ശ്രേയസ്സിന് ‘ഹാട്രിക്’ ഫിഫ്റ്റി, തുടർച്ചയായ അഞ്ചാം മത്സരത്തിലും വിക്കറ്റില്ലാതെ ബുമ്ര; മുംബൈയെ വീഴ്ത്തി പഞ്ചാബ് ഒന്നാമത്

1 month ago 7

ഓൺലൈൻ ഡെസ്‌ക്

Published: April 16, 2026 11:12 PM IST Updated: April 16, 2026 11:23 PM IST

1 minute Read

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സ് ബാറ്റർമാരായ പ്രഭ്‌സിമ്രാൻ സിങ്ങും (ഇടത്) ശ്രേയസ്സ് അയ്യരും REUTERS/Francis Mascarenhas
മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സ് ബാറ്റർമാരായ പ്രഭ്‌സിമ്രാൻ സിങ്ങും (ഇടത്) ശ്രേയസ്സ് അയ്യരും REUTERS/Francis Mascarenhas

മുംബൈ∙ വാങ്കഡെയ സ്റ്റേഡിയത്തിൽ പഞ്ചാബ് കിങ്സ് ഒന്നുകൂടി അടിവരയിട്ടു പറഞ്ഞു: ഈ ടൂർണമെന്റ് ഞങ്ങൾ ജയിക്കാനായിട്ടാണ് കളിക്കുന്നതാണ്. മുംബൈ ഇന്ത്യൻസിനെ അവരുടെ തട്ടകത്തിൽ ഏഴു വിക്കറ്റിനു തകർത്താണ് പഞ്ചാബ് കിങ്സ് ഐപിഎൽ 19–ാം സീസണിന്റെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേയ്ക്കു കയറിയത്. സീസണിൽ ഇതുവരെ ഒരു മത്സരം പോലും തോൽക്കാത്ത ടീമെന്ന ഖ്യാതി ശ്രേയസ്സ് അയ്യരും സംഘവും നിലനിർത്തി.

മുംബൈ ഉയർത്തിയ 196 റൺസെന്ന വിജയലക്ഷ്യം 16.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് മറികടന്നത്. അർധസെഞ്ചറി നേടിയ ഓപ്പണർ പ്രഭ്സിമ്രാൻ സിങ് (39 പന്തിൽ 80), തുടർച്ചയായ മൂന്നാം അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ (35 പന്തിൽ 66) എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങാണ് പഞ്ചാബിനു ജയം സമ്മാനിച്ചത്. മുംബൈയ്ക്കായി സെഞ്ചറി നേടിയ ക്വിന്റൻ ഡികോക്ക് (60 പന്തിൽ 112*), അർധസെഞ്ചറി നേടിയ നമൻ ധിർ (31 പന്തിൽ 50) എന്നിവരുടെ ഇന്നിങ്സുകൾ പാഴായി.

മറുപടി ബാറ്റിങ്ങിൽ, പവർപ്ലേയ്ക്കുള്ളിൽ തന്നെ ഓപ്പണർ പ്രിയാൻശ് ആര്യയെയും (9 പന്തിൽ 15), കൂപ്പർ കാനലി (12 പന്തിൽ 17) എന്നിവരെ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ ഒന്നിച്ച പ്രഭ്സിമ്രാൻ– ശ്രേയസ് സഖ്യം പഞ്ചാബിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. നിലയുറപ്പിക്കാൻ കുറച്ചു സമയമെടുത്തെങ്കിലും പത്താം ഓവർ പിന്നിട്ടതോടെ ഇരുവരും ‘ഗിയർ’ മാറ്റുകയായിരുന്നു. പിന്നീട് തുടർച്ചയായി ബൗണ്ടറികളും സിക്സും പാഞ്ഞതോടെ പഞ്ചാബ് അതിവേഗം വിജയത്തിലേക്ക് അടുത്തു. അതിനിടെ ഇരുവരും അർധസെഞ്ചറി പൂർത്തിയാക്കുകയും ചെയ്തു. 16–ാം ഓവറിൽ ശ്രേയസ് പുറത്താകുമ്പോൾ പഞ്ചാബ് വിജയത്തിന് 12 റൺസ് മാത്രം അകലെയായിരുന്നു.

പിന്നീടെത്തിയ മാർക്കസ് സ്റ്റോയിനിസ് (5 പന്തിൽ 10*) പഞ്ചാബിന്റെ വിജയറൺ നേടി. മൂന്നാം വിക്കറ്റിൽ പ്രഭ്സിമ്രാൻ– ശ്രേയസ് സഖ്യം 139 റൺസാണ് കൂട്ടിച്ചേർത്തത്. തുടർച്ചയായ അഞ്ചാം മത്സരത്തിലും ജസ്പ്രീത് ബുമ്രയ്ക്കു വിക്കറ്റ് വീഴ്ത്താൻ സാധിക്കാതെയിരുന്നത് മുംബൈയ്ക്കു തിരിച്ചടിയായി. നാല് ഓവറിൽ 41 റൺസും താരം വിട്ടുകൊടുത്തു. ദീപക് ചാഹർ 2.3 ഓവറിൽ 45 റൺസ് വിട്ടുകൊടുത്തപ്പോൾ ഷാർദുൽ ഠാക്കൂർ 3 ഓവറിൽ 42 റൺസ് വഴങ്ങിയാണ് ഒരു വിക്കറ്റെടുത്തത്.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ ക്വിന്റൻ ഡികോക്കിന്റെ സെഞ്ചറിയും നമൻ ധിറിന്റെ അർധസെഞ്ചറിയുമാണ് മികച്ച സ്കോറിലെത്തിച്ചത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 122 റൺസ് കൂട്ടിച്ചേർത്തു. പഞ്ചാബിനായി അർഷ്ദീപ് സിങ് നാല് ഓവറിൽ 22 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. സേവ്യർ ബാർട്‌ലെറ്റ്, ശശാങ്ക് സിങ്ങ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

English Summary:

IPL 2026: Mumbai Indians vs Punjab Kings, Live Score

Read Entire Article