Published: February 22, 2026 08:11 AM IST
1 minute Read
ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ താരം ശിഖർ ധവാനും കാമുകി സോഫി ഷൈനും വിവാഹിതരായി. ശനിയാഴ്ച ഡൽഹിയിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു. വിവാഹമുറപ്പിച്ച കാര്യം ജനുവരി ആദ്യം ശിഖർ ധവാൻ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം സംഗീത്, മെഹന്തി തുടങ്ങിയ പ്രീ-വെഡിങ് ചടങ്ങുകളുടെ ചിത്രങ്ങൾ ധവാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
ഇന്ത്യൻ താരമായ യുസ്‌വേന്ദ്ര ചെഹലാണ് വിവാഹച്ചടങ്ങിൽനിന്നുള്ള ചിത്രങ്ങൾ ആദ്യം പങ്കുവച്ചത്. പിന്നാലെ ധവാനും സോഫിയയും ചിത്രങ്ങൾ പങ്കുവച്ചു. ക്രിക്കറ്റ്, ബോളിവുഡ് മേഖലകളിൽനിന്നുള്ള പ്രമുഖർ ഇരുവർക്കും ആശംസ നേർന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ധവാന്റെ രണ്ടാം വിവാഹമാണിത്.
ശിഖർ ധവാനും അയർലൻഡ് സ്വദേശിനിയായ സോഫി ഷൈനും കഴിഞ്ഞ വർഷം ആദ്യമാണ് ഡേറ്റിങ്ങിലായത്. ദുബായിലെ ഒരു റസ്റ്ററന്റിൽ വച്ച് പരിചയപ്പെട്ട ഇരുവരും ഐസിസി ചാംപ്യൻസ് ട്രോഫിയും ഐപിഎൽ മത്സരങ്ങളും കാണാൻ ഒരുമിച്ചെത്തിയിരുന്നു. 2023ലാണ് ആദ്യ ഭാര്യ അയേഷ മുഖർജിയിൽനിന്ന് ശിഖർ ധവാൻ വിവാഹ മോചനം നേടിയത്. 2012ലായിരുന്നു ഇരുവരുടെയും വിവാഹം. ശിഖർ ധവാന്റെ മകൻ സോറാവർ അയേഷയ്ക്കൊപ്പം ഓസ്ട്രേലിയയിലാണു താമസിക്കുന്നത്. മകനെ കാണാൻ മുൻ ഭാര്യ അനുവദിക്കുന്നില്ലെന്ന് ധവാൻ സമൂഹമാധ്യമങ്ങളിൽ പല തവണ ആരോപണം ഉന്നയിച്ചിട്ടുണ്ട്. 2024ൽ ആണ് ശിഖർ ധവാൻ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചത്.
ലിമെറിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മാർക്കറ്റിങ് ആൻഡ് മാനേജ്മെന്റിൽ ബിരുദം നേടിയിട്ടുള്ള സോഫി ഷൈൻ, നിലവിൽ അബുദാബി ആസ്ഥാനമായുള്ള നോർത്തേൺ ട്രസ്റ്റ് കോർപറേഷനിൽ സെക്കൻഡ് വൈസ് പ്രസിഡന്റാണ്. ധാ വൺ സ്പോർട്സിന്റെ ജീവകാരുണ്യ വിഭാഗമായ ശിഖർ ധവാൻ ഫൗണ്ടേഷന്റെ മേധാവിയുമാണ്. ഇൻസ്റ്റഗ്രാമിൽ മൂന്നരലക്ഷത്തോളം ഫോളോവേഴ്സാണ് സോഫിക്കുള്ളത്.
English Summary:







English (US) ·