Published: October 13, 2025 11:18 PM IST
1 minute Read
പട്ന∙ ഇന്ത്യ അണ്ടർ 19 ടീമില്‍ തകർപ്പൻ പ്രകടനം നടത്തിയ 14 വയസ്സുകാരൻ വൈഭവ് സൂര്യവംശിയെ രഞ്ജി ട്രോഫി ടീമിന്റെ വൈസ് ക്യാപ്റ്റനാക്കി ‘പ്രമോഷൻ’ നൽകി ബിഹാർ ക്രിക്കറ്റ് ടീം. രഞ്ജി ട്രോഫി സീസണിലെ ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള ടീം പ്രഖ്യാപിച്ചപ്പോൾ വൈഭവാണു വൈസ് ക്യാപ്റ്റൻ. ബുധനാഴ്ച തുടങ്ങുന്ന ആദ്യ മത്സരത്തിൽ സാക്കിബുൽ ഗനിയാണ് ബിഹാറിനെ നയിക്കുന്നത്. പ്ലേറ്റ് ലീഗിലെ ആദ്യ മത്സരത്തിൽ അരുണാചൽ പ്രദേശാണ് ബിഹാറിന്റെ എതിരാളികൾ. രഞ്ജി ട്രോഫിയിൽ വൈസ് ക്യാപ്റ്റനാകുന്ന പ്രായം കുറഞ്ഞ താരമാണ് വൈഭവ്.
കഴിഞ്ഞ സീസണിൽ ഒരു വിജയം പോലും നേടാൻ സാധിക്കാതിരുന്നതോടെയാണ് ബിഹാർ പ്ലേറ്റ് ലീഗ് ഘട്ടത്തിലേക്കു താഴ്ത്തപ്പെട്ടത്. 2023–24 രഞ്ജി സീസണിൽ 12–ാം വയസ്സിലാണ് വൈഭവ് ബിഹാറിനായി അരങ്ങേറ്റ മത്സരം കളിച്ചത്. 13–ാം വയസ്സിൽ രാജസ്ഥാൻ റോയൽസുമായി കരാറൊപ്പിട്ട വൈഭവ്, ഇന്ത്യ അണ്ടർ 19 ടീമിനൊപ്പം ഇംഗ്ലണ്ട്, ഓസ്ട്രേലിയ പര്യടനങ്ങളിലും തിളങ്ങി.
ഐപിഎലിന്റെ കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തുകളിൽ സെഞ്ചറി നേടിയതോടെയാണ് വൈഭവ് രാജ്യാന്തര തലത്തിൽ തന്നെ ചർച്ചാ വിഷയമാകുന്നത്. ട്വന്റി20 ക്രിക്കറ്റിൽ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരമാണ് വൈഭവ് സൂര്യവംശി. ഐപിഎലിലെ വേഗതയേറിയ രണ്ടാമത്തെ സെഞ്ചറി കൂടിയായിരുന്നു ഇത്. വൈസ് ക്യാപ്റ്റനാണെങ്കിലും രഞ്ജി സീസണിലെ എല്ലാ മത്സരങ്ങളിലും വൈഭവ് ബിഹാറിനായി കളിക്കാൻ സാധ്യതയില്ല. അടുത്ത വർഷം സിംബാബ്‍വെയിലും നമീബിയയിലുമായി നടക്കേണ്ട അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ വൈഭവിനു കളിക്കേണ്ടിവരും.
രഞ്ജി ട്രോഫിക്കുള്ള ബിഹാർ ടീം– പിയുഷ് കുമാർ സിങ്, ഭാസ്കർ ദുബെ, സാക്കിബുൽ ഗനി (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി (വൈസ് ക്യാപ്റ്റൻ), അർനവ് കിഷോർ, ആയുഷ് ലോഹാരുക, ബിപിൻ സൗരഭ്, അമോദ് യാദവ്, നവാസ് ഖാൻ, സാക്കിബ് ഹുസെയ്ൻ, രാഘവേന്ദ്ര പ്രതാപ് സിങ്, സച്ചിൻ കുമാര്‍ സിങ്, ഹിമാൻഷു സിങ്, ഖാലിദ് ആലം, സച്ചിൻ കുമാർ.
English Summary:







English (US) ·