‘സമൂഹത്തിന്റെ സമ്മർദത്തിന് വഴങ്ങി അമ്മയാകില്ല, മാതൃത്വം വ്യക്തിപരമായ തീരുമാനം’: ഭർത്താവുമായി വീണ്ടും ഒന്നിച്ച് സൈന

2 months ago 8

ഓൺലൈൻ ഡെസ്‌ക്

Published: March 27, 2026 02:12 PM IST

1 minute Read

സൈന നെഹ്‌വാളും ഭർത്താവ് പി.കശ്യപും (Instagram/parupallikashyap)
സൈന നെഹ്‌വാളും ഭർത്താവ് പി.കശ്യപും (Instagram/parupallikashyap)

ന്യൂഡൽഹി ∙ മുൻ ലോക ഒന്നാം നമ്പർ ബാഡ്മിന്റൻ താരം സൈന നെഹ്‌വാൾ, ഭർത്താവുമായി വേർപിരിഞ്ഞെന്ന വാർത്ത കഴിഞ്ഞവർഷം ചർച്ചയായിരുന്നു. 2025 ജൂലൈയിലാണ് മുൻ ബാഡ്മിന്റൻ താരം പി.കശ്യവുമായുള്ള ഏഴു വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി സൈന അറിയിച്ചത്. എന്നാൽ ആഴ്ചകൾക്ക് ശേഷം ഓഗസ്റ്റിൽ വീണ്ടും ഭർത്താവുമായി ഒന്നിക്കുന്നതിന്റെ സൂചനകളും സൈന നൽകിയിരുന്നു. ഇക്കാര്യം ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുകയാണ് താരം. വേർപിരിയലിനു ശേഷമുള്ള തങ്ങളുടെ കൂടിച്ചേരലിനെക്കുറിച്ച് എന്‍ഡിടിവിക്ക് നല്‍കിയ ഒരു അഭിമുഖത്തിലാണ് സൈന വെളിപ്പെടുത്തിയത്.

വിവാഹം എന്നത് ഒരു രേഖ മാത്രമല്ലെന്നും പരസ്പരമുള്ള മനസ്സിലാക്കലും ക്ഷമയുമാണ് ബന്ധങ്ങളിൽ ആവശ്യമെന്നും സൈന പറഞ്ഞു. ‘‘ഞങ്ങളുടെ യാത്രയിൽ, ആശയവിനിമയവും ക്ഷമയും വളരെ പ്രധാനമാണെന്ന് ഞങ്ങൾ പഠിച്ചു. ബന്ധങ്ങൾ എന്നാൽ വാദങ്ങളിൽ ജയിക്കലല്ല, പങ്കാളിത്തത്തിന്റെയും വളർച്ചയുടെയും കാര്യമാണെന്ന് ഞങ്ങൾ ഇപ്പോൾ മനസ്സിലാക്കുന്നു. ഇന്ന് ഞങ്ങൾ രണ്ടുപേരും പരസ്പരം ഞങ്ങളുടെ യാത്രകളെ പിന്തുണയ്ക്കാനും ഞങ്ങളുടെ അനുഭവങ്ങളിൽ നിന്ന് പഠിക്കാനും ശ്രമിക്കുന്നു. രണ്ടു ശക്തരായ വ്യക്തിത്വങ്ങൾ ഒരുമിച്ച് ജീവിക്കുമ്പോൾ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്. എന്നാൽ പരസ്പര ബഹുമാനം, മനസ്സിലാക്കൽ, കാര്യങ്ങൾ പരിഹരിക്കാനുള്ള സന്നദ്ധത എന്നിവയാണ് വേണ്ടത്. ഒരു ബന്ധം വിജയകരമാകാൻ വിശ്വാസം, ആശയവിനിമയം, പരസ്പര ബഹുമാനം എന്നിവയാണ് വേണ്ടത്.’’– സൈന പറഞ്ഞു.

ബന്ധങ്ങൾക്കിടയിൽ ഈഗോ ഒരു തടസ്സമായി മാറുമെന്ന മുന്നറിയിപ്പും സൈന നൽകി. ‘‘പരസ്പരം ഇടം നൽകുകയും പരസ്പരം സ്വപ്നങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. ഇന്നത്തെ വേഗതയേറിയ ജീവിതത്തിൽ, ഈഗോയും തെറ്റിദ്ധാരണകളും എളുപ്പത്തിൽ അകലം സൃഷ്ടിക്കും. പ്രതികരിക്കുന്നതിനു പകരം മനസ്സിലാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ പല പ്രശ്‌നങ്ങളും പരിഹരിക്കാൻ കഴിയും. മാതൃത്വം വളരെ വ്യക്തിപരമായ തീരുമാനമാണെന്നും ഓരോ സ്ത്രീയുടെയും യാത്ര വ്യത്യസ്തമാണെന്നും ഞാൻ വിശ്വസിക്കുന്നു. സ്ത്രീകൾ ചില സമയപരിധികൾ പാലിക്കണമെന്ന് സമൂഹം പലപ്പോഴും പ്രതീക്ഷിക്കുന്നു. പക്ഷേ അങ്ങനെയല്ല. ഇന്നത്തെ സ്ത്രീകൾക്ക് കരിയറും സ്വപ്നങ്ങളുമുണ്ട്. ആ തിരഞ്ഞെടുപ്പുകളെ ബഹുമാനിക്കണം. സമൂഹത്തിന്റെ സമ്മർദങ്ങൾക്ക് വഴങ്ങി അമ്മയാകുന്നതിന് പകരം ഒരു സ്ത്രീ വൈകാരികമായും വ്യക്തിപരമായും തയാറായിരിക്കണം എന്നതാണ് പ്രധാന കാര്യം’’– സൈന കൂട്ടിച്ചേർത്തു.

കായികരംഗത്ത് ഇന്നും ലിംഗപരമായ അസമത്വം നിലനിൽക്കുന്നുണ്ടെന്നും സൈന അഭിപ്രായപ്പെട്ടു. പെൺകുട്ടികൾക്ക് തുല്യ പ്രോത്സാഹനവും അടിസ്ഥാന സൗകര്യങ്ങളും സമൂഹത്തിൽ നിന്നുള്ള വിശ്വാസവും ആവശ്യമാണ്. ആ പിന്തുണാ സംവിധാനം നിലവിൽ വന്നുകഴിഞ്ഞാൽ, ഉയർന്ന തലത്തിൽ മികവ് പുലർത്താൻ കഴിയുമെന്ന് സ്ത്രീകൾ വീണ്ടും വീണ്ടും തെളിയിച്ചിട്ടുണ്ടെന്നും സൈന പറഞ്ഞു.

2018 ഡിസംബറിലാണ് കശ്യപും സൈനയും വിവാഹിതരായത്. പത്തു വർഷത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. 2012ലെ ലണ്ടൻ ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ സൈന 2010, 2018 ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണ മെഡൽ ജേതാവായിരുന്നു. ഈ വർഷം ജനുവരിയിലാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഒളിംപിക്സ് ക്വാർട്ടറിൽ എത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ ബാഡ്മിന്റൻ താരമാണ് പി.കശ്യപ്. 2012ൽ കശ്യപിന് കേന്ദ്രസർക്കാർ അർജുന അവാർഡ് നൽകി. 2014 ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ പുരുഷ സിംഗിൾസിൽ കശ്യപ് സ്വർണവും നേടിയിരുന്നു.

English Summary:

Saina Nehwal has confirmed her reconciliation with hubby P Kashyap aft a play of separation, emphasizing the value of communication, understanding, and communal respect successful relationships. The badminton prima shared her insights connected matrimony and navigating differences, highlighting that relationships are astir concern and growth, not conscionable winning arguments.

Read Entire Article