അസമിലെ ദിബ്രുഗഡിൽനിന്ന് ∙ തോമസ് ജേക്കബ്
Published: January 24, 2026 07:04 AM IST Updated: January 24, 2026 08:04 AM IST
1 minute Read
അസമിലെ ഫുട്ബോൾ മൈതാനങ്ങൾ വാശിക്കാരനായൊരു വികൃതിക്കുട്ടിയെപ്പോലെയാണ്. കളിക്കാരന്റെ കണക്കുകൂട്ടലുകൾക്കപ്പുറം മൈതാനങ്ങൾക്കു സ്വന്തമായി തീരുമാനങ്ങളുണ്ടാകും. ഉരുളുന്ന പന്തിന്റെ ഗതിവിഗതികൾ അവ സ്വയം നിർണയിക്കും. ഇന്നലെ ദിബ്രുഗഡ് സർവകലാശാല സ്റ്റേഡിയത്തിലെ പരിശീലനത്തിൽ മൈതാനത്തിന്റെ സ്വഭാവത്തോട് ഇണങ്ങി കളിക്കേണ്ടതിനെക്കുറിച്ചാണ് കേരള ടീമിനോടു പരിശീലകൻ സംസാരിച്ചത്. സന്തോഷ് ട്രോഫി ഫുട്ബോളിൽ, കരുത്തരായ റെയിൽവേസിനെതിരെ ഇന്നു രാവിലെ 9നു സിലാപത്തർ സ്റ്റേഡിയത്തിലാണ് കേരളത്തിന്റെ രണ്ടാം മത്സരം. ഫിഫ പ്ലസ് ആപ്പിൽ മത്സരം തത്സമയം.
വിജയം, സന്തോഷംനിറഞ്ഞ ചിരിയോടെയാണ് താരങ്ങളും പരിശീലക സംഘവും ഇന്നലെ പരിശീലനത്തിനെത്തിയത്. പഞ്ചാബിനെതിരായ ആദ്യമത്സരത്തിലെ വിജയത്തിന്റെ സന്തോഷം എല്ലാ മുഖങ്ങളിലും പ്രകടം. ആദ്യം പരിശീലകന്റെ നിർദേശങ്ങൾ, പിന്നീടു കഴിഞ്ഞ കളിയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും എതിരാളിയുടെ തന്ത്രങ്ങൾ തകർക്കാനുമുള്ള കഠിനപരിശീലനം.
സഹപരിശീലകൻ എബിൻ റോസ് പതിവുപോലെ കളിക്കാനിറങ്ങി. മുൻ ഇന്ത്യൻ താരം കെ.ടി.ചാക്കോയുടെ നേതൃത്വത്തിൽ ഗോൾകീപ്പർമാർക്കു പ്രത്യേക പരിശീലനം. ഹൈബോളുകൾ പ്രതിരോധിക്കാനുള്ള പരിശീലനമായിരുന്നു ഇന്നലത്തെ ഹൈലൈറ്റ്.
വെല്ലുവിളികളേറെപഞ്ചാബിനെതിരെ ആദ്യപകുതിയിൽ ടീമിന്റെ പ്രകടനം മോശമായെന്നാണു കേരള ക്യാംപിലെ വിലയിരുത്തൽ. ഒത്തിണക്കമില്ലായ്മയും മൈതാനത്ത് പരസ്പരം സംസാരിച്ചുകളിക്കാൻ താരങ്ങൾക്കു സാധിക്കാത്തതും കഴിഞ്ഞ കളിയിൽ കണ്ടു. ആ പിഴവ് മുതലെടുത്തായിരുന്നു പഞ്ചാബിന്റെ ഗോൾ. അത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമ്പോഴും ടീമിന്റെ തന്ത്രങ്ങളിൽ കാര്യമായ മാറ്റത്തിനു സാധ്യതയില്ല. ആക്രമണം തന്നെയാണ് ലക്ഷ്യം. ഗോൾ വഴങ്ങുന്നതിൽ പിശുക്ക് കാട്ടുന്ന റെയിൽവേസിനു ഗോളടിക്കാൻ അവസരം കൊടുത്താൽ കേരളത്തിനു വിജയം എളുപ്പമാകില്ല.
റെയിൽവേസ് കരുത്തർമൂന്ന് തവണ സന്തോഷ് ട്രോഫി ചാംപ്യന്മാരായിട്ടുള്ള റെയിൽവേസ് പന്ത് ഹോൾഡ് ചെയ്തു കളിക്കുന്ന ശൈലിക്കാരാണ്. യോഗ്യതാ റൗണ്ടിൽ തോൽവിയറിയാതെയാണ് റെയിൽവേസ് ഫൈനൽ റൗണ്ടിനെത്തിയത്. 13 ഗോളുകൾ നേടിയ ടീം ഒരെണ്ണം പോലും വഴങ്ങിയില്ല! എന്നാൽ, ആദ്യ മത്സരത്തിൽ സർവീസസിനോട് 1–1 സമനില വഴങ്ങിയതു റെയിൽവേസിന്റെ സമ്മർദം വർധിപ്പിച്ചിട്ടുണ്ട്. ഇന്നു ജയത്തിൽ കുറഞ്ഞൊന്നും അവർ ലക്ഷ്യം വയ്ക്കുന്നില്ല. കളിമെനയാനും പന്ത് വലയിലെത്തിക്കാനും ഒരുപോലെ മികവുള്ള മധ്യനിര താരം ഷെയ്ഖ് സൂഫിയാൻ കേരളം ഭയക്കേണ്ട താരമാണ്.
മുന്നേറ്റത്തിൽ മാറ്റത്തിന് സാധ്യത
ദിബ്രുഗഡ് ∙ കേരളത്തിന്റെ മുന്നേറ്റ നിരയിൽ മാറ്റത്തിനു സാധ്യത. പഞ്ചാബിനെതിരെ പകരക്കാരായി ഇറങ്ങി മികച്ച പ്രകടനം നടത്തിയ ടി.ഷിജിനെയും മുഹമ്മദ് സിനാനെയും ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയേക്കും. പഞ്ചാബിനെതിരെ കേരളത്തിനു 18 ഗോളവസരങ്ങൾ ലഭിച്ചിരുന്നു. അതിൽ 3 എണ്ണം മാത്രമാണ് ഗോളാക്കാൻ കഴിഞ്ഞത്. ഗോൾ വഴങ്ങാതെ കളിക്കുന്ന റെയിൽവേസിനെതിരെ ഈ പ്രശ്നം പരിഹരിക്കേണ്ടത് പ്രധാനമാണ്.
English Summary:







English (US) ·