Published: March 14, 2026 04:48 PM IST Updated: March 14, 2026 05:53 PM IST
1 minute Read
തിരുവനന്തപുരം∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ഐതിഹാസിക വിജയം നേടിക്കൊടുക്കുന്നതിൽ നിർണയക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്നേഹാദരം. തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിൽ കെസിഎ പുതുതായി നിർമിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടന വേദിയിലാണ് താരത്തെ ആദരിക്കുന്നത്. ഈ മാസം 16നു വൈകിട്ട് ആറുമണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ സ്റ്റേഡിയം കായികലോകത്തിന് സമർപ്പിക്കും. ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സഞ്ജു സാംസണിനെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് കെസിഎ ഭാരവാഹികൾ ആദരിക്കുന്നത്.
ലോകകപ്പ് വിജയത്തിൽ നിർണായക സാന്നിധ്യമായ സഞ്ജു പുതിയ തലമുറയിലെ കായികതാരങ്ങൾക്ക് വലിയ പ്രചോദനമാകുമെന്നും, മംഗലപുരം സ്റ്റേഡിയം തലസ്ഥാനത്തെ ക്രിക്കറ്റ് വളർച്ചയ്ക്ക് പുത്തനുണർവ് നൽകുമെന്നും പ്രസിഡൻ്റ് ശ്രീജിത്ത് വി നായർ പറഞ്ഞു. രാജ്യത്തിന്റെ അഭിമാനമായ സഞ്ജുവിനുള്ള ജന്മനാടിന്റെ ഈ ആദരവ് സ്റ്റേഡിയം ഉദ്ഘാടനത്തിൻ്റെ മാറ്റുകൂട്ടുമെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ് കുമാർ അഭിപ്രായപ്പെട്ടു.
∙ അത്യാധുനിക സ്റ്റേഡിയം നാടിന്കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയിൽ തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിൽ നിർമിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 16ന് വൈകിട്ട് ആറുമണിക്ക് നിർവഹിക്കും. പത്തേക്കർ ഭൂമിയിൽ 45 കോടി രൂപ ചെലവഴിച്ച് നിർമിച്ച ഈ സ്റ്റേഡിയത്തിൽ രാജ്യാന്തര നിലവാരമുള്ള ക്രിക്കറ്റ് ഗ്രൗണ്ട്, പവലിയൻ സമുച്ചയം, അത്യാധുനിക ഫ്ലഡ്‌ലൈറ്റ് സംവിധാനം എന്നിവയുൾപ്പെടെ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത്തരം സൗകര്യങ്ങളുള്ള കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് സ്റ്റേഡിയമാണിത്.
രാത്രികാല മത്സരങ്ങൾക്കായി സജ്ജീകരിച്ചിട്ടുള്ള അത്യാധുനിക എൽഇഡി ഫ്ലഡ്‌ലൈറ്റ് സംവിധാനത്തിന്റെ സ്വിച്ച് ഓൺ കർമം കായികമന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിക്കും. രാജ്യത്തെ പ്രമുഖ സ്റ്റേഡിയങ്ങളിൽ ഫ്ലഡ്‌ലൈറ്റ് ഒരുക്കിയിട്ടുള്ള സിഗ്നിഫൈ (ഫിലിപ്സ്) ആണ് ഇതിന്റെ നിർമാണ കമ്പനി. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെർക്കുറി ഇലക്ട്രിക്കൽ കോർപറേഷൻ ആണ് ഫ്ലഡ്‌ലൈറ്റ് കോൺട്രാക്ടർ. ബിസിസിഐയുടെ ലൈറ്റിങ് കൺസൽട്ടന്റ് ലൈറ്റിങ് എൻവിറോൺമെന്റ് ഡിസൈൻസിന്റെ മേൽനോട്ടത്തിലാണ് ഫ്ലഡ്‌ലൈറ്റ് സംവിധാനം പൂർത്തിയാക്കിയത്. പ്രമുഖ ആർക്കിടെക്ട് ഷിബു അബൂസലിയാണ് സ്റ്റേഡിയം ഡിസൈൻ ചെയ്തിരിക്കുന്നത്.
രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി ആരംഭിക്കുന്ന കെസിഎ സ്റ്റേറ്റ് അക്കാദമിയുടെ നിർമാണോദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. മഴയത്തും രാത്രിയിലും തടസ്സമില്ലാതെ പരിശീലനം നടത്താൻ കഴിയുന്ന ഇൻഡോർ ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിന്റെ നിർമാണോദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. കെ.സി.എ പ്രസിഡന്റ് ശ്രീജിത്ത് വി. നായർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എംഎൽഎമാരായ വി. ശശി, കടകംപള്ളി സുരേന്ദ്രൻ, മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീചന്ദ് എസ്, പഞ്ചായത്ത് അംഗം ജീന ബാബു, കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാർ, മറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.
കേരളത്തിലെ എല്ലാ ജില്ലകളിലും മംഗലപുരം മാതൃകയിൽ സ്റ്റേഡിയങ്ങൾ നിർമിക്കുമെന്ന് കെസിഎ പ്രസിഡന്റ് ശ്രീജിത്ത് വി. നായർ പറഞ്ഞു. കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും അവർക്ക് ലോകോത്തര നിലവാരത്തിലുള്ള ശാസ്ത്രീയ പരിശീലനം ഉറപ്പാക്കുന്നതിനും പുതിയ ഗ്രൗണ്ടും അക്കാദമിയും ഇൻഡോർ സൗകര്യങ്ങളും വലിയ പങ്കുവഹിക്കുമെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാർ വ്യക്തമാക്കി.
English Summary:







English (US) ·