Published: February 04, 2026 09:03 PM IST Updated: February 04, 2026 11:04 PM IST
3 minute Read
നവി മുംബൈ ∙ ഡി.വൈ.പാട്ടീൽ സ്റ്റേഡിയത്തിൽ ഒരു ‘ടീസർ’ ഇറക്കിവിട്ടിട്ടുണ്ട്. ആ ‘തീ’ ഐറ്റം തന്നെ കാണികൾക്കു വിരുന്നായി. ഇനി ലോകകപ്പ് എന്ന ‘ഫുൾ പടം’ റിലീസാകുമ്പോൾ സംഭവം ഷുവർ ഹിറ്റ്! ബാറ്റെടുത്തവരും ബോളെടുത്തവരുമെല്ലാം ഒരുപോലെ മിന്നിയപ്പോൾ ട്വന്റി20 ലോകകപ്പിനു മുന്നോടിയായുള്ള ഏക സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ പ്രഖ്യാപിച്ചു: ടീം സർവസജ്ജം! മത്സരത്തിൽ 30 റൺസിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് 20 ഓവറിൽ 7 വിക്കറ്റിൽ നഷ്ടത്തിൽ 210 റൺസിൽ അവസാനിച്ചു. ആകെ 450 റൺസ് പിറന്ന മത്സരത്തിൽ, 33 സിക്സറുകളാണ് ഇരു ടീമുകളും ചേർന്ന് അടിച്ചുകൂട്ടിയത്. 9 പേരാണ് ഇന്ത്യയ്ക്കു വേണ്ടി ബോൾ ചെയ്തത്. അഭിഷേക് ശർമ രണ്ടു വിക്കറ്റും അർഷ്ദീപ് സിങ്, ശിവം ദുബെ, വരുൺ ചക്രവർത്തി, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി, ജസ്പ്രീത് ബുമ്ര ബോളിങ്ങിന് ഇറങ്ങിയില്ല. പരുക്കേറ്റ വാഷിങ്ടൻ സുന്ദറും ടീമിനൊപ്പം ചേർന്നിട്ടില്ല.
മറുപടി ബാറ്റിങ്ങിൽ, ആദ്യ ഓവറിൽ തന്നെ ഓപ്പണർ ജോർജ് ലിൻഡെയുടെ (0) വിക്കറ്റ് അർഷ്‌ദീപ് സിങ് വീഴ്ത്തി. പിന്നീട് ക്യാപ്റ്റൻ ഏയ്ഡൻ മാക്രം (19 പന്തിൽ 38), റയാൻ റിക്കൽടൺ (21 പന്തിൽ 44) എന്നിവർ ചേർന്ന് വെടിക്കെട്ട് ബാറ്റിങ്ങുമായി കളം നിറഞ്ഞു. പവർപ്ലേയ്ക്കു പിന്നാലെ മാക്രം റിട്ടയേഡ് ഔട്ടായി. പിന്നീടെത്തിയ ഡെവാൾഡ് ബ്രെവിസ് (4 പന്തിൽ 2), ഡേവിഡ് മില്ലർ (10 പന്തിൽ 13) എന്നിവർക്ക് തിളങ്ങാൻ സാധിച്ചില്ല. ജെയ്സൻ സ്മിത്ത് (23 പന്തിൽ 35), ട്രിസ്റ്റൻ സ്റ്റബ്സ് (21 പന്തിൽ 45*), മാർകോ യാൻസൻ (16 പന്തിൽ 31) എന്നിവരുടെ ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കയുടെ സ്കോർ 200 കടത്തിയത്. അവസാന മൂന്ന് ഓവറുകളിൽ 39 റൺസാണ് പിറന്നത്. ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിൽ ആകെ 14 സിക്സാണ് പിറന്നത്. അർഷ്ദീപ് സിങ്, ശിവം ദുബെ എന്നിവർ മാത്രമാണ് 4 ഓവർ തികച്ച് എറിഞ്ഞത്. ശിവം ദുബെ 57 റൺസ് വഴങ്ങിയപ്പോൾ അർഷ്‍ദീപ് 29 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്.
∙ സഞ്ജു ‘തെറിച്ചു’, ഇന്ത്യ ‘അടിച്ചു’സന്നാഹ മത്സരത്തിൽ ബാറ്റിങ്ങിന് ഇറക്കാത്തതോടെ സഞ്ജു സാംസൺ ലോകകപ്പ് പ്ലേയിങ് ഇലവനിൽ സ്ഥാനം കിട്ടില്ലെന്ന് ഉറപ്പായി. ഐസിസി നിയമപ്രകാരം സന്നാഹ മത്സരങ്ങള്‍ക്ക് രാജ്യാന്തര പദവിയില്ല. അതുകൊണ്ട് തന്നെ മത്സരത്തില്‍ നേടുന്ന റണ്ണുകളോ റെക്കോര്‍ഡുകളോ കണക്കിലെടുക്കാറില്ല. ടോസ് സമയത്ത് മത്സരത്തിനുള്ള അന്തിമ ഇലവനെ ക്യാപ്റ്റന്‍മാര്‍ പ്രഖ്യാപിക്കേണ്ടതുമില്ല. ടീമിലുള്ള 15 പേര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഗ്രൗണ്ടിലിറങ്ങാം. എന്നിട്ടും സഞ്ജുവിനെ ബാറ്റിങ്ങിന് ഇറക്കാതിരുന്നതോടെ ടീം മാനേജ്മെന്റ് നയം വ്യക്തമായി. ബുമ്രയെയും വാഷിങ്ടനെയും കൂടാതെ ഇന്ത്യൻ നിരയിൽ ബാറ്റിങ്ങിനും ബോളിങ്ങിനും അവസരം ലഭിക്കാത്തത് സഞ്ജുവിനു മാത്രമാണ്. ഇഷാൻ കിഷൻ വിക്കറ്റ് കീപ്പറായപ്പോൾ സഞ്ജു ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നു.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ, 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 240 റൺസെടുത്തത്. ഇഷാൻ കിഷൻ (20 പന്തിൽ 53), തിലക് വർമ (18 പന്തിൽ 45), ഹാർദിക് പാണ്ഡ്യ (10 പന്തിൽ 30) തുടങ്ങി ഇന്ത്യയ്ക്കു വേണ്ടി ബാറ്റെടുത്തവരെല്ലാം തിളങ്ങി. ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ മോശം ഫോമിനെ തുടർന്ന് സഞ്ജു സാംസണ് പ്ലേയിങ് ഇലവനിൽനിന്നു സ്ഥാനം നഷ്ടമായി. സഞ്ജുവിനു പകരം ഇഷാൻ കിഷനാണ് ഓപ്പണറായി ഇറങ്ങിയത്. വെടിക്കെട്ട് ബാറ്റിങ്ങുമായി ഇഷാൻ സ്ഥാനം ഊട്ടിയുറപ്പിക്കുകയും ചെയ്തു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മിന്നും തുടക്കമാണ് ഇഷാൻ കിഷൻ നൽകിയത്. തിരുവനന്തപുരത്ത് കിവീസിനെതിരായ അവസാന ട്വന്റി20യിൽ സെഞ്ചറി നേടിയ ഇഷാൻ, നിർത്തിയിടത്തുനിന്ന് തുടങ്ങുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ രണ്ടു സിക്സടക്കം 13 റൺസാണ് ഇഷാൻ നേടിയത്. പിന്നീടങ്ങോട് തലങ്ങും വിലങ്ങും ഇഷാന്റെ ‘അടി’യായിരുന്നു. സഹഓപ്പണർ അഭിഷേക് ശർമയെ കാഴ്ചകരനാക്കിയായിരുന്നു ഇഷാന്റെ പ്രകടനം. അഞ്ചാം ഓവറിൽ ഇന്ത്യൻ സ്കോർ 70 കടന്നു. 20 പന്തിൽ ഇഷാൻ അർധസെഞ്ചറി തികച്ചത്. ആകെ 7 സിക്സും രണ്ടു ഫോറുമാണ് ഇഷാന്റെ ബാറ്റിൽനിന്നു പിറന്നത്. ഫിഫ്റ്റിയടിച്ചതിനു പിന്നാലെ ഇഷാൻ റിട്ടയേഡ് ഔട്ടായി.
പിന്നീട് ക്രീസിലെത്തിയത്, പരുക്കിനു ശേഷം ടീമിലേക്കു മടങ്ങിയെത്തിയ തിലക് വർമ. ഇന്ത്യ എയ്ക്കു വേണ്ടി കഴിഞ്ഞദിവസം കളത്തിലിറങ്ങിയ തിലക്, ഫോമിലാണെന്ന സൂചന നൽകിയിരുന്നു. അതു തെളിയിക്കുന്നതായിരുന്നു താരത്തിന്റെ ബാറ്റിങ്. ഇഷാനിൽനിന്നു ‘ബാറ്റൺ’ ഏറ്റെടുത്ത തിലക് സിക്സറുകളും ഫോറുമായി കളംനിറഞ്ഞു. ഇതിനിടെ പതിവുരീതിയിൽനിന്നു വ്യത്യസ്തമായി ബാറ്റു ചെയ്ത അഭിഷേക് ശർമയും (18 പന്തിൽ 24) റിട്ടയേഡ് ഔട്ടായി. നാലാമനായി ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് ക്രീസിലെത്തിയത്. കിവീസിനെതിരായ പരമ്പരയിലെ താരമായിരുന്ന സൂര്യകുമാർ, സന്നാഹമത്സരത്തിലും ഫോം തുടർന്നു. തിലകും സൂര്യയും ചേർന്ന് മൂന്നാം വിക്കറ്റിൽ 44 റൺസെടുത്തു.
മൂന്നു സിക്സും മൂന്നു ഫോറുമടക്കം 45 റൺസെടുത്ത തിലക്, 11–ാം ഓവറിൽ മാർകോ യാൻസന്റെ പന്തിൽ ബോൾഡാകുകയായിരുന്നു. രണ്ടു സിക്സും രണ്ടു ഫോറുമടിച്ച സൂര്യകുമാറിനെ 13–ാം ഓവറിൽ ക്വേന മഫകയാണ് പുറത്താക്കിയത്. കിവീസിനെതിരെ ബാറ്റിങ്ങിന് അധികം അവസരം ലഭിക്കാതിരുനന അക്ഷർ പട്ടേലും റിങ്കു സിങ്ങുമാണ് അഞ്ചാം വിക്കറ്റിൽ ഒന്നിച്ചത്. 13 പന്തിൽ 16 റൺസെടുത്ത റിങ്കു പുറത്തായപ്പോൾ എത്തിയത് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. വെറും 10 പന്തിൽ 3 സിക്സും 2 ഫോറും സഹിതം 30 റൺസെടുത്ത ഹാർദിക്, ഇന്ത്യൻ സ്കോർ അതിവേഗം 240ൽ എത്തിച്ചു. ഇന്നിങ്സിലെ അവസാന പന്തിനു തൊട്ടുമുൻപാണ് ഹാർദിക് പുറത്തായത്. അക്ഷർ പട്ടേലും (23 പന്തിൽ 35*), ഹർഷിത് റാണയും (0*) പുറത്താകാതെ നിന്നു. ഹർഷിത് ഒഴികെ എല്ലാവരുടെയും ബാറ്റിൽനിന്ന് ഒരു സിക്സെങ്കിലും പിറന്നു. ആകെ 19 സിക്സുകളാണ് ഇന്ത്യൻ ഇന്നിങ്സിൽ പിറന്നത്.
English Summary:







English (US) ·