Published: April 01, 2026 10:03 AM IST
1 minute Read
മുല്ലൻപുർ (ന്യൂ ചണ്ഡിഗഡ്) ∙ പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ക്ക് കൈത്തണ്ടയിലേറ്റ പരുക്ക് ഗുരുതരമെന്ന് സൂചന. ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിനിടെയാണ് ശ്രേയസിന് പരുക്കേറ്റത്. 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് കിങ്സിന്‍റെ ബാറ്റിങ്ങിനിടെ 12–ാം ഓവറിലായിരുന്നു സംഭവം.
കൂപ്പര്‍ കാനലി അടിച്ച പന്ത് നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിൽനിന്ന ശ്രേയസിന്റെ കയ്യിൽ കൊള്ളുകയായിരുന്നു. വേദന കൊണ്ടു പുളഞ്ഞ ശ്രേയസ്, നിലത്തേയ്ക്കു വീണു പോയി. ഗ്ലൗസ് ഊരിയതിനു പിന്നാലെ താരം വേദനകൊണ്ട് നിവിളിക്കുന്നതും കാണാമായിരുന്നു. ഉടൻ ഫിസിയോയും സപ്പോര്‍ട്ട് സ്റ്റാഫും എത്തി. ബാറ്റിങ് തുടര്‍ന്നുവെങ്കിലും അടുത്ത പന്തില്‍ ശ്രേയസ് പുറത്തായി.
വേദന ഇപ്പോഴും ഉണ്ടെന്നും എന്നാൽ പോസിറ്റീവായി ഇരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും എല്ലാം ശരിയായി വരുമെന്ന് പ്രതീക്ഷിക്കുന്നതായും മത്സരശേഷം ശ്രേയസ് പറഞ്ഞു. ശ്രേയസിന്‍റെ പരുക്ക് ടീം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നാണ് റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍ കൂടിയായ താരം പുറത്തായാൽ ടീമിന് അതു വലിയ ആഘാതമാകും.
കഴിഞ്ഞ വർഷം, ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ മത്സരത്തിൽ ക്യാച്ചെടുക്കുന്നതിനിടെ ശ്രേയസ്സിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ശസ്ത്രക്രിയയ്ക്കു വിധേയനായ താരം, രണ്ടു മാസത്തെ വിശ്രമത്തിനു ശേഷമാണ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. ഇതിനിടെയാണ് ഐപിഎലിലെ ആദ്യ മത്സരത്തിൽ തന്നെ വീണ്ടും പരുക്കേറ്റത്.
ഗുജറാത്തിനെതിരായ മത്സരത്തിൽ പഞ്ചാബ് മൂന്നു വിക്കറ്റിന് വിജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഉയർത്തിയ 163 റൺസ് ലക്ഷ്യം 19.1 ഓവറിൽ പഞ്ചാബ് മറികടന്നു. സ്കോർ: ഗുജറാത്ത് 20 ഓവറിൽ 6ന് 162. പഞ്ചാബ് 19.1 ഓവറിൽ 7ന് 165. പലകുറി മാറിമറിഞ്ഞ ഐപിഎൽ മത്സരത്തിൽ, ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബ് കിങ്സിന് 3 വിക്കറ്റിന്റെ ആവേശജയം സമ്മാനിച്ചത് 44 പന്തിൽ പുറത്താകാതെ 72 റൺസുമായി പൊരുതിയ കൂപ്പർ കാനലിയാണ്.
English Summary:








English (US) ·