സച്ചിനൊപ്പം അരങ്ങേറിയ താരം, കാൻസർ പിടിപെട്ട് 28–ാം വയസ്സിൽ വിരമിക്കൽ, മുൻ ഭാര്യയുടെ ആത്മഹത്യ; ഒടുവിൽ മാനസികാരോഗ്യ കേന്ദ്രത്തിൽ

1 week ago 7

1989 നവംബർ 15, കറാച്ചിയിലെ നാഷനൽ സ്റ്റേഡിയം ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഒരു സുപ്രധാന ഏടാണ്. ലോക ക്രിക്കറ്റിനെ വരും ദശകങ്ങളിൽ മുടിചൂടാ മന്നന്മാരായി ഭരിക്കാൻ പോകുന്ന നാല് യുവതാരങ്ങൾ അവിടെ ഒന്നിച്ചു കളത്തിലിറങ്ങി. ഒരു വശത്ത് 16 വയസ്സുകാരനായ സച്ചിൻ തെൻഡുൽക്കറും 21 വയസ്സുകാരനായ സലിൽ അങ്കോളയും. മറുവശത്ത് പാക്കിസ്ഥാന്റെ പേസ് കരുത്താകാൻ പോകുന്ന വഖാർ യൂനിസും ഷാഹിദ് സയീദും.

What you should work next

വർഷങ്ങൾക്കിപ്പുറം സച്ചിൻ തെൻഡുൽക്കർ 200 ടെസ്റ്റുകളും 15,921 റൺസുമായി ക്രിക്കറ്റിന്റെ ദൈവമായി മാറിയപ്പോൾ, വഖാർ യൂനിസ് 87 ടെസ്റ്റുകളിൽ നിന്ന് 373 വിക്കറ്റുകൾ നേടി പാക്കിസ്ഥാന്റെ എക്കാലത്തെയും മികച്ച പേസർമാരിൽ ഒരാളായി. എന്നാൽ അതേ കറാച്ചി ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ഷാഹിദ് സയീദിനും ഇന്ത്യയുടെ സലിൽ അങ്കോളയ്ക്കും കളിമുറ്റത്ത് ദൈവം കാത്തുവച്ചത് തികച്ചും വ്യത്യസ്തമായ വിധിയായിരുന്നു. സയീദിനെപ്പോലെ തന്നെ അങ്കോളയ്ക്കും കരിയറിലെ ആദ്യ ടെസ്റ്റ് മത്സരം തന്നെ അവസാനത്തേതായി മാറി. അന്ന് സച്ചിന്റെയും വഖാറിന്റെയും വരവ് ആഘോഷിച്ച ലോകം, തികച്ചും അപ്രതീക്ഷിതമായി മാറ്റിനിർത്തപ്പെട്ട സലിൽ അങ്കോളയെന്ന മഹാരാഷ്ട്രക്കാരൻ പേസറിന്റെ വരുംകാല ദുരന്തങ്ങൾ കണ്ടില്ല.

∙ കൊടുങ്കാറ്റുപോലെ വന്ന അരങ്ങേറ്റ സീസൺ

ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളിലൂടെയാണ് അങ്കോള സിലക്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. 1988-89 സീസണിൽ മഹാരാഷ്ട്രയ്ക്കായി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ച അങ്കോള, ഗുജറാത്തിനെതിരെയുള്ള ആദ്യ മത്സരത്തിൽ തന്നെ ഹാട്രിക്കും ആറു വിക്കറ്റും 43 റൺസും നേടി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. തൊട്ടുപിന്നാലെ ബറോഡയ്ക്കെതിരെ 51 റൺസ് വഴങ്ങി 6 വിക്കറ്റ് വീണ്ടും നേടി. അരങ്ങേറ്റ സീസൺ അവസാനിക്കുമ്പോൾ 20.18 ശരാശരിയിൽ 27 വിക്കറ്റുകളാണ് അങ്കോള സ്വന്തമാക്കിയത്.

1997 സെപ്റ്റംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ സലിൽ അങ്കോളയുടെ ബോളിങ്. (Photo by STEPHEN SHAVER / AFP)

1997 സെപ്റ്റംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ സലിൽ അങ്കോളയുടെ ബോളിങ്. (Photo by STEPHEN SHAVER / AFP)

വേഗമേറിയ ബോളർമാരുടെ കുറവ് നേരിട്ടിരുന്ന ഇന്ത്യയ്ക്ക് അങ്കോളയുടെ വരവ് വലിയ പ്രതീക്ഷ നൽകി. തുടർന്നാണ് സച്ചിനൊപ്പം പാക്കിസ്ഥാനിലേക്കുള്ള ഇന്ത്യൻ ടീമിൽ അങ്കോളയ്ക്ക് ഇടം ലഭിക്കുന്നത്. ഇമ്രാൻ ഖാനും വസിം അക്രത്തിനും വഖാറിനുമെതിരെ കളിക്കാനിറങ്ങുന്നതിന് തൊട്ടുമുൻപ് നടന്ന ടൂർ മത്സരത്തിൽ ബിസിസിപി പാട്രൺസ് ഇലവനെതിരെ ഇരു ഇന്നിങ്സുകളിലുമായി 8 വിക്കറ്റുകൾ വീഴ്ത്തി (ഒന്നാം ഇന്നിങ്സിൽ 6/77, രണ്ടാം ഇന്നിങ്സിൽ 2) അങ്കോള തന്റെ ടെസ്റ്റ് ക്യാപ്പ് ഉറപ്പിച്ചു.

കറാച്ചി ടെസ്റ്റിൽ അങ്കോള മോശമല്ലാത്ത പ്രകടനമാണ് നടത്തിയത്. അന്ന് പാക്കിസ്ഥാന്റെ സ്റ്റാർ ബാറ്റർ സലീം മാലിക്കിനെ പുറത്താക്കിക്കൊണ്ടാണ് അങ്കോള തന്റെ ആദ്യ രാജ്യാന്തര വിക്കറ്റ് സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് കീപ്പർ സലീം യൂസഫിനെയും പുറത്താക്കി. എന്നാൽ ആ മത്സരത്തിൽ നേടിയ 2 വിക്കറ്റുകൾ മാത്രമായി അങ്കോളയുടെ ടെസ്റ്റ് കരിയർ ഒതുങ്ങിപ്പോകുമെന്ന് ആരും കരുതിയിരുന്നില്ല.

∙ ടെസ്റ്റിൽനിന്നു പുറത്തേക്ക്

കറാച്ചി ടെസ്റ്റിന് പിന്നാലെ സംഭവിച്ച പരുക്കാണ് അങ്കോളയുടെ ടെസ്റ്റ് കരിയറിന് തടസ്സമായത്. ആ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായ അദ്ദേഹത്തിന് പിന്നീട് ഒരിക്കലും ഇന്ത്യയുടെ ടെസ്റ്റ് ഇലവനിൽ സ്ഥാനം ലഭിച്ചില്ല. എങ്കിലും ഏകദിന ഫോർമാറ്റിൽ അങ്കോള തന്റെ സാന്നിധ്യം അറിയിച്ചു കൊണ്ടിരുന്നു.

1993ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഹീറോ കപ്പ് മത്സരത്തിൽ മൊഹാലിയിൽ 33 റൺസിന് 3 വിക്കറ്റ് വീഴ്ത്തിയത് അങ്കോളയുടെ ഏകദിന കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നാണ്. 1994ലെ ന്യൂസീലൻഡ് പര്യടനത്തിലും മികച്ച പ്രകടനം നടത്തിയതോടെ 1996ലെ ഏകദിന ലോകകപ്പ് ടീമിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ സ്വന്തം മണ്ണിൽ നടന്ന ലോകകപ്പിലും നിർഭാഗ്യം അങ്കോളയെ പിന്തുടർന്നു. ടൂർണമെന്റിൽ ഒരേയൊരു മത്സരത്തിൽ മാത്രമാണ് (ശ്രീലങ്കയ്ക്കെതിരെ ഡൽഹിയിൽ) അദ്ദേഹത്തിന് കളിക്കാൻ അവസരം ലഭിച്ചത്. അഞ്ചോവറിൽ 28 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.

1997 ഫെബ്രുവരി വരെ അങ്കോള ഇന്ത്യയ്ക്കായി ഏകദിനങ്ങളിൽ കളിച്ചു. 7 വർഷത്തിലേറെ നീണ്ട കരിയറിൽ വെറും 20 ഏകദിന മത്സരങ്ങൾ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്. അതിൽനിന്ന് 13 വിക്കറ്റുകളും നേടി. ജവഗൽ ശ്രീനാഥ്, മനോജ് പ്രഭാകർ, വെങ്കിടേഷ് പ്രസാദ് എന്നിവർ ടീമിൽ തിളങ്ങിനിന്ന കാലത്ത് അങ്കോളയ്ക്ക് പ്ലെയിങ് ഇലവനിൽ സ്ഥിരമായി സ്ഥാനം കണ്ടെത്താൻ സാധിച്ചില്ല.

∙ എല്ലിനെ ബാധിച്ച അർബുദവും 28-ാം വയസ്സിലെ പടിയിറക്കവും

രാജ്യാന്തര ക്രിക്കറ്റിൽ അവസരങ്ങൾ കുറവായിരുന്നെങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അങ്കോള വലിയൊരു ശക്തിയായിരുന്നു. 54 മത്സരങ്ങളിൽ നിന്ന് 26ൽ താഴെ ശരാശരിയിൽ 181 വിക്കറ്റുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. പ്രശസ്ത പരിശീലകൻ ഫ്രാങ്ക് ടൈസണിന്റെ കീഴിൽ റൺ-അപ്പും ബോളിങ് ആക്ഷനും പരിഷ്കരിച്ച് പരുക്കുകളെ മറികടക്കാൻ അങ്കോള പരമാവധി ശ്രമിച്ചു.

എന്നാൽ 1997ൽ വിധി വീണ്ടും വില്ലനായി. കാൽമുട്ടിലെ അസ്ഥിയെ ബാധിച്ച അർബുദം അങ്കോളയുടെ ക്രിക്കറ്റ് കരിയറിന് എന്നെന്നേക്കുമായി തിരശ്ശീലയിട്ടു. വെറും 28-ാം വയസ്സിൽ, ഒരു ഫാസ്റ്റ് ബോളറുടെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിൽ നിൽക്കുമ്പോഴാണ് അദ്ദേഹത്തിന് കളിമുറ്റത്തോട് വിടപറയേണ്ടി വന്നത്.

1997ൽ സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിൽ സലിൽ അങ്കോള (Photo by ANNA ZIEMINSKI / AFP)

1997ൽ സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിൽ സലിൽ അങ്കോള (Photo by ANNA ZIEMINSKI / AFP)

∙ അഭിനയവും തിരിച്ചുവരവും

ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം അധികമാരും തിരഞ്ഞെടുക്കാത്ത ഒരു വഴിയാണ് അങ്കോള തിരഞ്ഞെടുത്തത്. അദ്ദേഹം ബോളിവുഡിലേക്കും ടെലിവിഷൻ രംഗത്തേക്കും കടന്നു. നിരവധി ജനപ്രിയ ടിവി സീരിയലുകളിലും സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു.എന്നാൽ ക്രിക്കറ്റ് എന്ന വികാരം അദ്ദേഹത്തെ പൂർണമായി വിട്ടുപോയിരുന്നില്ല. പിന്നീട് ഭാരവാഹിയായി അങ്കോള ക്രിക്കറ്റിലേക്ക് തിരിച്ചെത്തി. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ചീഫ് സിലക്ടറായും തുടർന്ന് ബിസിസിഐയുടെ സീനിയർ നാഷനൽ സിലക്ഷൻ കമ്മിറ്റി അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

∙ വിഷാദരോഗത്തിനെതിരെയുള്ള കഠിന പോരാട്ടം

കളിക്കളത്തിലെയും വ്യക്തിജീവിതത്തിലെയും തിരിച്ചടികൾ അങ്കോളയെ പിന്നീട് കടുത്ത വിഷാദരോഗത്തിലേക്ക് തള്ളിയിട്ടു. അമ്മയുടെ വിയോഗവും വ്യക്തിപരമായ മറ്റു പ്രതിസന്ധികളും അദ്ദേഹത്തിന്റെ മാനസികാരോഗ്യത്തെ കാര്യമായി ബാധിച്ചു. തുടർന്ന് പുണെയ്ക്കടുത്തുള്ള ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ അദ്ദേഹം ചികിത്സ തേടുകയുണ്ടായി.

മാനസികാരോഗ്യത്തെക്കുറിച്ച് സമൂഹം വച്ചുപുലർത്തുന്ന ദുരഭിമാനങ്ങളെയും വിലക്കുകളെയും മാറ്റിനിർത്തി, താൻ നേരിട്ട പോരാട്ടത്തെക്കുറിച്ച് തുറന്നുപറയാൻ അങ്കോള മടിച്ചില്ല. ചികിത്സയിലൂടെ താൻ പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്നും, മാനസിക വിഷമങ്ങൾ അനുഭവിക്കുന്നവർ മടിക്കാതെ വിദഗ്ധ ചികിത്സ തേടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

∙ ദാമ്പത്യത്തിലും തകർച്ച

സലിൽ അങ്കോള രണ്ടു തവണ വിവാഹിതനായ. പരിനീത അങ്കോളയായിരുന്നു ആദ്യ ഭാര്യ. ഈ ബന്ധത്തിൽ രണ്ടു കുട്ടികളുണ്ട്. സലിൽ മദ്യപാനവും വിഷാദവും അനുഭവിച്ചതിനെത്തുടർന്ന് 2010ൽ അവർ വേർപിരിഞ്ഞു, 2011ൽ വിവാഹമോചനം നേടി. 2013 ഡിസംബർ 22ന് പുണെയിലെ മാതാപിതാക്കളുടെ വസതിയിൽ പരിണീതയെ ജീവനൊടുക്കിയ നിലയിലാണ് കണ്ടത്. പിന്നീട് ഡോ. റിയ ബാനർജിയെയാണ് സലിൽ രണ്ടാമത് വിവാഹം കഴിച്ചത്.

English Summary:

Salil Ankola was an Indian cricketer who debuted successful the 1989 Karachi Test alongside Sachin Tendulkar and Waqar Younis. His promising cricket vocation was chopped abbreviated by injuries and aboriginal by bony crab astatine the property of 28, starring him to research acting and yet look a conflict with depression.

Read Entire Article