സഞ്ജു ഒറ്റയ്ക്ക് 101, മുംബൈ ബാറ്റർമാർ ചേർന്ന് 104; കറക്കിവീഴ്ത്തി അകീൽ: ചെന്നൈയ്ക്ക് കൂറ്റൻ ജയം, പോയിന്റ് പട്ടികയിൽ കുതിപ്പ്

1 month ago 6

മുംബൈ ∙ സഞ്ജു സാംസൺ സെഞ്ചറി നേടിയത് ഈ പിച്ചിൽ തന്നെയാണോ? ചെന്നൈ സൂപ്പർ കിങ്സിനെതിരെ മുംബൈ ഇന്ത്യൻസിന്റെ ചേസിങ് കണ്ടപ്പോൾ ആരാധകരുടെ സംശയം ഇതായിരിക്കാം. സഞ്ജു സാംസൺ ഒറ്റയ്ക്കു നേടിയ റൺസ് അടിച്ചെടുക്കാൻ പോലും മുംബൈ ബാറ്റർമാർ വിയർത്തപ്പോൾ ‘എൽക്ലാസിക്കോ’ പോരിൽ ചെന്നൈയ്ക്ക് 103 റൺസിന്റെ കൂറ്റൻ ജയം. തങ്ങളുെട ഹോം ഗ്രൗണ്ടിൽ ചെന്നൈ ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് മുംബൈയുടെ ഇന്നിങ്സ് 19 ഓവറിൽ 104 റൺസിൽ അവസാനിച്ചു.

നാല് വിക്കറ്റ് വീഴ്ത്തിയ കരീബിൻ സ്പിന്നിർ അകീൽ ഹുസൈനാണ് മുംബൈയെ കറക്കിവീഴ്ത്തിയത്. നൂർ അഹമ്മദ് രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ മുകേഷ് ചൗധരി, അൻഷുൽ കംബോജ്, ജാമി ഓവർടൺ, ഗുർജപ്നീത് സിങ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മുംബൈ ഇന്നിങ്സിൽ സൂര്യകുമാർ യാദവ് (30 പന്തിൽ 36), തിലക് വർമ (29 പന്തിൽ 37) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. ജയത്തോടെ പോയിന്റ് പട്ടികയിൽ ചെന്നൈ അഞ്ചാം സ്ഥാനത്തായി. മുംബൈ എട്ടാമതാണ്. 

മറുപടി ബാറ്റിങ്ങിൽ, രണ്ടാം പന്തിൽ തന്നെ അകീൽ ഹുസൈനെ സിക്സറിനു പറത്തി ക്വിന്റൻ ഡികോക്ക് മുംബൈയ്ക്കു പ്രതീക്ഷ നൽകിയെങ്കിലും ആ ഓവറിലെ അവസാന പന്തിൽ തന്നെ ഓപ്പണർ ഡാനിഷ് മലേവാറിനെ (0) വീഴ്ത്തി അകീൽ തിരിച്ചടിച്ചു. അതൊരു തുടക്കം മാത്രമായിരുന്നു. പവർപ്ലേയ്ക്കുള്ളിൽ തന്നെ ക്വിന്റൻ ഡികോക്ക് (10 പന്തിൽ 7), നമൻ ധീർ (0) എന്നിവരുടെ വിക്കറ്റുകൾ കൂടി വീണു. പവർപ്ലേ അവസാനിക്കുമ്പോൾ 3ന് 29 എന്ന നിലയിലായിരുന്നു മുംബൈ. നാലാം വിക്കറ്റിൽ ഒന്നിച്ച സൂര്യകുമാർ–തിലക് സഖ്യം 73 റൺസ് കൂട്ടിച്ചേർത്തെങ്കിലും വിജയത്തിലേക്കുള്ള ‘മൊമന്റം’ ഒരിക്കലും നൽകിയില്ല. 12–ാം ഓവറിൽ തിലകിനെ ക്ലീൻബൗൾഡാക്കി അകീൽ തന്നെയാണ് വീണ്ടും ചെന്നൈയ്ക്കു ബ്രേത് ത്രൂ നൽകിയത്.

തൊട്ടടുത്ത ഓവറിൽ ഹാർദിക് പാണ്ഡ്യ (2 പന്തിൽ 1), ഷെർഫെയ്ൻ റൂഥർഫോർഡ് (0) എന്നിവരെ നൂർ അഹമ്മദും പുറത്താക്കി. ഇതോടെ മുംബൈ തോൽവി പൂർണമായും സമ്മതിച്ചു. 14–ാം ഓവറിൽ സൂര്യകുമാറിനെ മടക്കിയതും അകീൽ തന്നെയാണ്. ക്രിഷ് ഭഗത് (15 പന്തിൽ 7), ഷാർദൂൽ ഠാക്കൂർ (12 പന്തിൽ 6), ജസ്പ്രീത് ബുമ്ര (5 പന്തിൽ 2) എന്നിവരുടെ കൂടി പുറത്തായതോടെ ചെന്നൈയ്ക്ക് സീസണിലെ മൂന്നാം ജയം.

∙ ‘കടം’ വീട്ടി സഞ്ജു!ഒന്നര മാസം മുൻപ്, ലോകകപ്പിൽ ‘നഷ്ടമായത്’ ഐപിഎലിൽ സ്വന്തമാക്കി സഞ്ജു സാംസൺ. മുംബൈ ഇന്ത്യൻസിനെതിരായ ‘എൽക്ലാസിക്കോ’ മത്സരത്തിൽ സെഞ്ചറി നേടിയാണ് സഞ്ജു വാങ്കഡെയിലെ ആ ‘കടം’ തീർത്തത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു ഇന്നിങ്സിലെ അവസാന പന്തിൽ ഫോറടിച്ചാണ് സെഞ്ചറി പൂർത്തിയാക്കിയത്. 54 പന്തിൽ ആറു സിക്സുകളുടെയും 10 ഫോറുകളുടെ അകമ്പടിയോടെയാണ് സഞ്ജു മുന്നക്കം കടന്നത്.

മാർച്ച് 5ന് വാങ്കഡേയിൽ നടന്ന ഇംഗ്ലണ്ടിനെതിരായ ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ 42 പന്തില്‍ 89 റണ്‍സ് സഞ്ജു എടുത്തിരുന്നു. 11 റൺസിനാണ് അന്നു സെഞ്ചറി നഷ്ടമായത്. ഈ ഐപിഎൽ സീസണിൽ സഞ്ജുവിന്റെ രണ്ടാം സെ‍ഞ്ചറിയാണിത്. നേരത്തെ, 26 പന്തിലാണ് സഞ്ജു അർധസെഞ്ചറി നേടിയത്. സഞ്ജുവിന്റെ ബാറ്റിങ് മികവിൽ ചെന്നൈ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്തു. ഏഴു മത്സരങ്ങളിൽനിന്ന് 293 റൺസ് സമ്പാദ്യവുമായി റൺവേട്ടക്കാരുടെ പട്ടികയിൽ ശുഭ്മൻ ഗില്ലിനെ മറികടന്ന് സഞ്ജു മൂന്നാമതെത്തുകയും ചെയ്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് സഞ്ജു സാംസണും ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദും ചേർന്നു മികച്ച തുടക്കമാണ് നൽകിയത്. ആദ്യ ഓവറിൽ തന്നെ ജസ്പ്രീത് ബുമ്രയെ സഞ്ജു ബൗണ്ടറി പായിച്ചു. രണ്ടാം ഓവറിൽ ഹാർദിക് പാണ്ഡ്യയ്ക്കെതിരെ രണ്ടു ഫോറും ഒരു സിക്സും സഹിതം 19 റൺസാണ് ഗെയ്‌ക്‌വാദ് അടിച്ചുകൂട്ടിയത്. എന്നാൽ തൊട്ടടുത്ത ഓവറിൽ ഗസൻഫർ, ഗെയ്‍‌ക്‌വാദിനെ വീഴ്ത്തി. 14 പന്തിൽ 22 റൺസുമായാണ് ക്യാപ്റ്റൻ മടങ്ങിയത്. പിന്നാലെയത്തിയ സർഫറാസ് ഖാൻ (8 പന്തിൽ 14) നന്നായി തുടങ്ങിയെങ്കിലും പവർപ്ലേ അവസാനിക്കുന്നതിനു തൊട്ടുമുൻപ് മിച്ചൽ സാന്റനറുടെ പന്തിൽ ക്ലീൻ ബൗൾണ്ടായി. പവർപ്ലേ അവസാനിക്കുമ്പോൾ 2ന് 73 എന്നി മികച്ച നിലയിലായിരുന്നു ചെന്നൈ. നാലാം ഓവറിൽ ഹാർദിക്കിനെതിരെ മൂന്നു ഫോറും ഒരു സിക്സും സഹിതം 19 റൺസ് സഞ്ജു അടിച്ചപ്പോൾ അഞ്ചാം ഓവറിൽ ബുമ്രയ്ക്കെതിരെ ഒരു സിക്സർ പായിച്ചു.


മുംബൈ ഇന്ത്യൻസിനെതിരെ സെഞ്ചറി നേടിയ സഞ്ജു സാംസന്റെ ആഹ്ലാദം. REUTERS/Francis Mascarenhas

മുംബൈ ഇന്ത്യൻസിനെതിരെ സെഞ്ചറി നേടിയ സഞ്ജു സാംസന്റെ ആഹ്ലാദം. REUTERS/Francis Mascarenhas

നാലാം നമ്പറിൽ, പ്രമോഷൻ കിട്ടിയിറങ്ങിയ ശിവം ദുബെയ്ക്ക് തിളങ്ങാൻ സാധിച്ചില്ല. ഒരു ബൗണ്ടറി പോലും അടിക്കാൻ സാധിക്കാതിരുന്ന ദുബെയെ ഒൻപതാം ഓവറിൽ ഗസൻഫർ ക്ലീൻ ബൗൾഡാക്കി. ഡെവാൾഡ് ബ്രവിസ് (11 പന്തിൽ 21) വന്നപാടെ രണ്ടു സിക്സും ഒരു ഫോറുമടിച്ച് ‘കരുത്ത്’ കാട്ടിയെങ്കിലും വേഗം മടങ്ങി. 11–ാം ഓവറിൽ ബ്രവിസിനെ അശ്വിനി കുമാർ, ബുമ്രയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. ഇതിനു ശേഷം അഞ്ചാം വിക്കറ്റിൽ ഒന്നിച്ച സഞ്ജു– കാർത്തിക് ശർമ സഖ്യം 35 പന്തിൽ 43 റൺസ് കൂട്ടിച്ചേർത്തു.

ആയുഷ് മാത്രെയുടെ വിടവിൽ പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ച കാർത്തിക് (19 പന്തിൽ 18), മിച്ചൽ സാന്റനറുടെ ഓവറിൽ രണ്ടു സിക്സറടിച്ചു. 17–ാം ഓവറിൽ ജസ്പ്രീത് ബുമ്രയാണ് കാർത്തിക്കിനെ പുറത്താക്കിയത്. പിന്നീട് ഇറങ്ങിയ ജാമി ഓവർടണും (7 പന്തിൽ 15) ഒരോവറിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. അശ്വിനി കുമാറിനെതിരെ രണ്ടു ഫോറും ഒരു സിക്സുമടിച്ച താരം അതേ ഓവറിൽ തന്നെ പുറത്തായി. അവസാന ഓവറിൽ ക്രിഷ് ഭഗതിനെതിരെ 16 റൺസ് നേടിയാണ് സഞ്ജു, ചെന്നൈ സ്കോർ ഇരുന്നൂറും, വ്യക്തിഗത സ്കോർ നൂറും കടത്തിയത്.

English Summary:

IPL 2026: Mumbai Indians vs Chennai Super Kings, Live Score

Read Entire Article