Published: April 30, 2026 06:52 PM IST Updated: April 30, 2026 11:34 PM IST
1 minute Read
മുംബൈ ∙ ഐപിഎൽ 2025 ലേലത്തിൽ വൈഭവ് സൂര്യവംശിയെ രാജസ്ഥാൻ റോയൽസ് 1.1 കോടി രൂപയ്ക്ക് എടുത്തപ്പോൾ, ഇതൊരു വലിയ ഭാഗ്യപരീക്ഷണമാണെന്നാണ് പലരും പറഞ്ഞത്. എന്നാൽ, വൈഭവിനായി മാത്രം 10 കോടി രൂപ വരെ മാറ്റിവയ്ക്കാൻ താൻ ഫ്രാഞ്ചൈസിയോട് പറഞ്ഞിരുന്നതായാണ് രാജസ്ഥാൻ ടീമിന്റെ ഡയറക്ടർ സുബിൻ ബറൂച്ച അടുത്തിടെ വെളിപ്പെടുത്തിയത്.
വൈഭവിനെക്കുറിച്ചുള്ള തന്റെ ആദ്യ മതിപ്പ് തന്നെ അദ്ഭുതപ്പെടുത്തിയെന്നും ബറൂച്ച കൂട്ടിച്ചേർത്തു. പതിനഞ്ചുകാരനായ താരം ആ വിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്തു. ഈ സീസണിൽ ഇതുവരെ 52, 31, 39, 78, 0, 46, 8, 103, 43 എന്നിങ്ങനെയാണ് വൈഭവിന്റെ സ്കോറുകൾ. നിലവിൽ ഒമ്പത് ഇന്നിങ്സുകളിൽനിന്ന് നിന്ന് 44.44 ശരാശരിയിലും 238.09 സ്ട്രൈക്ക് റേറ്റിലും 400 റൺസുമായി അദ്ദേഹം റൺവേട്ടക്കാരുടെ പട്ടികയിൽ രണ്ടാമനാണ്. ഐപിഎൽ 2026ൽ 400 റൺസ് തികയ്ക്കുന്ന ആദ്യ താരമാണ് വൈഭവ്.
രാജസ്ഥാൻ റോയൽസിന്റെ സ്കൗട്ടിങ് സംവിധാനത്തെ പ്രശംസിച്ച് ഇംഗ്ലണ്ട് മുൻ പേസർ സ്റ്റുവർട്ട് ബ്രോഡ് അടുത്തിടെ നടത്തിയ രസകരമായ ഒരു പ്രസ്താവന സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. ‘‘രാജസ്ഥാൻ റോയൽസിന്റെ സ്കൗട്ടിങ് സംവിധാനത്തിനോ അക്കാദമി സംവിധാനത്തിനോ അവർ ചെയ്തതെന്തായാലും അഭിനന്ദനങ്ങൾ. ലേലത്തിൽ അവർ വൈഭവിനെ ടീമിലെടുക്കുമ്പോൾ എനിക്ക് ഓർമ്മയുണ്ട് - അവന് 14, ചിലപ്പോൾ 13 വയസ്സായിരുന്നു - ഇത്രയും ചെറിയ പ്രായമുള്ള ഒരാളെ ഐപിഎലിലേക്ക് കൊണ്ടുവരുന്നത് അൽപം വിചിത്രമാണെന്ന് ഞാൻ കരുതി.
മൂന്നു വർഷത്തേക്ക് അവനെ സ്ക്വാഡിനൊപ്പം നിലനിർത്തുന്നത് വലിയ സമ്മർദമാണ്. അതിന്റെ കാര്യമെന്താണ്? നിങ്ങൾക്ക് അവനുമായി 10 വർഷത്തെ കരാറുണ്ടാക്കാൻ കഴിയില്ലല്ലോ; അവസരം ലഭിച്ചാൽ അവൻ മുംബൈ ഇന്ത്യൻസിലേക്കോ മറ്റോ പോയേക്കാം. അതായത്, സത്യസന്ധമായി പറഞ്ഞാൽ, അടുത്ത തവണ അവന് വേണമെങ്കിൽ ലേലത്തിൽ പങ്കെടുത്തേക്കാം. അതു വേണ്ടെങ്കിൽ നിങ്ങൾ കുറച്ച് ഉറപ്പുകൾ അവനു നൽകണം.’’– ‘ഫോർ ദ് ലവ് ഓഫ് ക്രിക്കറ്റ്’ പോഡ്‌കാസ്റ്റിൽ മുൻ ഇംഗ്ലണ്ട് സഹതാരം ജോസ് ബട്‌ലറോട് ബ്രോഡ് പറഞ്ഞു.
നിലവിൽ ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി കളിക്കുന്ന മുൻ രാജസ്ഥാൻ ബാറ്റർ ബട്‌ലർ, ജസ്പ്രീത് ബുമ്ര, ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻസ് തുടങ്ങിയ ബോളർമാരെ ആദ്യ പന്തിൽ തന്നെ സിക്സറിനു പറത്തിയ സൂര്യവംശിയെ വാനോളം പുകഴ്ത്തി. ‘‘അവന് 15 വയസ്സ് മാത്രമേയുള്ളൂ, ക്രിസ് ഗെയ്‌ലിനെയും വീരേന്ദർ സേവാഗിനെയും പോലെ ഭയമില്ലാത്ത രീതിയിലാണ് അവൻ കളിക്കുന്നത്. അവർ അത് ചെയ്യുമ്പോൾ അവർക്ക് 30 അല്ലെങ്കിൽ 35 വയസ്സായിരുന്നു.
വൈഭവ് ഗ്രൗണ്ടിന്റെ എല്ലാ വശങ്ങളിലേക്കും പന്ത് പായിക്കുന്നു. ഇത് അതിശയിപ്പിക്കുന്നതാണ്. അവൻ അത്തരത്തിലുള്ള ഒരു കളിക്കാരനാണ്. രാജസ്ഥാൻ കളിക്കുമ്പോൾ, അവന്റെ ബാറ്റിങ് കാണാൻ വേണ്ടി മാത്രം ടിവി ഓൺ ചെയ്യണമെന്ന് എനിക്ക് തോന്നുന്നു. അത്രയും ആവേശകരമാണ് അത്. സൺറൈസേഴ്സിനെതിരായ മത്സരത്തിൽ അവൻ ആദ്യ പന്തിൽ തന്നെ പുറത്തായി - ഭയമില്ലാത്ത ക്രിക്കറ്റ് കളിക്കുമ്പോൾ ഉണ്ടാകുന്ന റിസ്ക്കാണത്. എന്നിട്ട് അടുത്ത തവണ തിരികെ വന്ന് അവർക്കെതിരെ തന്നെ ഒരു സെഞ്ചറി നേടി.’’– ബട്‌ലർ പറഞ്ഞു.
English Summary:







English (US) ·