Published: June 08, 2026 07:47 PM IST
1 minute Read
കൊടുവള്ളി (കോഴിക്കോട്) ∙ നാല് വർഷങ്ങൾക്ക് മുൻപ് ഖത്തറിന്റെ മണ്ണിൽ ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളും മുൻപെ ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകരെ കൂറ്റൻ കട്ടൗട്ടുകളുയർത്തി വിസ്‌മയിപ്പിച്ച പുള്ളാവൂർ ചെറുപുഴ കടവിൽ ഇത്തവണയും സർപ്രൈസുണ്ട്, കുറച്ച് ദിവസങ്ങൾകൂടി കാത്തിരിക്കണമെന്നു മാത്രം. ലയണൽ മെസ്സിയും, ക്രിസ്‌റ്റ്യാനോ റൊണാൾഡോയും, നെയ്‌മാറും നെഞ്ചുവിരിച്ച് നിന്ന അതേ പുള്ളാവൂരിലെ ചെറുപുഴയിൽ വേറിട്ട രീതിയിൽ കാഴ്‌ചയുടെ പൂരമൊരുക്കാനാണ് ഇത്തവണ ആരാധകക്കുട്ടത്തിന്റെ ശ്രമം.
What you should work next
ഇത്തവണ ആ കാഴ്‌ചയൊരുക്കാൻ അൽപം ചെലവേറുമെന്നും, അതു വെറും കട്ടൗട്ടായിരിക്കില്ലെന്നുമുള്ള സൂചനകൾ മാത്രമാണ് അർജന്റീന ആരാധകർ പങ്കുവയ്ക്കുന്നത്. യുഎസും, കാനഡയും, മെക്സിക്കോയും ആതിഥേയരാവുന്ന കാൽപന്തിന്റെ ലോക മേളയുടെ കിക്കോഫിന് ദിവസങ്ങൾ മാത്രം അകലെയായിട്ടും കഴിഞ്ഞ തവണ കണ്ട അത്ര ആവേശം ഇത്തവണ കാണാനില്ലെന്ന ചർച്ചകൾക്കിടെയാണ് പുള്ളാവൂരിലെ കളിയാരാധകർ തങ്ങളുടെ ടീമുകൾക്കായി ആവേശം നിറയ്ക്കാൻ സജീവമായിരിക്കുന്നത്.
കഴിഞ്ഞ തവണ സ്‌ഥാപിച്ച 30 അടിയുള്ള മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് അർജന്റീനിയൻ ഫുട്ബാൾ അസോസിയേഷന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലടക്കം പങ്കുവയ്ക്കപ്പെട്ടതോടെ ലോകമെങ്ങും പുള്ളാവൂരും ഇവിടുത്തെ ആരാധകരും വൈറലായിരുന്നു. തുടർന്ന് റൊണാൾഡോയും നെയ്‌മാറുമെല്ലാം ഇവിടെ കട്ടൗട്ടുകളിൽ നിറഞ്ഞു. മെസ്സിയുടെയും റൊണാൾഡോയുടെയുമെല്ലാം വിടവാങ്ങൽ ലോകകപ്പാവുമിതെന്ന സൂചനകളുള്ളതിനാൽ പ്രിയതാരങ്ങൾക്ക് ഉചിതമായ സ്നേഹവായ്പ്പൊരുക്കുന്ന നിലയിലാവും ഇത്തവണ പുള്ളാവൂർ സർപ്രൈസെന്നും ആരാധകർ വ്യക്തമാക്കുന്നുണ്ട്.
English Summary:





English (US) ·