Published: April 25, 2026 09:44 PM IST Updated: April 25, 2026 11:39 PM IST
2 minute Read
ജയ്പുർ∙ വൈഭവ് സൂര്യവംശി സെഞ്ചറി നേടിയിട്ടും ജയിക്കാനാകാതെ രാജസ്ഥാൻ റോയൽസ്. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ ജയ്പുർ സവായ് മാന്‍സിങ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ സീസണിലെ മൂന്നാം തോൽവിയാണു റോയൽസ് വഴങ്ങിയത്. രാജസ്ഥാൻ ഉയർത്തിയ 229 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് ഹൈദരാബാദ്, 18.3 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ വിജയ റൺസ് കുറിച്ചു. അഞ്ചു വിക്കറ്റ് വിജയമാണ് ഒന്‍പതു പന്തുകൾ ബാക്കി നിൽക്കെ ഹൈദരാബാദ് സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിൽ അർധ സെഞ്ചറികൾ നേടിയ ഇഷാൻ കിഷന്റെയും അഭിഷേക് ശർമയുടേയും ഇന്നിങ്സുകളാണ് ഹൈദരാബാദിനു കരുത്തായത്. 31 പന്തുകൾ നേരിട്ട ഇഷാൻ കിഷൻ 74 റൺസും, 29 പന്തുകൾ നേരിട്ട അഭിഷേക് ശർമ 57 റൺസും സ്വന്തമാക്കി. നിതീഷ് കുമാർ റെഡ്ഡി (18 പന്തിൽ 36), ഹെൻറിച് ക്ലാസൻ (24 പന്തിൽ 29) എന്നിവരും ഹൈദരാബാദിനായി തിളങ്ങി. വിജയത്തോടെ പോയിന്റു പട്ടികയിൽ പത്തു പോയിന്റുമായി സൺറൈസേഴ്സ് മൂന്നാം സ്ഥാനത്തുണ്ട്. 10 പോയിന്റുള്ള രാജസ്ഥാൻ നാലാം സ്ഥാനത്തും തുടരുന്നു.
മറുപടി ബാറ്റിങ്ങിൽ സ്കോർ ഏഴിൽ നിൽക്കെ ഹൈദരാബാദിന് ഓപ്പണർ ട്രാവിസ് ഹെഡിനെ നഷ്ടമായിരുന്നു. രാജസ്ഥാൻ പേസർ ജോഫ്ര ആർച്ചറുടെ പന്തിൽ വിക്കറ്റ് കീപ്പർ ധ്രുവ് ജുറേൽ ക്യാച്ചെടുത്താണ് ഹെഡിനെ പുറത്താക്കുന്നത്. എന്നാൽ അഭിഷേക് ശർമയ്ക്കൊപ്പം ഇഷാൻ കിഷനും കൂടി ചേർന്നതോടെ 6.5 ഓവറിൽ ഹൈദരാബാദ് 100 കടന്നു. സ്കോർ 139 ൽ നിൽക്കെ അഭിഷേകിനെ ഡോനോവൻ ഫെരേര വീഴ്ത്തി. പിന്നാലെ ഇഷാൻ കിഷനെ മടക്കി ആര്‍ച്ചര്‍ വിക്കറ്റു നേട്ടം രണ്ടാക്കി. മത്സരത്തിന്റെ 17–ാം ഓവറിൽ ഹൈദരാബാദ് 200 പിന്നിട്ട് വിജയത്തോട് അടുത്തു. ക്ലാസനെയും നിതീഷ് റെഡ്ഡിയെയും പുറത്താക്കി ബ്രിജേഷ് ശർമ രാജസ്ഥാനു പ്രതീക്ഷ നൽകിയെങ്കിലും, നാന്ദ്രെ ബർഗറിന്റെ 19–ാം ഓവറിലെ മൂന്നാം പന്ത് ഡീപ് സ്ക്വയർ ലെഗിന് മുകളിലൂടെ സിക്സർ പറത്തി സലിൽ അറോറ ഹൈദരാബാദിന്റെ വിജയമാഘോഷിച്ചു.
വൈഭവിന് സെഞ്ചറി
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 228 റൺസെടുത്തു. 37 പന്തുകൾ നേരിട്ട വൈഭവ് സൂര്യവംശി 12 സിക്സുകളും അഞ്ച് ഫോറുകളും ഉൾപ്പടെ 103 റൺസെടുത്തു. വൺഡൗണായിറങ്ങിയ ധ്രുവ് ജുറേല്‍ അർധ സെഞ്ചറിയുമായി (35 പന്തിൽ 51) തിളങ്ങി. അവസാന ഓവറുകളിൽ ഡോനോവൻ ഫെരേരയും രാജസ്ഥാനു വേണ്ടി തകർത്തടിച്ചു. 16 പന്തിൽ മൂന്നു വീതം സിക്സുകളും ഫോറുകളും തൂക്കിയ താരം 33 റൺസെടുത്താണു പുറത്തായത്.
പ്രഫുൽ ഹിംഗെയുടെ ആദ്യ ഓവറിൽ തന്നെ തുടർച്ചയായി നാലു സിക്സുകൾ പറത്തിയാണ് വൈഭവ് വെടിക്കെട്ടിനു തിരികൊളുത്തിയത്. ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമിൻസിനെ നേരിട്ട ആദ്യ പന്തിൽ തന്നെ നിലം തൊടീക്കാതെ ബൗണ്ടറി കടത്തി നയം വ്യക്തമാക്കി. നേരിട്ട 15 പന്തുകളിൽ വൈഭവ് അർധ സെഞ്ചറി പിന്നിട്ടതോടെ രാജസ്ഥാന്റെ പവർപ്ലേ സ്കോർ 76ല്‍ എത്തി. 10 റൺസെടുത്ത യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് പവർപ്ലേയിൽ രാജസ്ഥാനു നഷ്ടമായത്. പിന്നാലെയെത്തിയ ധ്രുവ് ജുറേലും തകർത്തടിച്ചതോടെ ഒൻപത് ഓവറിൽ രാജസ്ഥാൻ 100 കടന്നു.
സ്കോർ 152 ൽ നിൽക്കെ ജുറേലിനെ നിതീഷ് കുമാർ റെഡ്ഡി മടക്കി. സാക്കിബ് ഹുസെയ്ന്റെ 14–ാം ഓവറിൽ സിക്സർ പറത്തിയാണ് വൈഭവ് സെഞ്ചറി ആഘോഷിച്ചത്. തൊട്ടുപിന്നാലെ സാക്കിബിന്റെ തന്നെ മികച്ചൊരു പന്തിൽ എൽബിഡബ്ല്യു ആയി വൈഭവ് മടങ്ങി. അപ്പോഴേക്കും 170 റൺസെന്ന സുരക്ഷിതമായ നിലയിലേക്കു രാജസ്ഥാൻ എത്തിയിരുന്നു. ഏഴു റൺസെടുത്ത രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗ് പാറ്റ് കമിൻസിന്റെ പന്തിൽ പുറത്തായി വീണ്ടും നിരാശപ്പെടുത്തി. വൈഭവ് പുറത്തായ ശേഷം റണ്ണൊഴുക്കിന്റെ വേഗത കുറഞ്ഞെങ്കിലും 17.1 ഓവറിൽ രാജസ്ഥാൻ 200 പിന്നിട്ടു. ഹൈദരാബാദിനായി ഇഷാൻ മലിംഗ രണ്ടും പ്രഫുൽ ഹിംഗെ, പാറ്റ് കമിൻസ്, സാക്കിബ് ഹുസെയ്ൻ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.
English Summary:







English (US) ·