Published: June 19, 2026 06:19 PM IST Updated: June 19, 2026 06:50 PM IST
1 minute Read
മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റിൽ സമീപകാലത്ത് തരംഗമായി മാറിയ കൗമാരതാരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൃഷ്ണമാചാരി ശ്രീകാന്ത്. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ സാധ്യതകൾ വൈഭവ് നിറവേറ്റിയാൽ ടെസ്റ്റ് ക്രിക്കറ്റിന്റെ പുനരുജ്ജീവനത്തിന് അത് ഇടയാക്കുമെന്ന് ശ്രീകാന്ത് പറഞ്ഞു. യുവതാരത്തിന്റെ പ്രകടനങ്ങളെ അമിതമായി വിശകലനം ചെയ്യുന്നത് നിർത്താൻ അദ്ദേഹം ആരാധകരോടും വിദഗ്ധരോടും അദ്ദേഹം അഭ്യർഥിച്ചു. സച്ചിൻ തെൻഡുൽക്കറും വൈഭവ് സൂര്യവംശിയും തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ എന്ന ചോദ്യത്തിന് ഇരുവരെയും താരതമ്യം ചെയ്യാൻ പാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
‘സച്ചിൻ ക്രിക്കറ്റിലെ ദൈവമാണ്, വൈഭവ് ദൈവപുത്രനും. സച്ചിനെ ഈ താരതമ്യത്തിലേക്ക് വലിച്ചിഴയ്‌ക്കരുത്. അദ്ദേഹത്തിന്റെ മികവിനൊപ്പമെത്താൻ ആർക്കും സാധിക്കില്ല. വൈഭവ് അണ്ടർ 19 ക്രിക്കറ്റിൽ വിസ്മയകരമായാണ് ബാറ്റ് ചെയ്യുന്നത്. എനിക്ക് വൈഭവിനെ ഇഷ്ടമുള്ളത്, റണ്ണടിച്ചുകൂട്ടാനുള്ള വാഞ്ഛയും, കളിയിൽ ആധിപത്യം സ്ഥാപിക്കാനുള്ള അസാധാരണ ശേഷിയും വൈഭവിനുണ്ട്. ക്രീസിൽ നിലയുറപ്പിച്ചു ദീർഘനേരം ബാറ്റ് ചെയ്യാനുള്ള മാനസികാവസ്ഥയും വൈഭവിനുണ്ട്. ഇന്ന് ഇത്തരം കളിക്കാരനെയാണ് നമുക്ക് ആവശ്യം. വൈഭവിന്റെ ബാറ്റിങ് കാണാൻ വേണ്ടി മാത്രം ആളുകൾ ടിവി ഓൺ ചെയ്യുന്ന കാലമാണിത്. ഞാനും അതിലൊരാളാണ്. അങ്ങനെയൊരു ആകർഷണീയതയാണ് അദ്ദേഹം സൃഷ്ടിച്ചിരിക്കുന്നത്. വൈഭവ് ടി20 ക്രിക്കറ്റിൽ നിന്ന് ഏകദിനത്തിലും തുടർന്ന് ടെസ്റ്റ് ക്രിക്കറ്റിലും ചുവടുറപ്പിക്കുകയും ടെസ്റ്റിൽ തിളങ്ങുകയും ചെയ്താൽ, ഞാൻ ഉറപ്പുനൽകുന്നു, ടെസ്റ്റ് ക്രിക്കറ്റിന്റെ പുനരുജ്ജീവനത്തിന് അത് ഇടയാക്കും’ – ശ്രീകാന്ത് പറഞ്ഞു.
ഇംഗ്ലണ്ട് പരമ്പരയിൽ വിരാട് കോലി കളിക്കണമായിരുന്നുവെന്നും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഒരു രാജകീയ വിടവാങ്ങൽ അദ്ദേഹം അർഹിച്ചിരുന്നുവെന്നും ശ്രീകാന്ത് പറഞ്ഞു. ‘വിരാട് കോലി വേറെ ലെവലാണ്. അദ്ദേഹത്തിന് അഭിനിവേശം, ആക്രമണോത്സുകത, പ്രതിബദ്ധത എന്നിവയുണ്ട്. അദ്ദേഹം അതിശയകരമായ കളിക്കാരനാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ് അദ്ദേഹം. എന്നാൽ ഐസിസി ട്രോഫി നേടാൻ ഭാഗ്യമില്ലാതെ പോയതാണ് അദ്ദേഹത്തിന്റെ ദുര്യോഗം. ഇന്ത്യൻ ക്രിക്കറ്റിന് ഇത്രയധികം സംഭാവന ചെയ്ത കോലിയെ പോലുള്ള ഒരാൾക്ക് ടെസ്റ്റ് ക്രിക്കറ്റിൽ ഒരു രാജകീയമായ വിടവാങ്ങൽ നൽകേണ്ടതായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ അത് സംഭവിച്ചില്ല.’ – ശ്രീകാന്ത് പറഞ്ഞു.
English Summary:





English (US) ·