സഞ്ജു സാംസണ് കെണിയൊരുക്കി കാത്തിരുന്നു; വിക്കറ്റ് വീഴ്ത്തിയത് ചൂതാട്ടം പോലെയെന്ന് ക്യാപ്റ്റൻ പരാഗ്

1 month ago 8

ഓൺലൈൻ ഡെസ്ക്

Published: April 02, 2026 12:50 PM IST Updated: April 02, 2026 11:22 PM IST

1 minute Read

 വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@Rajatൽ നിന്ന് എടുത്തതാണ്.
റിയാൻ പരാഗ്, സഞ്ജു സാംസൺ‍. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@Rajatൽ നിന്ന് എടുത്തതാണ്.

ഗുവാഹത്തി∙ ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിലെ അരങ്ങേറ്റ മത്സരത്തിൽ ബാറ്റിങ്ങിൽ തിളങ്ങാൻ മലയാളി താരം സഞ്ജു സാംസണിനു സാധിച്ചിരുന്നില്ല. ഓപ്പണറായി ഇറങ്ങിയ സഞ്ജു, ഏഴു പന്തില്‍ ആറു റൺസെടുത്താണു പുറത്തായത്. രാജസ്ഥാൻ പേസർ നാന്ദ്രെ ബർഗറിന്റെ പന്തിൽ സഞ്ജു ബോൾ‍ഡാകുകയായിരുന്നു. രാജസ്ഥാൻ വിട്ട് ചെന്നൈയിൽ ചേർന്ന മുൻ ക്യാപ്റ്റനെ പുറത്താക്കുന്നതിനു വേണ്ടി കൃത്യമായ തയാറെടുപ്പുകളാണു ടീം നടത്തിയതെന്നു വ്യക്തമാക്കിയിരിക്കുകയാണ് റിയാൻ പരാഗ്. രാജസ്ഥാന്റെ ഫുൾ ടൈം ക്യാപ്റ്റനായി ചുമതലയേറ്റെടുത്ത ശേഷം റിയാൻ പരാഗിന്റെ ആദ്യ മത്സരമായിരുന്നു ഇത്. സഞ്ജു ആദ്യ കുറച്ചു പന്തുകളെ നേരിട്ട രീതി പ്ലാനുമായി മുന്നോട്ടു പോകാൻ പ്രോത്സാഹനമായെന്നും റിയാൻ പരാഗ് മാധ്യമങ്ങളോടു പറഞ്ഞു. സഞ്ജുവിന് ബൗണ്ടറി നേടാൻ അവസരമൊരുക്കിയതു പോലും ക‍ൃത്യമായ പ്ലാനിന്റെ ഭാഗമായിരുന്നെന്നാണ് പരാഗിന്റെ അവകാശവാദം.

‘‘സഞ്ജു ഭയ്യയ്ക്കു വേണ്ടിയുള്ള ആദ്യ മൂന്നോ, നാലോ പന്തുകൾ നിർണായകമായിരുന്നു. അതു നടപ്പായതോടെ ഞങ്ങൾ പ്ലാനുമായി മുന്നോട്ടുപോയി. ആദ്യ മൂന്നു പന്തുകളും പിന്നീടുള്ള നാലോ അഞ്ചോ പന്തുകളും സഞ്ജു ഭായി എങ്ങനെ കളിക്കും എന്നതിന് അനുസരിച്ചായിരുന്നു ഞങ്ങളുടെ ശ്രമങ്ങൾ. അതിന് അനുസരിച്ച് ഫീൽഡർമാരെയും സെറ്റ് ചെയ്തു. അദ്ദേഹത്തെ മികച്ച ഷോട്ട് കളിക്കാൻ പ്രേരിപ്പിച്ചത് ഒരു ചൂതാട്ടം പോലെയാണ്. അദ്ദേഹം പുറത്തായ ഷോട്ടിനെക്കുറിച്ചു പറയുകയാണെങ്കിൽ, അങ്ങനെ കളിക്കേണ്ടത് ഞങ്ങളുടെ ആവശ്യമായിരുന്നു. ഷോർട്ട് ബോളുകൾ എറിയാനും അദ്ദേഹത്തിന് ഇഷ്ടപ്പെട്ട പുൾ ഷോട്ടുകൾ കളിപ്പിക്കാനും ഞങ്ങള്‍ ശ്രമിച്ചില്ല.’’

‘‘ബാറ്ററെ അസ്വസ്ഥനാക്കുന്ന പന്തുകൾ എറിയാനാണ് ഞാൻ ആവശ്യപ്പെട്ടത്. ഞങ്ങളുടെ പ്ലാൻ വിചാരിച്ചതുപോലെ തന്നെ നടപ്പായി. പാളിയിരുന്നെങ്കിൽ ഞാനൊരു മണ്ടനെപ്പോലെ ഇരിക്കേണ്ടി വരുമായിരുന്നു. അതാണു പറയാനുള്ളത്.’’– പരാഗ് പ്രതികരിച്ചു. മത്സരത്തിൽ രണ്ടാം ഓവറിലെ ആറാം പന്തിലാണ് സഞ്ജുവിനെ ബർഗർ ബോൾഡാക്കിയത്. 140 കിലോമീറ്റർ വേഗതയിൽവന്ന പന്ത് സഞ്ജുവിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഓഫ് സ്റ്റംപ് ഇളക്കുകയായിരുന്നു. ഫുട്ട് മൂവ്മെന്റുകളില്ലാതെ ബാറ്റു വീശിയ സഞ്ജുവിന് പന്തിനു മേല്‍ നിയന്ത്രണം ലഭിക്കാതെ പോയി.

മത്സരത്തിൽ എട്ടു വിക്കറ്റ് വിജയമാണ് രാജസ്ഥാൻ റോയൽസ് നേടിയത്. ആദ്യം ബാറ്റു ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് 19.4 ഓവറിൽ 127 റൺസടിച്ചു പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിൽ 12.1 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ വിജയത്തിലെത്തി. മറുപടി ബാറ്റിങ്ങിൽ 17 പന്തിൽ 52 റൺസെടുത്ത ഓപ്പണിങ് ബാറ്റർ വൈഭവ് സൂര്യവംശിയുടെ പ്രകടനമാണ് രാജസ്ഥാന് അനായാസ വിജയം സമ്മാനിച്ചത്. ഏപ്രിൽ നാലിന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. 

English Summary:

Riyan Parag revealed that Rajasthan Royals had a circumstantial program to disregard the erstwhile captain, focusing connected disrupting Samson's bushed and forcing him into shots.

Read Entire Article