സഞ്ജുവിനെ ക്യാപ്റ്റനാക്കി ചെന്നൈ സൂപ്പർ കിങ്സ് ആ തെറ്റ് ചെയ്യരുത്: ഐപിഎലിനു തൊട്ടുമുൻപ് മുൻ ഇന്ത്യൻ താരത്തിന്റെ ഉപദേശം

3 days ago 2

ഓൺലൈൻ ഡെസ്ക്

Published: March 19, 2026 11:42 AM IST

1 minute Read

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്‌സ് ജഴ്‌സിയിൽ X/@diligentdarshan
സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്‌സ് ജഴ്‌സിയിൽ X/@diligentdarshan

മുംബൈ∙ 18 കോടി രൂപ മുടക്കി ടീമിലെത്തിച്ച സഞ്ജു സാംസണെ ചെന്നൈ സൂപ്പർ കിങ്സ് ഉടൻ ക്യാപ്റ്റനാക്കരുതെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. നിലവിലെ ടീം ക്യാപ്റ്റൻ‍ ഋതുരാജ് ഗെയ്ക്‌വാദിനെ തന്നെ ചെന്നൈ തുടർന്നും നായകസ്ഥാനത്ത് കളിപ്പിക്കണമെന്നും കൈഫ് യുട്യൂബ് ചാനലിലെ വിഡിയോയിൽ പ്രതികരിച്ചു. ട്വന്റി20 ലോകകപ്പിൽ അഞ്ച് കളികളിൽനിന്ന് 321 റണ്‍സടിച്ച സഞ്ജു ‘പ്ലേയർ ഓഫ് ദ് ടൂർണമെന്റ്’ ആയിരുന്നു. മികച്ച ഫോമിലുള്ള സഞ്ജു അടുത്ത ഐപിഎൽ സീസണിൽ ചെന്നൈയുടെ വലിയ ബാറ്റിങ് പ്രതീക്ഷയാണ്. ലോകകപ്പ് വിജയത്തിനു ശേഷം ചെന്നൈ ടീം ക്യാംപിൽ ചേരാനുള്ള ഒരുക്കത്തിലാണു സഞ്ജുവിപ്പോൾ.

ഋതുരാജിനെ മാറ്റി സഞ്ജുവിനെ ക്യാപ്റ്റനാക്കുന്ന കാര്യത്തിൽ ചെന്നൈ തിടുക്കം കാണിക്കരുതെന്ന് കൈഫ് യുട്യൂബ് ചാനലിലെ വിഡിയോയിൽ പറഞ്ഞു. ‘‘സഞ്ജുവിന് ഇപ്പോൾ തന്നെ ക്യാപ്റ്റൻസി നൽകി ചെന്നൈ സൂപ്പർ കിങ്സ് തെറ്റു ചെയ്യില്ലെന്നു പ്രതീക്ഷിക്കുന്നു. സഞ്ജു ഇപ്പോൾ ടീമിന്റെ ഭാഗമായതേ ഉള്ളു. ഒറ്റയടിക്ക് സഞ്ജുവിന് എല്ലാം ചെയ്യാൻ സാധിക്കില്ല. ബാറ്റു ചെയ്തു മത്സരങ്ങള്‍ ജയിപ്പിക്കണം, വിക്കറ്റ് കീപ്പറാകണം, ടീമിനെ നയിക്കുകയും വേണം. എല്ലാ ഭാരവും ഉടൻ സഞ്ജുവിന്റെ തലയിൽവച്ചു കൊടുക്കരുത്.’’

‘‘സഞ്ജുവിനെ പതുക്കെ വളരാൻ അനുവദിക്കുക. അങ്ങനെ അദ്ദേഹം ധോണിയുടെ പകരക്കാരനാകട്ടെ. ചെന്നൈയിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാകാൻ പോകുന്നില്ല. ചെന്നൈ ഋതുരാജിനെ തന്നെ ഇനിയും പിന്തുണയ്ക്കുമെന്നാണു തോന്നുന്നത്. സഞ്ജുവിന് ഇപ്പോൾ ക്യാപ്റ്റൻസി കൈമാറുന്നത് തെറ്റായ തീരുമാനമാകുമെന്നാണ് എനിക്കു തോന്നുന്നത്. കാരണം ഞാൻ പറയാം. സഞ്ജുവിന് ചെന്നൈയിലെ രീതികളും സംസ്കാരവും ഇപ്പോഴും മനസ്സിലായിട്ടില്ല. താരങ്ങളു‍ടെ ശൈലിയും ആരാധകരുടെ പ്രതീക്ഷകളും സഞ്ജുവിന് ഇപ്പോൾ മനസ്സിലാകില്ല.’’– കൈഫ് വ്യക്തമാക്കി.

മാർച്ച് 30ന് അസമിലെ ബരസ്പര സ്റ്റേഡിയത്തിലാണ് സീസണിൽ ചെന്നൈയുടെ ആദ്യ മത്സരം. ഈ കളിയില്‍ തന്നെ സഞ്ജു ടീമിന്റെ ടോപ് ഓർഡർ ബാറ്ററായി ഇറങ്ങുമെന്നാണു പ്രതീക്ഷ. സഞ്ജുവിന്റെ പഴയ ടീമായ രാജസ്ഥാൻ റോയൽസാണ് ആദ്യ മത്സരത്തിൽ ചെന്നൈയുടെ എതിരാളികൾ. വെറ്ററൻ താരം മഹേന്ദ്ര സിങ് ധോണി ഇംപാക്ട് പ്ലേയറായി കളിക്കാൻ സഞ്ജു ടീമിന്റെ വിക്കറ്റ് കീപ്പറായേക്കും.

English Summary:

Mohammed Kaif advises CSK against aboriginal Sanju Samson captaincy

Read Entire Article