Published: June 22, 2026 03:10 PM IST Updated: June 22, 2026 10:06 PM IST
2 minute Read
ഇന്ത്യയുടെ 15 വയസ്സുകാരൻ താരം വൈഭവ് സൂര്യവംശി ഗ്രൗണ്ടിൽ രോഷം പ്രകടിപ്പിക്കുന്നത് അപൂർവ സംഭവമാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടങ്ങൾക്കിടെ ഉദ്ദേശിച്ചപോലെ ബാറ്റു ചെയ്യാൻ സാധിക്കാതിരിക്കുമ്പോൾ ഒന്നിലേറെ തവണ ഗ്രൗണ്ടിൽനിന്ന് കരഞ്ഞുകൊണ്ടു മടങ്ങിപ്പോയതൊഴിച്ചാൽ താരത്തിന്റെ വൈകാരിക പ്രകടനങ്ങൾ അപൂർവമാണ്. എന്നാൽ ശ്രീലങ്കയിൽ നടന്ന ഇന്ത്യ എയുടെ ത്രിരാഷ്ട്ര പരമ്പര കഥ മാറ്റി. ശ്രീലങ്കയോടേറ്റ സൂപ്പര്‍ ഓവർ തോൽവിക്കു പിന്നാലെ ലങ്കൻ താരങ്ങളോടു തർക്കിക്കുയും പിടിച്ചുതള്ളുകയും ചെയ്ത വൈഭവിന്, അതിനു ശേഷം നടന്ന ഫൈനൽ കുറച്ച് ‘വ്യക്തിപരം’ ആയിരുന്നു. ലങ്കൻ താരങ്ങളെ വീണ്ടും കൈപ്പാങ്ങകലത്തിൽ കിട്ടിയപ്പോൾ 29 പന്തുകളില്‍ വൈഭവിന്റെ ബാറ്റിൽനിന്ന് പിറന്നത് 94 റൺസ്. ബൗണ്ടറി കടന്നത് എട്ട് സിക്സുകളും 10 ഫോറുകളും. 11 പന്തുകളിൽനിന്ന് അർധ സെഞ്ചറി പിന്നിട്ട വൈഭവ്, ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗ അർധ സെഞ്ചറി നേടുന്ന താരമെന്ന റെക്കോർഡിലുമെത്തി. മത്സരത്തിൽ 66 റൺസ് വിജയവുമായി ഇന്ത്യ കിരീടമുയർത്തി.
What you should work next
വൈഭവിന്റെ ഇന്നിങ്സിലെ വേഗതയേക്കാൾ അതെടുത്ത സമയമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാ വിഷയം. ലീഗ് ഘട്ടത്തിൽ അധികം തിളങ്ങാൻ സാധിക്കാതിരുന്ന പരമ്പരയുടെ ഫൈനൽ, എതിരാളികൾ ഇന്ത്യയെ തോൽപിച്ച് കരുത്തു തെളിയിച്ച ശ്രീലങ്ക. സമ്മര്‍ദം ഏറെയുണ്ടായിരുന്ന ഘട്ടത്തിൽ വീണു പോയിരുന്നെങ്കിൽ വൈഭവിനെ ന്യായീകരിക്കാൻ ഇത്രയും കാരണങ്ങൾ മതിയായിരുന്നു. പക്ഷേ സംഭവിച്ചത് മറ്റൊന്ന്. മത്സരത്തിന്റെ ആദ്യ പത്തോവറിൽ വൈഭവിന്റെ ബാറ്റിങ് പ്രതികാരമനോഭാവത്തോടെയാണെന്ന് കൗമാര താരത്തിന്റെ ബാറ്റിങ് കണ്ടവർക്കു തോന്നിപ്പോകും. സമ്മർദഘട്ടങ്ങളിൽ കളിയില്‍ എങ്ങനെ ആധിപത്യം സ്ഥാപിക്കണമെന്ന് 15 വയസ്സിൽ തന്നെ വൈഭവിനു നന്നായി അറിയാം.
ശ്രീലങ്കൻ പര്യടനത്തിൽ ഫൈനലിനു മുൻപ് നാല് ഇന്നിങ്സുകളിൽനിന്ന് 117 റൺസായിരുന്നു വൈഭവ് നേടിയത്. മോശമല്ലാത്ത സ്കോർ ആണെങ്കിലും, വൈഭവിന്റെ ശൈലിയിലുള്ള ബാറ്റിങ്ങിനൊത്ത സ്കോർ ആയിരുന്നില്ല ഇത്. അപ്പോഴാണ് ഫൈനലിലെ 29 പന്തിൽ 94 റൺസ് വരുന്നത്. അതായത് പരമ്പരയിൽ ആകെ സ്കോർ ചെയ്ത റൺസിന്റെ 44.5 ശതമാനവും വന്നത് ഫൈനലിൽനിന്നാണ്. ആദ്യ നാല് ഇന്നിങ്സുകളിൽ മൂന്ന് സിക്സുകൾ മാത്രം അടിച്ച വൈഭവ്, ഫൈനലിൽ മാത്രം ബൗണ്ടറി കടത്തിയത് എട്ട് സിക്സുകൾ. ഫൈനലിൽ ആദ്യ എട്ടോവറിൽ ഇന്ത്യ 132 റൺസിൽ എത്താൻ കാരണം വൈഭവ് മാത്രമാണ്. വൈഭവ് പുറത്തായ ശേഷം ഇന്ത്യൻ ഇന്നിങ്സിന്റെ വേഗത കുറഞ്ഞു. പക്ഷേ 378 റൺസെന്ന സുരക്ഷിതമായ വിജയലക്ഷ്യം ശ്രീലങ്കയ്ക്കു മുന്നിലേക്കു വയ്ക്കാൻ ഇന്ത്യയ്ക്കു അടിസ്ഥാനമിട്ടത് കൗമാരതാരത്തിന്റെ ഇന്നിങ്സായിരുന്നു. വൈഭവിന്റെ ഇപ്പോഴത്തെ ബാറ്റിങ് രീതി പരിശോധിച്ചാൽ ഒരു കാര്യം മനസ്സിലാകും. സമ്മർദം സുരക്ഷിത നിലയിലേക്കു പോകാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നില്ല. സമ്മര്‍ദം കൂടുതല്‍ വമ്പനടികൾക്കാണ് വൈഭവിനെ പ്രചോദിപ്പിക്കുന്നത്.
What you should work next
ഒരു പ്രധാന മത്സരത്തിൽ വൈഭവ് തൂക്കിയടിക്കുന്നത് ആദ്യത്തെ സംഭവമല്ല. ഈ വർഷം നടന്ന അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 80 പന്തുകൾ നേരിട്ട താരം 175 റൺസാണ് അടിച്ചെടുത്തത്. 15 വീതം സിക്സുകളും ഫോറുകളുമാണ് വൈഭവ് അന്ന് അടിച്ചുകൂട്ടിയത്. ഇംഗ്ലണ്ടിനെ 100 റൺസിന് തോൽപിച്ച ഇന്ത്യ കിരീടം വിജയിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിലേക്കു വന്നാൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ എലിമിനേറ്റർ പോരാട്ടത്തിൽ 29 പന്തുകളിൽനിന്ന് വൈഭവ് അടിച്ചുകൂട്ടിയത് 97 റൺസ്. ഈ മത്സരത്തിൽ ഹൈദരാബാദിനെ തോൽപിച്ചാണ് രാജസ്ഥാൻ രണ്ടാം ക്വാളിഫയറിലെത്തിയത്. ഗുജറാത്ത് ടൈറ്റൻസിനെതിരെ 47 പന്തുകള്‍ നേരിട്ട വൈഭവ് 96 റൺസെടുത്തു പുറത്തായി. ഇന്ത്യ എയിലേതുൾപ്പടെ ഈ നാലു സ്കോറുകൾ ചേർത്താൽ 185 പന്തുകളിൽ 249.73 സട്രൈക്ക് റേറ്റിൽ 462 റൺസാണ് വൈഭവിന്റെ ആകെ റൺസ്.
ഒരു തെറ്റായ ഷോട്ട് സംഭവിച്ചാൽ കളിയുടെ ഗതി തന്നെ മാറാവുന്ന നോക്കൗട്ടുകളിലോ, ഫൈനലുകളിലോ ആണ് വൈഭവിന്റെ ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തുവന്നിട്ടുള്ളതെന്നു വ്യക്തം. ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ് വൈഭവ്. അയർലൻഡിനെതിരായ പരമ്പരയിലോ, ഏഷ്യൻ ഗെയിംസിലോ അതു സംഭവിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. വലിയ വേദികളും വലിയ താരങ്ങളും എതിരെ നിൽക്കുമ്പോൾ, വൈഭവ് ശൈലിയിൽ എന്തെങ്കിലും മാറ്റങ്ങൾ കൊണ്ടുവരുമോ? സമ്മർദങ്ങളെ അസാധാരണ ആത്മവിശ്വാസത്തോടെ അതിജീവിക്കുന്ന ശൈലി, സീനിയർ ടീമിലും താരം തുടരുമെന്നുതന്നെ പ്രതീക്ഷിക്കാം.
English Summary:





English (US) ·