സഞ്ജു ഏഴു റണ്‍സെടുത്ത് പുറത്ത്, നിന്നടിക്കാൻ ആരുമില്ല; ലാസ്റ്റ് ഓവർ‍ ത്രില്ലറിൽ ചെന്നൈ വീണു, ഹൈദരാബാദിന് 10 റണ്‍സ് വിജയം

1 month ago 7

ഓൺലൈൻ ഡെസ്ക്

Published: April 18, 2026 09:23 PM IST Updated: April 18, 2026 11:45 PM IST

2 minute Read

 X@IPL
ഹെന്‍റിച് ക്ലാസന്റെ ബാറ്റിങ്, Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X@IPLൽ നിന്ന് എടുത്തതാണ്.

ഹൈദരാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനു മൂന്നാം വിജയം. ചെന്നൈ സൂപ്പർ കിങ്സിനെതിരെ 10 റൺസ് വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. സൺറൈസേഴ്സ് ഉയർത്തിയ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. ആറു പോയിന്റുള്ള ഹൈദരാബാദ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. നാലു പോയിന്റുള്ള ചെന്നൈ ഏഴാമതും തുടരുന്നു.

30 പന്തിൽ 34 റൺസെടുത്ത മാത്യു ഷോർട്ടാണ് മറുപടി ബാറ്റിങ്ങിൽ ചെന്നൈയുടെ ടോപ് സ്കോറർ. ആയുഷ് മാത്രെ (13 പന്തിൽ 30), സർഫറാസ് ഖാൻ (19 പന്തിൽ 25), ശിവം ദുബെ (16 പന്തിൽ 21) എന്നിവരും കുറച്ചെങ്കിലും പൊരുതി. സ്കോർ 15ല്‍ നിൽക്കെ കഴിഞ്ഞ മത്സരത്തിൽ സെഞ്ചറി നേടിയ സഞ്ജു സാംസണിന്റെ (ഏഴ്) പുറത്താകൽ ചെന്നൈയെ ഞെട്ടിച്ചു. നിതീഷ് കുമാർ റെഡ്ഡിയുടെ രണ്ടാം ഓവറിൽ ഹെൻറിച് ക്ലാസന്‍ ക്യാച്ചെടുത്താണ് സഞ്ജുവിനെ മടക്കിയത്. എന്നാൽ പിന്നാലെയെത്തിയ ആയുഷ് മാത്രെയും ഋതുരാജ് ഗെയ്ക്‌വാദും ചേർന്നതോടെ ചെന്നൈ സ്കോർ ഉയർന്നു. പവർപ്ലേ തീരുംമുൻപേ ആയുഷിനെ നിതീഷ് റെഡ്ഡിയും ഋതുരാജിനെ ഇഷാൻ മലിംഗയും വീഴ്ത്തി. ആദ്യ ആറോവറുകളിൽ 76 റൺസായിരുന്നു ചെന്നൈയുടെ സമ്പാദ്യം. 8.5 ഓവറിൽ ചെന്നൈ 100 പിന്നിട്ടു. എന്നാൽ മധ്യനിരയിൽ ആർക്കും വലിയ സ്കോറുകൾ കണ്ടെത്താനായില്ല. സർഫറാസ് ഖാനെ മലിംഗ പുറത്താക്കി. ഡെവാൾഡ് ബ്രെവിസ് റണ്ണൊന്നുമെടുക്കാതെ മടങ്ങിയതോടെ ചെന്നൈ പ്രതിരോധത്തിലായി. സ്കോർ 148 ൽ നിൽക്കെ ഒരു ഭാഗത്തു പിടിച്ചുനിന്ന മാത്യു ഷോർട്ട് മലിംഗയുടെ പന്തിൽ വീണു. ഒരു സിക്സും ഫോറും ബൗണ്ടറി കടത്തിയ ശിവം ദുബെ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും ഇന്ത്യൻ പേസർ സാക്കിബ് ഹുസെയ്ന്റെ പന്തിൽ ബോൾ‍ഡായി. ഇതോടെ ചെന്നൈയുടെ പ്രതീക്ഷകളും അവസാനിച്ച മട്ടായി.  

അവസാന 12 പന്തുകളിൽ 30 റൺസായിരുന്നു ചെന്നൈയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത്. ജെയ്മി ഓവർടനും അൻഷുൽ കാംബോജും ചേർന്ന് നിതീഷ് റെ‍ഡ്ഡിയുടെ 19–ാം ഓവറില് 12 റൺസെടുത്തതോടെ ചെന്നൈയുടെ വിജയലക്ഷ്യം ആറു പന്തില്‍ 18 റൺസായി കുറഞ്ഞു. എന്നാൽ പ്രഫുൽ ഹിംഗെയുടെ 20–ാം ഓവറിൽ ഏഴു റൺസ് മാത്രമാണു ചെന്നൈ നേടിയത്. ആദ്യ മൂന്നോവറുകളിൽ അടി വാങ്ങിക്കൂട്ടിയ ഹിംഗെ 20–ാം ഓവറിൽ തകർത്തെറിയുകയായിരുന്നു. നാലോവറുകളിൽനിന്ന് 60 റൺസാണ് ഹൈദരാബാദ് താരം വഴങ്ങിയത്. ഹൈദരാബാദിനായി ഇഷാൻ മലിംഗ മൂന്നും നിതീഷ് കുമാർ റെഡ്ഡി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ്, 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു. ഓപ്പണിങ് ബാറ്റർ അഭിഷേക് ശർമയും, മധ്യനിരയിൽ ഹെൻറിച് ക്ലാസനും അർധ സെഞ്ചറികൾ നേടി. 22 പന്തുകൾ നേരിട്ട അഭിഷേക് നാല് സിക്സുകളും ആറു ഫോറുകളുമുൾപ്പടെ 29 റൺസെടുത്തു. 39 പന്തുകൾ നേരിട്ട ക്ലാസൻ രണ്ട് സിക്സുകളും ആറു ഫോറുകളും അടക്കം 59 റൺസാണു നേടിയത്. ഓപ്പണർമാരായ അഭിഷേകും ട്രാവിസ് ഹെഡും തകര്‍ത്തടിച്ചതോടെ പവർപ്ലേയിൽ 75 റൺസാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. 

മുകേഷ് ചൗധരിയുടെ ആറാം ഓവറിലെ അഞ്ചാം പന്തിൽ ട്രാവിസ് ഹെഡും (23), പിന്നാലെ ക്യാപ്റ്റൻ ഇഷാൻ‍ കിഷനും പുറത്തായത് ഹൈദരാബാദിന് അപ്രതീക്ഷിത പ്രഹരമായി. സ്കോർ 93ൽ നിൽക്കെ ജെയ്മി ഓവർടനിന്റെ പന്തിൽ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ക്യാച്ചെടുത്താണ് അഭിഷേക് മടങ്ങുന്നത്. പിന്നാലെയെത്തിയ ഹെൻറിച് ക്ലാസൻ താളം കണ്ടെത്തിയപ്പോൾ അനികേത് വർമ (രണ്ട്), നിതീഷ് കുമാർ റെഡ്ഡി (12), സലിൽ അറോറ (13) എന്നിവർ നിരാശപ്പെടുത്തി. 

അന്‍ഷുൽ കാംബോജ് എറിഞ്ഞ 18–ാം ഓവറിൽ ക്ലാസൻ ബോൾഡാകുകയായിരുന്നു. അൻഷുൽ കാംബോജ് എറിഞ്ഞ 20–ാം ഓവറിൽ ലിയാം ലിവിങ്സ്റ്റൻ, ശിവാങ് കുമാർ എന്നിവരുടെ വിക്കറ്റുകളും നഷ്ടമായതോടെ ഹൈദരാബാദിന് 194 റൺ‍സെന്ന സ്കോറില്‍ തൃപ്തിപ്പെടേണ്ടിവന്നു. ചെന്നൈയ്ക്കു വേണ്ടി അൻഷുൽ കാംബോജ്, ജെയ്മി ഓവർടൻ എന്നിവർ മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. മുകേഷ് ചൗധരിക്കു രണ്ടും, ഗുർജൻപ്രീത് സിങ്ങിന് ഒരു വിക്കറ്റുമുണ്ട്.

English Summary:

IPL 2026, Sunrisers Hyderabad vs Chennai Super Kings Match Live Updates

Read Entire Article