‘സമയം കളയാൻ’ സമയമില്ല; കളി വൈകിപ്പിക്കൽ ഇനി നടക്കില്ല; ലോകകപ്പിൽ പുതിയ നിയമങ്ങൾ

5 days ago 2

എസ്.പി. ശരത്

എസ്.പി. ശരത്

Published: March 17, 2026 01:25 PM IST

1 minute Read

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കളി തീരാറാകുമ്പോൾ ‘സീൻ കോൺട്ര’ ആണെന്നു കണ്ടാൽ കിക്കെടുക്കാതെ ഉന്തി ഉരുട്ടി സമയം കളയുന്ന ഏർപ്പാട് ഇനി ലോകകപ്പ് ഫുട്ബോളിൽ നടപ്പില്ല. മത്സരവേഗം നിലനിർത്താനും സമയം പാഴാക്കാൽ തടയാനുമായി ഫിഫ നാലു പുതിയ നിയമങ്ങൾക്ക് അംഗീകാരം നൽകി. ജൂൺ മുതൽ രാജ്യാന്തര ഫുട്ബോൾ മത്സരങ്ങളിൽ പുതിയ നിയമങ്ങൾ ഏർപ്പെടുത്താനാണു തീരുമാനമെങ്കിലും ലോകകപ്പിലായിരിക്കും തുടക്കം. സബ്സ്റ്റിറ്റ്യൂഷൻ, ത്രോഇൻ, ഗോൾകിക്ക്, വാർ (വിഡിയോ അസിസ്റ്റന്റ് റഫറി) തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണു പുതിയ നിയമങ്ങൾ.

1.ത്രോ ഇൻ, ഗോൾകിക്ക്: റഫറി ത്രോ ഇൻ വിധിച്ചാൽ 5 സെക്കൻഡ് ദൈർഘ്യമുള്ള കൗണ്ട് ഡൗൺ ആരംഭിക്കും. കൗണ്ട് ഡൗൺ തീരുന്നതിനു മുൻപു പന്ത് ത്രോ ചെയ്യപ്പെട്ടിരിക്കണം. ഇല്ലെങ്കിൽ ത്രോഇൻ അവസരം എതിർടീമിനു കൈമാറും. ഗോൾ കിക്കിനും 5 സെക്കൻഡ് കൗണ്ട് ഡൗൺ ബാധകം. വൈകിയാൽ എതിർ ടീമിനു കോർണർ കിക്ക് അനുവദിക്കും.
എങ്ങനെ ബാധിക്കും: ഗോൾകീപ്പർ പന്തെടുത്ത്, നിലത്തുവച്ച്, തയ്യാറെടുത്ത് ഗോൾ കിക്ക് ചെയ്യാൻ ചിലപ്പോൾ ഒരു മിനിറ്റ് വരെ പാഴാക്കുന്നുണ്ടെന്നാണു ഫിഫയുടെ ഡേറ്റാ സ്റ്റഡിയിൽ കണ്ടെത്തിയത്. ഗോൾ കിക്കോ ത്രോയോ വൈകിച്ചാൽ എതിരാളിക്കു ഗോളവസരമായി മാറാമെന്നു കണ്ട‍ാൽ ഇനി ആരുമതിനു തുനിയില്ല. കളിക്കു വേഗമേറും.

2.സബ്സ്റ്റിറ്റ്യൂഷൻ: കള‍ിക്കിടെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടുന്ന കളിക്കാരനു മൈതാനം വിട്ടു പുറത്തിറങ്ങാൻ ഇനി 10 സെക്കൻഡ് മാത്രം സാവകാശം. ഈ സമയത്തിനകം കളിക്കാരൻ പുറത്തിറങ്ങിയില്ലെങ്കിൽ പകരക്കാരന് ഒരു മിനിറ്റ് പുറത്തു നിന്ന ശേഷമേ കളിക്കാനിറങ്ങാനാകൂ.
എങ്ങനെ ബാധിക്കും: ചില സൂപ്പർതാരങ്ങൾ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടുമ്പോൾ മൈതാനത്തു കൂടി നാടകീയമായി സാവധാനം നടന്നാണു പുറത്തു‍ കടക്കുക. ഇതിനിടെ അവർ ഗാലറിയിലെ ഓരോ വശത്തേക്കും തിരിഞ്ഞ് അഭിവാദ്യം ചെയ്യൽ, സഹതാരങ്ങളെ ആശ്ലേഷിക്കൽ, ഷൂലേസ് കെട്ടൽ തുടങ്ങിയവയ്ക്കും സമയം കണ്ടെത്തും. കളി വൈകിപ്പിക്കുന്ന ഇത്തരം രീതികളൊന്നും ഇനി അനുവദിക്കില്ല.

3.പരുക്ക്: കളിക്കിടെ ഒരാൾക്കു പരുക്കേൽക്കുകയും മെഡിക്കൽ ടീം എത്തി ഓൺ ഫീൽഡ് പരിശോധന നടത്താൻ വേണ്ടി കളി നിർത്തിവയ്പിക്കുകയും ചെയ്താൽ കളിക്കാരൻ പുറത്തിറങ്ങി ഒരു മിനിറ്റിനു ശേഷമേ തിരികെ കളിയിൽ പ്രവേശിക്കാവൂ.
എങ്ങനെ ബാധിക്കും: പുതിയ നിയമങ്ങളിൽ സമ്മിശ്ര പ്രതികരണം സൃഷ്ടിക്കാൻ പോകുന്നത് ഈ പരിഷ്കാരമാകും. പരുക്ക് സാരമുള്ളതല്ലെന്നു മനസ്സിലാക്കിയാലും ഒരു മിനിറ്റ് നേരത്തേക്കു കളിക്കാൻ കഴിയില്ലെന്നു വന്നാൽ ചിലപ്പോൾ മത്സരഫലത്തെ തന്നെ ബാധിച്ചേക്കാം. പക്ഷേ, പരുക്ക് അഭിനയിച്ചു സമയം കളയുന്ന ഏർപ്പാട് ഇനി നടക്കില്ലെന്നതാണു പോസിറ്റീവ് വശം.

4.വാർ (വിഡിയോ അസിസ്റ്റന്റ് റഫറി): രണ്ടാം മഞ്ഞക്കാർഡിലൂടെ മാർച്ചിങ് ഓർഡർ നേരിടേണ്ടി വരുന്ന കേസുകളിലും ആളുമാറി മഞ്ഞ–ചുവപ്പ് കാർഡുകൾ നൽകിയ സംഭവങ്ങളിലും റഫറിയുടെ തീരുമാനം തെറ്റിപ്പോയാൽ ‘വാർ’ സഹായത്തിനെത്തും.
എങ്ങനെ ബാധിക്കും: റഫറിയുടെ തീരുമാനം തെറ്റായാൽ മാത്രമേ വാർ ഉപയോഗിക്കുന്ന സാഹചര്യമുണ്ടാകൂ. തെറ്റായ തീരുമാനംമൂലം ഒരു കളിക്കാരൻ മത്സരത്തിൽ നിന്നു പുറത്താക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുക മാത്രമാണ് ഈ തീരുമാനത്തിനു പിന്നിൽ.

English Summary:

New FIFA rules purpose to forestall time-wasting successful football, impacting substitutions, throw-ins, and extremity kicks. These changes volition beryllium implemented to guarantee faster gameplay, particularly starting with the World Cup.

Read Entire Article