Published: March 03, 2026 10:04 AM IST Updated: March 04, 2026 07:28 AM IST
2 minute Read
കൊൽക്കത്ത∙ ‘ഇന്നത്തെ വിജയത്തിൽ ഏറ്റവും നിർണായകമായത് സഞ്ജു നൽകിയ തുടക്കമാണ്. ടീം എന്താണോ ആവശ്യപ്പെട്ടത്, അത് അദ്ദേഹം ഭംഗിയായി ചെയ്തു’– ട്വന്റി20 ലോകകപ്പ് സൂപ്പർ 8ൽ സിംബാബ്‌വെയ്ക്കെതിരായ മത്സരം ജയിച്ചതിനു പിന്നാലെ ഇന്ത്യൻ ടീമിന്റെ ഡ്രസിങ് റൂമിൽ കോച്ച് ഗൗതം ഗംഭീർ നടത്തിയ പ്രസംഗത്തിന്റെ തുടക്കം ഇപ്രകാരമായിരുന്നു. ടീം ഏതു റോൾ ഏൽപിച്ചാലും നിറഞ്ഞ ചിരിയോടെ ഏറ്റെടുക്കുന്ന സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച ‘വേഷത്തിനാണ്’ കഴിഞ്ഞ ദിവസം ഈഡൻ ഗാർഡൻസ് സ്റ്റേഡിയം സാക്ഷിയായത്. സ്വന്തം ബലവും ദൗർബല്യവും സ്വയം തിരിച്ചറിയുമ്പോൾ ഒരുവൻ സ്വതന്ത്രനാകുമെങ്കിൽ ആ സ്വാതന്ത്ര്യത്തിന്റെ പരകോടിയിലേക്കാണ് സഞ്ജു സാംസൺ നടന്നു കയറിയത്. 11 വർഷമായി മിന്നിയും മങ്ങിയും മുന്നോട്ടുപോയ സഞ്ജുവിന്റെ രാജ്യാന്തര കരിയറിനെ ചരിത്രം അടയാളപ്പെടുത്തുക, വെസ്റ്റിൻഡീസിനെതിരായ ഈ അവിസ്മരണീയ പ്രകടത്തിന്റെ പേരിലായിരിക്കും.
സർവം സാങ്കേതികംനെറ്റ്സിൽ ഏറ്റവും ആത്മവിശ്വാസത്തോടെ ബാറ്റു ചെയ്യുന്ന താരമാണ് സഞ്ജുവെന്ന് സാക്ഷ്യപ്പെടുത്തിയത് ഗൗതം ഗംഭീറാണ്. എന്നാൽ പലപ്പോഴും മികച്ച തുടക്കം ലഭിച്ചിട്ടും അതു മുതലാക്കാൻ സഞ്ജുവിനു സാധിക്കാതെ വരുന്നതിൽ പരിശീലകർക്കു നിരാശയുണ്ടായിരുന്നു. സഞ്ജുവിന്റെ ബാറ്റിങ്ങിലെ ചില സാങ്കേതിക പിഴവുകൾ കണ്ടെത്തി പരിഹരിക്കാൻ ബാറ്റിങ് കോച്ച് സിതാൻഷു കോട്ടക്കിനെ ഗംഭീർ ചുമതലപ്പെടുത്തി. ‘ഒറ്റക്കാലിൽ നിന്ന് ഒരിക്കലും ബാറ്റ് ചെയ്യാനാകില്ല’ എന്നായിരുന്നു സിതാൻഷു സഞ്ജുവിന് നൽകിയ ആദ്യ ഉപദേശം. ട്രിഗർ മൂവ്മെന്റിന്റെ ഭാഗമായി, ബോളർ ആക്ഷൻ എടുക്കുമ്പോൾ തന്നെ ബാക്ക് ഫൂട്ടിലേക്കു വലിയുന്ന സഞ്ജു, പിൻകാലിൽ ഊന്നിയാണ് ഭൂരിഭാഗം ഷോട്ടുകളും കളിക്കുന്നതെന്നായിരുന്നു സിതാൻഷുവിന്റെ കണ്ടെത്തൽ. ഇതാണ് പലപ്പോഴും ഗുഡ് ലെങ്തിൽ പിച്ച് ചെയ്യുന്ന ഇൻ സ്വിങ്ങറുകളിലും സ്പിന്നർമാർക്കെതിരെയും സഞ്ജുവിനെ ദുർബലനാക്കുന്നതെന്നും സിതാൻഷു വിലയിരുത്തി. ഈ സാങ്കേതിക പ്രശ്നം പരിഹരിക്കാനാണ് സഞ്ജുവും പരിശീലകനും പിന്നീട് ശ്രമിച്ചത്.
ലോകകപ്പിനു തൊട്ടുമുൻപ് ന്യൂസീലൻഡിനെതിരെ നടന്ന പരമ്പരയിൽ സഞ്ജുവിനു ശോഭിക്കാനായില്ല. അതുകഴിഞ്ഞ് അദ്ദേഹത്തിനൊരു ബ്രേക്ക് ആവശ്യമായിരുന്നു. ആ ഇടവേളയ്ക്കു ശേഷമുള്ള സഞ്ജുവിന്റെ തിരിച്ചുവരവാണിത്. ട്വന്റി20യിൽ 3 സെഞ്ചറികൾ പേരിലുള്ള ഒരാളുടെ കളിമികവിനെക്കുറിച്ച് ആരുമൊന്നും വിശദീകരിക്കേണ്ട കാര്യമില്ല. ടീമിന് ആവശ്യമുള്ള നേരത്ത്, ആ മികവു കൊണ്ട് സഞ്ജു രാജ്യത്തിനു വിജയം നേടിത്തന്നു. 200ന് അടുത്തു സ്ട്രൈക്ക് റേറ്റ് ഉണ്ടായിരുന്നിട്ടും സഞ്ജുവിന്റെ ഇന്നിങ്സ് ശാന്തവും ഗംഭീരവുമായിരുന്നു.
തിരുത്തി, തകർത്തുഈ ട്രിഗർ മൂവ്മെന്റ് പൂർണമായും ഒഴിവാക്കുന്നതിനു പകരം ബോളർക്കും പന്തുകൾക്കും അനുസരിച്ച് ബാറ്റിങ് ശൈലി പരിഷ്കരിക്കാനാണ് സിതാൻഷു സഞ്ജുവിനോട് ആവശ്യപ്പെട്ടത്. വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ അതു കൃത്യമായി നടപ്പാക്കാൻ സഞ്ജുവിന് സാധിച്ചു. സ്പിന്നർ അകീൽ ഹുസൈൻ എറിഞ്ഞ 3–ാം ഓവറിലെ ആദ്യ പന്തിൽ, സ്വതസിദ്ധമായ ട്രിഗർ മൂവ്മെന്റുമായി ബാക്ക് ഫൂട്ടിലേക്കു വലിഞ്ഞ സഞ്ജു കട്ട് ഷോട്ടിലൂടെ എക്സ്ട്രാ കവർ വഴി ഒരു ബൗണ്ടറി നേടി. സഞ്ജുവിന്റെ മൂവ്മെന്റ് മനസ്സിലാക്കിയ അകീൽ, ലെഗ് സ്റ്റംപ് ലൈനിലാണ് രണ്ടാം പന്തെറിഞ്ഞത്. എന്നാൽ ഇത്തവണ മിഡിൽ സ്റ്റംപ് ലൈനിലേക്കു മാറിയ സഞ്ജു, ഒരു സ്ലോഗ് സ്വീപ്പിലൂടെ പന്ത് സ്ക്വയർ ലെഗ് ഗാലറിയിൽ എത്തിച്ചു. ഇതോടെ മൂന്നാം പന്ത് മിഡിൽ സ്റ്റംപ് ലൈനിൽ എറിയാനായിരുന്നു അകീലിന്റെ തീരുമാനം. എന്നാൽ ഒരു ഫ്രണ്ട് ഫൂട്ട് പുഷിലൂടെ സഞ്ജു അതിനെ പ്രതിരോധിച്ചു. ‘സീ ദ് ബോൾ, ഹിറ്റ് ദ് ബോൾ’ തിയറിയിൽ നിന്ന് ‘നോ ദ് ബോൾ, ഹിറ്റ് ദ് ബോൾ’ തിയറിയിലേക്ക് സഞ്ജു സ്വയം മാറിയതിന് ഈ ഷോട്ടുകൾ സാക്ഷി.
ദ് ആങ്കർഇഷ്ടപ്പെട്ട ബാറ്റിങ് പൊസിഷനെക്കുറിച്ചു ചോദിച്ചപ്പോൾ ‘ഞാൻ മോഹൻലാലിനെപ്പോലെയാണ്. അദ്ദേഹം ഏതു റോളും ചെയ്യും. അതുപോലെ ഏതു പൊസിഷനിലും ബാറ്റ് ചെയ്യാൻ റെഡിയാണ്’ എന്നായിരുന്നു സഞ്ജു മുൻപ് നൽകിയ ഉത്തരം. ഈ ഓൾ ഇൻ വൺ റോളാണ് സഞ്ജു ഈഡനിൽ ആടിത്തിമിർത്തത്. ഇന്നിങ്സിന്റെ തുടക്കത്തിൽ, പവർപ്ലേയിൽ പരമാവധി റൺ കണ്ടെത്താനുള്ള ദൗത്യമായിരുന്നു സഞ്ജുവിന് നൽകിയത്. എന്നാൽ തുടർച്ചയായി രണ്ടു വിക്കറ്റുകൾ നഷ്ടപ്പെട്ടതോടെ ഇന്നിങ്സിന് അടിത്തറ ഒരുക്കാനും ക്യാപ്റ്റൻ സൂര്യയ്ക്കൊപ്പം, മറ്റു പരുക്കുകളില്ലാതെ ടീമിനെ മുന്നോട്ടു കൊണ്ടുപോകാനും സഞ്ജു നിർബന്ധിതനായി. സൂര്യ പുറത്തായതിനു പിന്നാലെ എത്തിയ തിലക് വർമ കൂറ്റൻ അടികളുമായി കത്തിക്കയറിയപ്പോൾ സ്ട്രൈക്ക് കൈമാറുന്ന ജോലി സഞ്ജു ഏറ്റെടുത്തു. തിലക് വീണതോടെ ഫിനിഷറുടെ റോളിലേക്ക് സഞ്ജുവിന് മാറേണ്ടിവന്നു. വിൻഡീസ് ബോളർമാരെ കടന്നാക്രമിച്ച് മത്സരം ഫിനിഷ് ചെയ്യേണ്ട ചുമതല ഏറ്റെടുത്ത സഞ്ജു, ആ റോളും അവിസ്മരണീയമാക്കി.
English Summary:







English (US) ·