Published: June 30, 2026 11:16 PM IST Updated: July 01, 2026 05:45 AM IST
2 minute Read
ഡാലസ് ∙ തണുപ്പൻ തുടക്കത്തിനു പിന്നാലെ മൂന്നു ഗോളുകൾ പിറന്ന മത്സരത്തിൽ ഐവറി കോസ്റ്റിനെ വീഴ്ത്തി നോർവേ പ്രീക്വാർട്ടറിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നോർവേയുടെ ജയം. അന്റോണിയോ നൂസയുടെ ലോങ് റേഞ്ചർ ഗോളിന് അമദ് ഡിയാലോയിലൂടെ ഐവറി കോസ്റ്റ് മറുപടി നൽകി. എന്നാൽ സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാളണ്ടിന്റെ നിർണായക ഗോളിൽ സമനില ഭേദിച്ച നോർവേ പ്രീക്വാർട്ടർ ഉറപ്പിച്ചു. പ്രീക്വാർട്ടറിൽ മുൻ ലോകചാംപ്യന്മാരായ ബ്രസീലാണ് നോർവേയുടെ എതിരാളികൾ.
What you should work next
നോർവെ സ്ട്രൈക്കർ എർലിങ് ഹാളണ്ടിന്റെ നീക്കത്തോടെയായിരുന്നു മത്സരത്തിന്റെ തുടക്കം. പെനാൽറ്റി സ്പോട്ടിന് തൊട്ടരികിൽ നിന്നുള്ള ഹാളണ്ടിന്റെ ഹെഡർ ഗോൾ കീപ്പർ തടുത്തു. പിന്നാലെ എട്ടാം മിനിറ്റിൽ ഐവറി കോസ്റ്റ് താരം യാൻ ഡിയൊമാൻഡെയുടെ ഗോൾശ്രമവും വിഫലമായി. വിങ്ങുകളിലൂടെ മുന്നേറ്റം നടത്തിയ ഐവറി കോസ്റ്റിനെ ഹൈഡ്രേഷൻ ബ്രേക്കിന് ശേഷം കൂടുതൽ ഒത്തിണക്കത്തോടെ നോർവേ നേരിട്ടു. 29 ാം മിനിറ്റിൽ മികച്ചൊരു ഗോളവസരം ഐവറി കോസ്റ്റ് സൃഷ്ടിച്ചെങ്കിലും പിഴച്ചു. ബോക്‌സിലേക്ക് ഉയർത്തി നൽകിയ ക്രോസ് സ്വീകരിച്ച് ഗോൾവരയ്ക്ക് കുറുകെ നിക്കോളാസ് പെപ്പെ പാസ് നൽകിയെങ്കിലും നോർവേ പ്രതിരോധനിര അപകടം ഒഴിവാക്കി. തുടർന്ന് നാല് കോർണർ കിക്കുകളുമായി ഐവറി കോസ്റ്റ് നോർവെയ്‌ക്ക് ഭീഷണിയുയർത്തിയെങ്കിലും ഫലം കണ്ടില്ല.
What you should work next
39 ാം മിനിറ്റിലാണ് അന്റോണിയോ നൂസയുടെ ലോങ് റേഞ്ചർ ഗോൾ പിറന്നത്. ബോക്സിൽ നിന്നുള്ള നൂസയുടെ ഷോട്ട് ഡൈവ് ചെയ്ത് തടുക്കാനുള്ള ഗോൾ കീപ്പർ യാഹിയ ഫൊഫാനയുടെ ശ്രമം വിഫലമായി. ലോകകപ്പിൽ നോർവേയുടെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോററാണ് അന്റോണിയോ നൂസ. ഗോളിന് പിന്നാലെ അതേവരെ മന്ദഗതിയിലായിരുന്ന കളിക്ക് ജീവൻവച്ചു. ആക്രമണവും പ്രത്യാക്രമണവുമായി ഇരുടീമുകളും കളംനിറഞ്ഞു. 42 ാം മിനിറ്റിൽ ഗോൾമുഖത്ത് നിന്ന് നോർവെ സ്ട്രൈക്കർ എർലിങ് ഹാളണ്ട് ഷൂട്ട് ചെയ്ത പന്ത് ഗോൾ കീപ്പർ തടഞ്ഞു. ആദ്യ പകുതിയുടെ അധികസമയത്ത് നോർവീജിയൻ ഗോൾമുഖത്ത് എമ്മാനുവേൽ അഗ്ബാഡൂവിന്റെ ഹെഡർ പുറത്തേക്ക്. ആദ്യ പകുതി അവസാനിക്കുമ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് നോർവേ മുന്നിൽ.
What you should work next
ആക്രമണതന്ത്രം പുറത്തെടുത്താണ് ഐവറി കോസ്റ്റ് രണ്ടാം പകുതിയിൽ ഇറങ്ങിയത്. തുടരെ ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും നോർവേയുടെ പ്രതിരോധക്കോട്ട ഭേദിക്കാൻ കഴിഞ്ഞില്ല. മുപ്പത് വാര അകലെനിന്ന് സംഗാരെ ഉതിർത്ത ലോങ് റേഞ്ച് ഷോട്ട് ബാറിന് മുകളിലൂടെ പറന്നു. മറ്റൊരു നീക്കത്തിൽ പെപ്പെയുടെ കാലുകളിലേക്ക് ലഭിച്ച പന്ത് ഗോൾവല ലക്ഷ്യമാക്കി തൊടുത്തെങ്കിലും നോർവേ പ്രതിരോധത്തെ തട്ടിത്തെറിച്ചു. റീബൗണ്ട് ലഭിച്ച പന്ത് പെപ്പെ വീണ്ടും പോസ്റ്റിലേക്ക് ഷൂട്ട് ചെയ്തെങ്കിലും ഗോൾ കീപ്പർ ഓർജൻ നൈലാൻഡിന്റെ തകർപ്പൻ സേവ്. 66 ാം മിനിറ്റിൽ ഗോളെന്നുറപ്പിച്ച അവസരം നോർവേ നഷ്ടമാക്കി. ഒഡെഗാർഡിന്റെ കോർണർ കിക്ക് ഹെഗ്ഗമിന്റെ കാലിൽ എത്തിയെങ്കിലും ഗോൾവരയിൽ നിന്ന് അമദ് ഡിയാലോയുടെ ഗംഭീര ക്ലിയറൻസ്.
പിന്നാലെ 74 ാം മിനിറ്റിൽ പെപ്പെയുമായി പാസ് കൈമാറി ബോക്സിലേക്ക് കുതിച്ച് രണ്ട് നോർവേ പ്രതിരോധക്കാരെ മറികടന്ന് ഉള്ളിലേക്ക് കയറി ഗോൾ കീപ്പർ നൈലാൻഡിനെ കാഴ്ചക്കാരനാക്കി അമദ് ഡിയാലോയുടെ ഗംഭീര സമനില ഗോൾ. ഐവറി കോസ്റ്റിന്റെ ആഘോഷത്തിന് അൽപായുസായിരുന്നു. 86 ാം മിനിറ്റിൽ ഓസ്കാർ ബോബ് പ്രതിരോധനിരയെ ഭേദിച്ച് നൽകിയ ക്രോസ് പാട്രിക് ബെർഗിലേക്ക്. ബെർഗ് സ്ക്വയർ പാസായി മറിച്ചുനൽകിയ പന്ത് ഗോൾമുഖത്ത് കാത്തുനിന്ന എർലിങ് ഹാളണ്ട് അനായാസം വലയിലെത്തിച്ചു. മത്സരം അവസാനിക്കുംമുൻപ് ഹാളണ്ടിന് വീണ്ടും ഒരവസരം കൂടി ലഭിച്ചെങ്കിലും ഗോളായില്ല. അധിക സമയത്ത് (90+6') 25 യാർഡ് അകലെ നിന്ന് അമദ് ഡിയാലോ ഉതിർത്ത ഫ്രീകിക്ക് ഗോൾ കീപ്പർ നൈലാൻഡ് മിന്നൽ വേഗത്തിൽ കുതിച്ചുയർന്ന് വിരൽത്തുമ്പ് കൊണ്ട് തട്ടിയകറ്റി.
English Summary:





English (US) ·