ശ്രേയസിന്റെ സാധ്യതകൾ അടയുന്നു, സൂര്യയ്ക്കു പകരക്കാരനാകാൻ ലോകകപ്പ് ഹീറോ; സഞ്ജു നയിക്കുമോ?

3 weeks ago 3

ഓൺലൈൻ ഡെസ്ക്

Published: May 09, 2026 02:40 PM IST Updated: May 09, 2026 03:57 PM IST

1 minute Read

സഞ്ജുവിനെ അഭിവാദ്യം ചെയ്യുന്ന സൂര്യ, സഞ്ജു സാംസൺ മത്സരത്തിനിടെ. ചിത്രം∙ ആർ.എസ്.ഗോപൻ, മനോരമ
ലോകകപ്പ് മത്സരത്തിനിടെ സഞ്ജുവിനെ അഭിവാദ്യം ചെയ്യുന്ന സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ. ചിത്രം∙ ആർ.എസ്. ഗോപൻ, മനോരമ

മുംബൈ∙ സൂര്യകുമാർ യാദവിനു പകരം ഇന്ത്യൻ ട്വന്റി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് മലയാളി താരം സഞ്ജു സാംസണിനെയും ബിസിസിഐ പരിഗണിക്കുന്നുണ്ടെന്നു വിവരം. ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ കിരീട വിജയത്തിൽ നിർണായക പ്രകടനം നടത്തിയത് സഞ്ജു സാംസണായിരുന്നു. ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിനായും തകർപ്പൻ ബാറ്റിങ്ങാണ് സഞ്ജു നടത്തുന്നത്. ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കുന്നില്ലെങ്കിലും, ഐപിഎലിൽ രാജസ്ഥാൻ റോയൽസിനെ നയിച്ചുള്ള അനുഭവ സമ്പത്തും സഞ്ജുവിനു തുണയാകും.

ശ്രേയസ് അയ്യരെയും ട്വന്റി20 ക്യാപ്റ്റനാക്കാൻ ശ്രമം നടക്കുന്നതായി കഴിഞ്ഞ ദിവസം അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ശ്രേയസ് ട്വന്റി20യിൽ രാജ്യാന്തര മത്സരം കളിച്ചിട്ട് രണ്ടു വർഷത്തിലേറെയായി. ഐപിഎലിൽ ഗംഭീര ഫോമിലാണെങ്കിലും, ദേശീയ ട്വന്റി20 ടീമിൽ സ്ഥിരസാന്നിധ്യമാകാന്‍ അയ്യർക്കു സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മികച്ച ഫോമിലുള്ള സഞ്ജുവിനെ ക്യാപ്റ്റൻസിയിലേക്കു പരിഗണിക്കാനുള്ള സാധ്യത തുറക്കുന്നത്.

ട്വന്റി20 ലോകകപ്പിൽ ബാറ്റിങ്ങിൽ തിളങ്ങാന്‍ സാധിക്കാതിരുന്ന സൂര്യകുമാർ യാദവിന് ഐപിഎലിലും ഫോം കണ്ടെത്താനായിട്ടില്ല. മുംബൈ ഇന്ത്യൻസ് 10 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ 195 റൺസാണ് സൂര്യ ആകെ നേടിയത്. ഐപിഎലിനു ശേഷം ജൂണിൽ അയർലൻഡിനെതിരെയും ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെയും ഇന്ത്യ ട്വന്റി20 പരമ്പരകൾ കളിക്കുന്നുണ്ട്. ഈ മത്സരങ്ങളിൽ ഐപിഎലിൽ തിളങ്ങിയ താരങ്ങളെ ഇറക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. അതേസമയം സൂര്യയ്ക്ക് ഏതാനും അവസരങ്ങൾ കൂടി നൽകാനാണു തീരുമാനമെങ്കിൽ ക്യാപ്റ്റൻസി മാറ്റം തൽക്കാലം ഉണ്ടാകില്ല. ഐപിഎലിൽ ഇനിയുള്ള മത്സരങ്ങളിൽ കൂടി സൂര്യയുടെ പ്രകടനം വിലയിരുത്തിയ ശേഷമാകും തീരുമാനം.

ഐപിഎൽ 2026 സീസണിൽ 10 മത്സരങ്ങൾ കളിച്ച സഞ്ജു, രണ്ട് സെഞ്ചറികളും ഒരു അർധ സെഞ്ചറിയും ഉൾപ്പടെ 402 റൺസ് നേടിയിട്ടുണ്ട്. ട്വന്റി20 ലോകകപ്പിൽ പ്ലേയർ ഓഫ് ദ് മാച്ച് പുരസ്കാരം വിജയിച്ച സഞ്ജു, വെസ്റ്റിൻഡീസിനെതിരായ സൂപ്പർ എട്ട് പോരാട്ടത്തിൽ 97 റൺസടിച്ച് ടീമിനെ വിജയത്തിലെത്തിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ സെമിയിലും ന്യൂസീലൻഡിനെതിരായ ഫൈനലിലും 89 റൺസ് വീതം നേടിയ സഞ്ജു, 321 റൺസാണ് ആകെ അടിച്ചുകൂട്ടിയത്.

English Summary:

BCCI Considers Samson arsenic Suryakumar Yadav's T20 Captain Replacement

Read Entire Article