Published: January 30, 2026 05:35 PM IST
1 minute Read
തിരുവനന്തപുരം ∙ ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിനായി തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ ഇന്ത്യൻ ടീം നാളെ ഇറങ്ങുമ്പോൾ എല്ലാം കണ്ണുകളും ഒരു താരത്തിലേക്കാണ്; നാട്ടിലെ താരമായ സഞ്ജു സാംസണിലേക്ക്. സ്വന്തം നാട്ടിൽ ആദ്യമായി ഒരു രാജ്യാന്തര മത്സരം കളിക്കാനുള്ള ഒരുക്കത്തിലാണ് സഞ്ജു സാംസൺ.
എന്നാൽ സമീപകാലത്ത് നേരിടുന്ന ഏറ്റവും വലിയ സമ്മർദഘട്ടത്തിലൂടെയാണ് താരം കടന്നുപോകുന്നത്. ആദ്യ നാലു മത്സരങ്ങളിൽനിന്നു വെറും 40 റൺസാണ് മാത്രമുള്ള സഞ്ജുവിന് കാര്യവട്ടത്തെ കളി കരിയറിലെ ഏറ്റവും നിർണായക മത്സരങ്ങളിലൊന്നാണ്. ലോകകപ്പ് പ്ലേയിങ് ഇലവനിൽ സ്ഥാനമുറപ്പിക്കാനുള്ള അവസാന അവസരവും. സ്വന്തം നാട്ടുകാർക്ക് മുന്നിൽ ഫോമിലേക്ക് തിരിച്ചെത്താൻ സഞ്ജുവിന് ആകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
എന്നാൽ അതിനിടെ, സഞ്ജുവിന് വിശ്രമം അനുവദിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും രാജസ്ഥാൻ റോയൽസിൽ സഞ്ജുവിന്റെ സഹതാരവുമായിരുന്ന രവിചന്ദ്രൻ അശ്വിൻ. ‘‘നല്ലൊരു കളിക്കാരനല്ലെങ്കിൽ, അദ്ദേഹത്തിന് ഈ നിലയിൽ എത്താൻ കഴിയില്ല. മനസ്സ് ഒരുപാട് ചിന്തകളാൽ മൂടപ്പെട്ടിരിക്കുമ്പോൾ, പന്തുകളുടെ ലൈനും ലെങ്തും തിരിച്ചറിയാൻ പ്രയാസമായിരിക്കും. അവന്റെ മനസ്സിലൂടെ ഒരുപാട് ചിന്തകൾ കടന്നുപോകുന്നു.’’– രവിചന്ദ്രൻ അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
സഞ്ജുവിനെ മധ്യനിരയിലേക്കു മാറ്റരുതെന്നും ഒരാൾക്ക് വേണ്ടി മാത്രമായി ടീമിൽ ഒരു സ്ലോട്ട് ഉണ്ടാക്കി നൽകാൻ കഴിയില്ലെന്നും അശ്വിൻ പറഞ്ഞു. ‘‘സഞ്ജു മധ്യനിരയിലേക്ക് വന്നാൽ അത് ബാറ്റിങ് നിരയുടെ ബാലൻസ് തെറ്റിക്കും. എല്ലാവരും സഞ്ജുവിന് ചുറ്റും കറങ്ങണമെന്ന് പറയുന്നത് ശരിയല്ല. ഈ ഘട്ടത്തിൽ ഒരു ഇടവേളയാണ് വേണ്ടത്. തുടർച്ചയായ പരാജയങ്ങൾ നേരിടുമ്പോൾ താരത്തിന് വിശ്രമം നൽകുന്നതാണ് നല്ലത്. പുറത്തിരുന്ന് കളി നിരീക്ഷിക്കുന്നത് സഞ്ജുവിനെ കൂടുതൽ മികച്ച കളിക്കാരനാക്കാൻ സഹായിക്കും.’’– അശ്വിൻ കൂട്ടിച്ചേർത്തു.
English Summary:







English (US) ·