സഞ്ജുവിന് ‘ആനിവേഴ്‌സറി’ ഗിഫ്റ്റ്! ചെന്നൈയ്ക്ക് തുടർച്ചയായ രണ്ടാം ജയം, പോയിന്റ് പട്ടികയിൽ മുംബൈയെ ‘ഓവർടേക്ക്’ ചെയ്തു

1 month ago 6

ചെന്നൈ∙ ബാറ്റർമാരെ അകമഴിഞ്ഞ് പിന്തുണയ്ക്കാറുള്ള ഐപിഎൽ പിച്ച്, പക്ഷേ ഇത്തവണ ബോളർമാരോട് കനിഞ്ഞപ്പോൾ ടൂർണമെന്റിലെ ആദ്യ ജയമെന്ന കൊൽക്കത്തയുടെ മോഹം ചെപ്പോക്കിൽ വീണുടഞ്ഞു. ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയുടെ ഇന്നിങ്സ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 160 റൺസിൽ അവസാനിച്ചു. ചെന്നൈയ്ക്കു 32 റൺസ് ജയം. ഈ സീസണിൽ ചെന്നൈയുടെ രണ്ടാം ജയമാണിത്. പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തേയ്ക്കു കയറുകയും ചെയ്തു. കൊൽക്കത്ത അവസാന സ്ഥാനത്ത് തുടരുമ്പോൾ മുംബൈ ഇന്ത്യൻസാണ് ഒൻപതാമത്. മത്സരത്തിൽ, ചെന്നൈ ഫീൽഡ‍ർമാർ കൈവിട്ട ക്യാച്ചുകളിലുടെ കിട്ടിയ അവസരങ്ങളും കൊൽക്കത്തയ്ക്കു മുതലാക്കാനായില്ല. നാല് ഓവറിൽ 21 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റെടുത്ത നൂർ അഹമ്മദ്, രണ്ടു വിക്കറ്റ് വീഴ്ത്തിയ അൻഷുൽ കംബോജ്, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ഖലീൽ അഹമ്മദ്, അകീൽ ഹൊസൈൻ എന്നിവരാണ് കൊൽക്കത്തയെ പിടിച്ചുകെട്ടിയത്.

മറുപടി ബാറ്റിങ്ങിൽ, ഓപ്പണിങ് സഖ്യത്തെ മാറ്റിപരീക്ഷിച്ചാണ് കൊൽക്കത്ത ഇറങ്ങിയത്. ക്യാപ്റ്റൻ അജിൻക്യ രഹാനെയ്ക്കു പകരം സുനിൽ നരെയ്നാണ് ഫിൻ അലനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്തത്. ഐപിഎലിൽ പലതവണ വിജയിച്ച ചരിത്രമുള്ള ഈ ‘തന്ത്രം’ എന്നാൽ ഈ മത്സരത്തിൽ ഫലം കണ്ടില്ല. ആദ്യ ഓവറിൽ സിക്സടിച്ച് സുനിൽ നരെയ്ൻ പ്രതീക്ഷ നൽകിയെങ്കിലും രണ്ടാം ഓവറിൽ ഫിൻ അലൻ (3 പന്തിൽ 1) വീണതോടെ താരം പ്രതിരോധത്തിലായി. മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റൻ അജിൻക്യ രഹാനെയ്ക്കും താളം കണ്ടെത്താനായില്ല. പവർപ്ലേ തീരും മുൻപേ നരെയ്നെ (17 പന്തിൽ 24) ഖലീൽ അഹമ്മദ് മടക്കി. മൂന്നാം വിക്കറ്റിൽ ഒന്നിച്ച രഹാനെ– അംഗ്ക്രിഷ് രഘുവംശി സഖ്യം ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയെങ്കിലും സ്കോറിങ്ങിന് വേഗത കൈവന്നില്ല.

ചെപ്പോക്കിലെ പിച്ച് ‘തനിസ്വരൂപം’ കാട്ടിയതോടെ ബോളർമാർ ശരിക്കും പിടിമുറുക്കി. 10–ാം ഓവറിൽ അംഗ്ക്രിഷ് രഘുവംശി (19 പന്തിൽ 27) പുറത്താകുമ്പോൾ കൊൽക്കത്ത സ്കോർ, 79ൽ എത്തിയതേയുള്ളൂ. തൊട്ടടുത്ത ഓവറിൽ നൂർ അഹമ്മദിന്റെ ‘ഇരട്ടപ്രഹര’ത്തിൽ കൊൽക്കത്ത ശരിക്കും തകർന്നു. അജിൻക്യ രഹാനെ (22 പന്തിൽ 28), കാമറൂൺ ഗ്രീൻ (പൂജ്യം) എന്നിവരെയാണ് അടുത്തടുത്ത പന്തുകളിൽ നൂർ വീഴ്ത്തിയത്. തന്റെ അടുത്ത ഓവറിൽ റിങ്കു സിങ്ങിനെയും (12 പന്തിൽ 6) നൂർ പറഞ്ഞയച്ചു. ഏഴാം വിക്കറ്റിൽ ഒന്നിച്ച റോവ്‌മൻ പവൽ (22 പന്തിൽ 31*) – രമൺദീപ് സിങ് (23 പന്തിൽ 35) സഖ്യം ചില ഷോട്ടുകൾ പായിച്ചെങ്കിലും തോൽവിയുടെ മാർജിൻ കുറയ്ക്കാൻ മാത്രമേ അതു സഹായമായുള്ളൂ. അവസാന ഓവറിൽ രമൺദീപ് സിങ്ങിനെ അൻഷുൽ കംബോജ് പുറത്താക്കുകയും ചെയ്തതതോടെ കൊൽക്കത്തയുടെ തോൽവി സമ്പൂർണം.

∙ ‘അനിവേഴ്‌സറി’ സ്പെഷൽസഞ്ജു സാംസണും ആയുഷ് മാത്രെയും നൽകിയ തുടക്കത്തിന്, ഒടുക്കം ബോളർമാർ കടിഞ്ഞാൺ ഇട്ടതോടെ കൊൽക്കത്തയ്ക്കെതിരായ ഐപിഎൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ സ്കോർ 200ൽ താഴെ ഒതുങ്ങി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് 192 റൺസെടുത്തത്. വെറും രണ്ടു റൺസകലെ അർധസെഞ്ചറി നഷ്ടമായ സഞ്ജു സാംസൺ (32 പന്തിൽ 48), ആയുഷ് മാത്രെ (17 പന്തിൽ 38), ഡെവാൾഡ് ബ്രവിസ് (29 പന്തിൽ 41), സർഫറാസ് ഖാൻ (18 പന്തിൽ 23) എന്നിവരുടെ ബാറ്റിങ് മികവിലാണ് ചെന്നൈ ഭേദപ്പെട്ട സ്കോർ നേടിയത്.

ടോസ് നേടിയ കൊൽക്കത്ത ക്യാപ്റ്റൻ അജിൻക്യ രഹാനെ, ചെന്നൈയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ നിർത്തിയിടത്തുനിന്നു തുടങ്ങിയ സഞ്ജു, ആദ്യ ഓവറിൽ വൈഭവ് അറോറയ്ക്കെതിരെ ഹാട്രിക് ഫോറടിച്ചാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. ഇതോടെ ഐപിഎലിൽ അരങ്ങേറ്റം കുറിച്ചതിന്റെ 13–ാം വാർഷിക സഞ്ജു കാത്തുവച്ചിരിക്കുന്നത് എന്താകും എന്ന ആകാക്ഷയിലായി ആരാധകർ (2013 ഏപ്രിൽ 14ന് പഞ്ചാബിനെതിരെയാണ് രാജസ്ഥാൻ ജഴ്സിയിൽ സഞ്ജു ഐപിഎലിൽ അരങ്ങേറിയത്). മറുവശത്ത് സഹഓപ്പണറായ ഋതുരാജ് ഗെയ്‌ക്‌വാദിന് ഇന്നും താളംകണ്ടെത്താനായില്ല. ഒരു ഫോർ മാത്രം അടിച്ച താരം 6 പന്തിൽ 7 റൺസുമായി മൂന്നാം ഓവറിൽ അനുകൂൽ റോയ്‌ക്ക് വിക്കറ്റ്് സമ്മാനിച്ച് മടങ്ങി. മൂന്നാമനായി ആയുഷ് മാത്രേ ഇറങ്ങിയതോടെ ചെന്നൈ ഇന്നിങ്സിനു വീണ്ടും ജീവൻ വച്ചു.

കൊൽകത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് താരം സഞ്ജു സാംസന്റെ ബാറ്റിങ്. (PTI Photo/R Senthilkumar)

കൊൽകത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് താരം സഞ്ജു സാംസന്റെ ബാറ്റിങ്. (PTI Photo/R Senthilkumar)

മാത്രേ കളംനിറഞ്ഞതോടെ താരത്തിനു സ്ട്രൈക്ക് കൈമാറാൻ സഞ്ജു ശ്രദ്ധിച്ചു. നാലാം ഓവറിൽ കാമറൂൺ ഗ്രീനെതിരെ രണ്ടു ഫോറും രണ്ടു സിക്സുമടക്കം 20 റൺസാണ് മാത്രേ അടിച്ചുകൂട്ടിയത്. ഒപ്പം സഞ്ജുവും ഉറച്ച പിന്തുണ നൽകിയതോടെ പവർപ്ലേയിൽ സ്കോർ കുതിച്ചു. പവർപ്ലേയിലെ അവസാനപന്തിൽ വൈഭവ് അറോറ, മാത്രയെ പുറത്താക്കുമ്പോൾ ചെന്നൈ സ്കോർ 72ൽ എത്തിയിരുന്നു. ഐപിഎലിൽ കൊൽക്കത്തയ്ക്കെതിരെ ചെന്നൈയുടെ ഏറ്റവും ഉയർന്ന രണ്ടാമത്ത പവർപ്ലേ സ്കോറാണിത്. 2018ൽ നേടിയ 75/1 ആണ് ഒന്നാമത്. രണ്ടാം വിക്കറ്റിൽ സഞ്ജുവും മാത്രെയും 47 റൺസ് കൂട്ടിച്ചേർത്തു.

നാലാമനായി ഇറങ്ങിയ ഡെവാൾഡ് ബ്രവിസുമായി ചേർന്ന് സഞ്ജു ശ്രദ്ധയോടെ ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയി. പത്താം ഓവറിൽ സ്കോർ നൂറു കടന്നു. 12–ാം ഓവറിൽ കാർത്തിക് ത്യാഗിയുടെ ‘മിന്നൽ ബോളിൽ’ സഞ്ജുവിന്റെ കുറ്റിത്തെറിച്ചു. അർധസെഞ്ചറിക്ക് വെറും രണ്ടു റൺകലെയാണ് സഞ്ജു വീണത്. മൂന്നു സിക്സും നാലു ഫോറുമാണ് സഞ്ജുവിന്റെ ബാറ്റിൽനിന്നു പിറന്നത്. നാലാം വിക്കറ്റിൽ ഒന്നിച്ച ബ്രവിസ്– സർഫറാസ് സഖ്യം വിക്കറ്റ് പോകാതെ ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയെങ്കിലും, സുനിൽ നരെയ്ൻ, അനുകൂൽ റോയ്, വരുൺ ചക്രവർത്തി എന്നീ സ്പിന്നർമാർ റൺസ് പിശുക്കിയതോടെ റൺറേറ്റ് ഇടിഞ്ഞു. 17–ാം ഓവറിൽ സർഫറാസിനെ (18 പന്തിൽ 23) പുറത്താക്കി സുനിൽ നരെയ്നാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത ഓവറിൽ ഡെവാൾഡ് ബ്രവിസിനെ കാർത്തിക് ത്യാഗിയും പുറത്താക്കി.

ആറാം വിക്കറ്റിൽ ഒന്നിച്ച ശിവം ദുബെ (12 പന്തിൽ 13), ജാമി ഓവർട്ടൺ (6 പന്തിൽ 7) എന്നിവർക്ക് കൂറ്റനടികൾക്ക് സാധിക്കാതെ വന്നതോടെ ചെന്നൈ സ്കോർ 200ൽ താഴെ ഒതുങ്ങി. കൊൽക്കത്തയ്ക്കായി കാർത്തിക് ത്യാഗി രണ്ടു വിക്കറ്റെടുത്തപ്പോൾ വൈഭവ് അറോറ, അനുകൂൽ റോയ്, സുനിൽ നരെയ്ൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

English Summary:

IPL 2026: Chennai Super Kings vs Kolkata Knight Riders, Live Score

Read Entire Article