വൈഭവ് സൂര്യവംശിയെ തൊട്ടു, അതിരുവിട്ട ആഘോഷം, കൈൽ ജാമിസനെ അച്ചടക്കം പഠിപ്പിക്കും, വലിയ ശിക്ഷ

1 month ago 5

ഓൺലൈൻ ഡെസ്ക്

Published: May 02, 2026 02:32 PM IST

1 minute Read

വൈഭവ് സൂര്യവംശിക്കെതിരായ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ജാമീസൻ. വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X@IPLൽ നിന്ന് എടുത്തതാണ്
വൈഭവ് സൂര്യവംശിക്കെതിരായ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ജാമീസൻ. വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X@IPLൽ നിന്ന് എടുത്തതാണ്

ജയ്പൂർ∙ ഐപിഎൽ മത്സരത്തിനിടെ രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശിയെ പുറത്താക്കിയപ്പോൾ, അതിരുവിട്ട് ആഘോഷിച്ച ഡല്‍ഹി പേസർ കൈല്‍ ജാമീസന് കുരുക്ക്. വെള്ളിയാഴ്ച നടന്ന മത്സരത്തിനു തൊട്ടുപിന്നാലെ ന്യൂസീലൻഡ് താരത്തിന് ഒരു ഡിമെറിറ്റ് പോയിന്റ് ശിക്ഷയായി ചുമത്തി. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിൾ 2.5 ലംഘിക്കപ്പെട്ടെന്നു കണ്ടെത്തിയാണ് ജാമീസനെതിരായ നടപടി. മത്സരത്തിനിടെ മറ്റൊരു താരത്തെ പ്രകോപിപ്പിക്കുന്നതിനു വേണ്ടി ഭാഷയോ, പ്രത്യേക ആക്ഷനോ ഉപയോഗിക്കുന്നത് ഐപിഎലിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

മത്സരത്തിൽ രാജസ്ഥാൻ ബാറ്റിങ്ങിനിടെ രണ്ടാം ഓവറിലാണ് വൈഭവ് സൂര്യവംശിയെ ജാമിസൻ പുറത്താക്കുന്നത്. വൈഭവിനെ ബോൾഡാക്കിയ ജാമിസൻ, ആവേശത്തിൽ താരത്തിന്റെ മുന്നിലേക്ക് ഓടിയെത്തി ആഘോഷിക്കുകയായിരുന്നു. താരത്തിന്റെ മുഖഭാവവും ആഘോഷവും സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ വിമര്‍ശനങ്ങൾ ഏറ്റുവാങ്ങി. 15 വയസ്സുമാത്രം പ്രായമുള്ള ഒരു കുട്ടിയെ പുറത്താക്കിയതിന് എന്താണ് ഇത്ര ആഘോഷിക്കാനെന്നാണ് ഒരു വിഭാഗം ആരാധകരുടെ ചോദ്യം. പിഴവു സംഭവിച്ചതായി ജാമിസൻ അംഗീകരിച്ചതായി മാച്ച് റഫറി രാജീവ് സേഥ് പ്രസ്താവനയിൽ അറിയിച്ചു.

രാജസ്ഥാൻ റോയസൽസിനെതിരെ ഏഴു വിക്കറ്റിനാണ് ഡൽഹി ക്യാപിറ്റൽസിന്റെ ജയം. 226 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് ‍ഡൽഹി മറികടന്നത്. അർധസെഞ്ചറി നേടിയ കെ.എൽ.രാഹുൽ (40 പന്തിൽ 75), പാത്തും നിസ്സങ്ക (33 പന്തിൽ 62), അശുതോഷ് ശർമ (15 പന്തിൽ 25*) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഡൽഹിയുടെ ജയം. തുടർച്ചയായ മൂന്നു പരാജയങ്ങൾക്കുശേഷമാണ് വിജയവഴിയിലേക്ക് ഡൽഹി തിരിച്ചെത്തിയത്. എട്ടു പോയിന്റുമായി ചെന്നൈയെ മറികടന്ന് ആറാം സ്ഥാനത്തേയ്ക്കു കയറുകയും ചെയ്തു. പോയിന്റ് ടേബിളിൽ ഒന്നാമതാകാനുള്ള അവസരമാണ് രാജസ്ഥാനു നഷ്ടമായത്. 12 പോയിന്റുമായി അവർ മൂന്നാം സ്ഥാനത്ത് തുടരുന്നു.

20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ‌ 225 റൺസാണ് നേടിയത്. സീസണിലെ ആദ്യ അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ റിയാൻ പരാഗ് (50 പന്തിൽ 90), അവസാന ഓവറുകളിൽ കത്തിക്കയറിയ ഡൊണോവൻ ഫെരേര (14 പന്തിൽ 47*), ധ്രുവ് ജുറേൽ (30 പന്തിൽ 42) എന്നിവരുടെ ഇന്നിങ്സാണ് ടീമിനെ മികച്ച സ്കോറിലെത്തിച്ചത്.  ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളിനും (3 പന്തിൽ 6) വൈഭവ് സൂര്യവംശിക്കും (2 പന്തിൽ 4) ഇന്നു തിളങ്ങാനായില്ല. 

English Summary:

Kyle Jamieson Penalized for Excessive Celebration successful IPL Match

Read Entire Article