സധൈര്യം സാബ്‌ലെ! ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം ട്രാക്കിലേക്ക് തിരിച്ചുവരാനൊരുങ്ങി അവിനാഷ് സാബ്‌ലെ

1 week ago 3

വിനോദ് ഗോപി

വിനോദ് ഗോപി

Published: September 07, 2026 07:30 AM IST Updated: September 07, 2026 02:30 PM IST

1 minute Read

അവിനാഷ് സാബ്‌ലെ (Facebook/avinashsable545/)
അവിനാഷ് സാബ്‌ലെ (Facebook/avinashsable545/)

ഒരു അത്‌ലീറ്റിന്റെ വിജയം മാത്രമാണ് ആഘോഷമാകുന്നത്. ഫോമിന്റെ അങ്ങേയറ്റത്തു നിന്നുള്ള വീഴ്ചയിൽ സമയം അവർക്കു മുൻപേയോടും. അങ്ങനെയൊരു വീഴ്ചയെ അതിജീവിച്ച് ഏഷ്യൻ ഗെയിംസിൽ മത്സരിക്കാനൊരുങ്ങുകയാണു 3000 മീറ്റർ സ്റ്റീപ്പിൾ ചേസ് താരം അവിനാഷ് സാബ്‌ലെ; കഴിഞ്ഞ ഏഷ്യൻ ഗെയിംസിലെ സ്വർണമെഡൽ‌ ജേതാവ്.

കഴിഞ്ഞ വർഷം തുടക്കത്തിൽ അവിനാഷ് സാബ്‌ലെ മികച്ച ഫോമിലായിരുന്നു. പക്ഷേ, ജൂലൈയിൽ മൊണാക്കോ ഡയമണ്ട് ലീഗിൽ സ്റ്റീപ്പിൾ ചേസിലെ വെള്ളത്തിനു മുകളിലൂടെയുള്ള ചാട്ടം പാളി. അവിനാഷിന്റെ മുന്നിലോടിയിരുന്ന താരം ജംപ് ബാറിൽ തട്ടി വീണു. പിന്നാലെ വന്ന അവിനാഷ് ചാടിയത് അയാൾക്കു മുകളിലേക്ക്. ആ വീഴ്ചയിൽ അവിനാഷിന്റെ മുട്ടിനു ഗുരുതര പരുക്കേറ്റു; ട്രാക്കിൽ കിടന്നു കരഞ്ഞു.

പിന്നീട് ശസ്ത്രക്രിയ, നീണ്ട 14 മാസത്തെ വിശ്രമം. ബെംഗളൂരു സായ് കേന്ദ്രത്തിൽ താമസം. കൂട്ടുകാരെല്ലാം മത്സരങ്ങൾക്കു പോകും; അവിനാഷ് ഒറ്റയ്ക്കാകും. കാര്യങ്ങൾ മനസ്സിലാക്കിയ സായ് അധികൃതർ അവിനാഷിനെ ഹോസ്റ്റലിൽ നിന്നു മാറ്റി, എല്ലാ സൗകര്യങ്ങളുമുള്ള ഒരു സ്റ്റുഡിയോ റൂം താമസത്തിനായി നൽകി; കാര്യങ്ങൾ ഇടയ്ക്കിടെ അന്വേഷിക്കാൻ ആളെ ഏർപ്പെടുത്തി.

സിയാച്ചിനിലെ കൊടും തണുപ്പിനോടും രാജസ്ഥാൻ മരുഭൂമിയിലെ കൊടും ചൂടിനോടും പോരാടിയ സൈനികനായ സാബ്‌ലെ തന്റെ അത്‌ലറ്റിക്സ് കരിയർ അവസാനിച്ചുവെന്നു തോന്നിപ്പിച്ച ആ പ്രതിസന്ധിയോടും പൊരുതി; സുഹൃത്തുക്കളും പഴയ കോച്ചുമാരുമെല്ലാം അവന്റെ മനസ്സിനെ പ്രചോദിപ്പിച്ചു. സായ് സെന്ററിലെ മെസിൽ ഷെഫുമാർ അവനു വേണ്ടി ആട്ടിൻ കാലുകൊണ്ടു സൂപ്പുണ്ടാക്കി. ചുറ്റുമുള്ളവരെല്ലാം ഒരുപാട് ആഗ്രഹിച്ചപ്പോൾ അവന്റെ കാലുകൾക്കു കരുത്തു കൂടി. ബെംഗളൂരു സായിയിൽ വൈകിട്ടു ജിമ്മിലും രാവിലെ ട്രാക്കിലും സജീവമാകുന്ന അവിനാഷിൽ തിരിച്ചുവരവിന്റെ ആത്മവിശ്വാസം പ്രകടം. ഏഷ്യൻ ഗെയിംസിനു മുൻപ് 10നു ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യൻ അത്‌ലറ്റിക്സ് സീരീസ് ഫൈനലിൽ അവിനാഷ് ആദ്യ മത്സരത്തിനിറങ്ങും.

English Summary:

Avinash Sable's singular comeback communicative from a terrible wounded to competing successful the Asian Games is simply a testament to his resilience. After a autumn during a Monaco Diamond League event, which resulted successful a genu wounded and a 14-month betterment period, Sable has trained diligently astatine the SAI Bengaluru center. His travel of overcoming adversity, supported by friends, coaches, and SAI authorities, showcases his determination to reclaim his erstwhile glory, particularly arsenic the defending Asian Games golden medalist successful the 3000m steeplechase.

Read Entire Article