Published: April 14, 2026 05:30 PM IST Updated: April 14, 2026 10:31 PM IST
1 minute Read
മെൽബൺ ∙ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ഇതിഹാസതാരം ഷെയ്ൻ വോണിന്റെ മരണത്തിനു നാലു വർഷത്തിനു ശേഷം ഗുരുതര ആരോപണവുമായി മകൻ ജാക്സൺ. ‘‘മൂന്നോ നാലോ തവണ കോവിഡ് വാക്സീൻ എടുക്കാൻ നിർബന്ധിതനായതു മൂലാണ് തന്റെ പിതാവ് മരിച്ചതെന്നാണ് ജാക്സന്റെ വെളിപ്പെടുത്തൽ. ഒരു പോഡ്കാസ്റ്റിൽ സംസാരിക്കുമ്പോഴാണ് ജാക്സന്റെ ആരോപണം. 2022ൽ തായ്‌ലൻഡിൽ വച്ച് ഹൃദയാഘാതത്തെത്തുടർന്നായിരുന്നു ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസമായ ഷെയ്ൻ വോണിന്റെ മരണം. 52–ാം വയസ്സിലാണ് താരം വിടവാങ്ങിയത്.
‘‘മരണത്തിൽ കോവിഡ് വാക്‌സീനു തീർച്ചയായും പങ്കുണ്ടെന്ന് ഞാൻ കരുതുന്നു. ഇതു പറയുന്നത് ഇപ്പോൾ ഒരു വിവാദമാണെന്ന് പോലും ഞാൻ കരുതുന്നില്ല. ഡാഡിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇത് അവയെ പുറത്തുകൊണ്ടുവന്നു എന്നാണ് ഞാൻ കരുതുന്നത്. അത് എന്നെ എപ്പോഴും അലട്ടുന്ന ഒന്നാണ്. വോണിന്റെ മരണവാർത്ത കേട്ട് ഫോൺ വച്ചയുടൻ എന്റെ ആദ്യത്തെ ചിന്ത, സർക്കാരിനെ കുറ്റപ്പെടുത്തുക എന്നതായിരുന്നു. ഞാൻ ഉടൻ തന്നെ കോവിഡിനെയും വാക്സീനെയും കുറ്റപ്പെടുത്തി. അനുസ്മരണ ചടങ്ങിൽ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ നിന്ന് ഞാൻ കഷ്ടിച്ചാണ് സ്വയം നിയന്ത്രിച്ചത്. ഞാൻ അത് പറയാതിരുന്നത് ഒരുപക്ഷേ ബുദ്ധിപരമായിരിക്കാം, പറഞ്ഞിരുന്നെങ്കിൽ ഞാൻ ഇന്ന് വളരെ വ്യത്യസ്തമായ ഒരു നിലയിലാകുമായിരുന്നു. പക്ഷേ എനിക്ക് അന്ന് അങ്ങനെയാണ് തോന്നിയത്.’’– ജാക്സൺ പറഞ്ഞു.
‘‘മുൻപും ഒരുപാട് ആളുകൾ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. പക്ഷേ പിതാവിന് കുഴപ്പമൊന്നുമില്ലായിരുന്നു, അദ്ദേഹം മൂന്നോ നാലോ ഡോസുകൾ എടുത്തിട്ടുണ്ടാകുമെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന് അവ എടുക്കാൻ താല്പര്യമില്ലായിരുന്നു, ജോലിക്കായി അവ എടുക്കാൻ അദ്ദേഹം നിർബന്ധിതനായി. മറ്റെല്ലാവരെയും പോലെ അദ്ദേഹവും അവ എടുക്കാൻ നിർബന്ധിതനായി.ഞാൻ ഇതിനെക്കുറിച്ച് അധികം ചിന്തിക്കാതിരിക്കാൻ ശ്രമിക്കുകയാണ്, കാരണം അത് ദേഷ്യമായി മാറുകയേ ഉള്ളൂ. ആ ദേഷ്യം ആർക്കും നല്ലതല്ല.’’– ജാക്സൺ കൂട്ടിച്ചേർത്തു.
പുകവലിയും മദ്യപാനവും ഉണ്ടായിരുന്നിട്ടും ഷെയ്ൻ വോൺ താരതമ്യേന ആരോഗ്യവാനായിരുന്നെന്നും ജാക്സൺ പറഞ്ഞു. ‘‘അക്കാലത്ത് ഡാഡി ആരോഗ്യവാനായിരുന്നു, സന്തോഷവാനായിരുന്നു. കുറച്ചു കാലത്തിനിടയിൽ അദ്ദേഹം ഏറ്റവും മികച്ച രൂപത്തിലായിരുന്നു. അദ്ദേഹം പുകവലിക്കുകയും മദ്യപിക്കുകയും ചെയ്തിരുന്നു, എന്നാൽ 80കളിലും 90കളിലുമുള്ള ഒട്ടേറെ ആളുകൾ ഡാഡിയേക്കാൾ കൂടുതൽ പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യാറുണ്ട്.’’ ജാക്സൺ പറഞ്ഞു.
2021ൽ ഇംഗ്ലണ്ടിലെ ‘ദ് ഹണ്ട്രഡ’ ടൂർണമെന്റിലെ പരിശീലന കാലയളവിൽ, മരണത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പ് വോണിന് കോവിഡ് ബാധിച്ചിരുന്നു. എങ്കിലും, അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം സംഭവിക്കുമ്പോൾ കാര്യമായ അസുഖങ്ങളൊന്നും ഉള്ളതായി അറിവുണ്ടായിരുന്നില്ല. 2022 മാര്‍ച്ചിലാണ് ഷെയ്ൻ വോണിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
English Summary:








English (US) ·