങ്കിലും നൽകാൻ ബിസിസിഐ ലോജിസ്റ്റിക്സ് വിഭാഗം സെലക്ടർമാരോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ ടീമിന്റെ ആദ്യ എൻട്രി പോയിന്റ് ഇംഗ്ലണ്ടല്ല, അയർലൻഡ് ആയതിനാൽ യുകെ വീസ സ്വീകരിക്കില്ല. എല്ലാവർക്കും പ്രത്യേകം അയർലൻഡ് വീസ ആവശ്യമാണ്.’’ ബിസിസിഐ വൃത്തം പറഞ്ഞു. അയർലൻഡ് പര്യടനത്തിനു ശേഷമാണ് ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്ക് പോകുക. പരമാവധി 17 അംഗ സ്ക്വാഡിനെ വരെ തിരഞ്ഞെടുക്കാമെങ്കിലും രണ്ടു മത്സരം മാത്രമുള്ള അയർലൻഡ് പര്യടനത്തിന് 15 അംഗ സ്ക്വാഡാകും സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുക്കുക.
English Summary:








English (US) ·