Published: February 06, 2026 06:27 PM IST Updated: February 06, 2026 09:39 PM IST
1 minute Read
അണ്ടർ 19 ലോകകപ്പിൽ ഫൈനൽ വരെയുള്ള യാത്രയിൽ മൂന്ന് അർധസെഞ്ചറികൾ സ്വന്തമാക്കിയപ്പോഴും ഒന്നും100ൽ എത്തിക്കാൻ സാധിക്കാത്തതിന്റെ ക്ഷീണം കലാശപ്പോരിൽ തീർത്തുകൊടുത്ത് കൗമാരതാരം വൈഭവ് സൂര്യവംശി. ഫൈനലിൽ 80 പന്തുകൾ നേരിട്ട താരം 175 റൺസ് നേടിയാണു മടങ്ങിയത്. 15 സിക്സുകളും അത്രതന്നെ ഫോറുകളും ബൗണ്ടറി കടത്തിയ വൈഭവ് 26–ാം ഓവറിൽ മനി ലുംസ്ഡെനിന്റെ പന്തിലാണു പുറത്താകുന്നത്. 55 പന്തുകളിലാണ് 14 വയസ്സുകാരൻ താരം അണ്ടർ 19 ലോകകപ്പിലെ ആദ്യ സെഞ്ചറിയിലെത്തിയത്. 32 പന്തുകളിൽ അർധസെഞ്ചറി തൊട്ട വൈഭവ് പിന്നീടുള്ള 23 പന്തുകളിൽ 100 പിന്നിടുകയായിരുന്നു.
വൈഭവ് തുടർച്ചയായി ബൗണ്ടറികൾ പായിച്ചപ്പോൾ ഇംഗ്ലണ്ട് ബോളര്‍മാർ നിന്നു വിയർത്തു. വൈഭവ് പുറത്തായതിനു പിന്നാലെ ഇന്ത്യൻ ഇന്നിങ്സിന്റെ വേഗതയും ക്രമാതീതമായി കുറഞ്ഞു. എങ്കിലും മധ്യനിര താരങ്ങളുടെ ചെറുത്തുനിൽപ് ഇന്ത്യയെ 400 കടത്തി. തകര്‍പ്പൻ ബാറ്റിങ്ങിലൂടെ താരത്തിന്റെ പേരിൽ തന്നെയുള്ള ഒന്നിലേറെ റെക്കോർഡുകളും ഫൈനലിൽ വൈഭവ് പഴങ്കഥയാക്കി. ഐസിസി ഫൈനലുകളുടെ ചരിത്രത്തിലെ ഉയർന്ന വ്യക്തിഗത സ്കോറാണ് ഇത്. ഐസിസി ഏകദിന ഫോർമാറ്റ് ഫൈനലുകളിലെ വേഗതയേറിയ സെഞ്ചറി കൂടിയാണു താരം ഹരാരെയിൽ സ്വന്തമാക്കിയത്.
യൂത്ത് ഏകദിനത്തിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും ഇനി വൈഭവിനു സ്വന്തം. ഫൈനലിലെ ബാറ്റിങ്ങോടെ താരത്തിന്റെ സ്കോർ 1412 ആയി. വിജയ് സോളിനെയാണ് വൈഭവ് മറികടന്നത്. യൂത്ത് ഏകദിനത്തിൽ ഒരു ഇന്നിങ്സിൽ കൂടുതൽ സിക്സ് നേടിയ താരമെന്ന സ്വന്തം റെക്കോർഡ് തന്നെ വൈഭവ് പുതുക്കിയെഴുതി. ഹരാരെയിൽ 15 സിക്സുകളാണ് താരം നിലം തൊടീക്കാതെ ഗാലറിയിലെത്തിച്ചത്. കൂടാതെ ഏകദിനത്തിൽ ഒരു ഇന്നിങ്സിൽ കൂടുതൽ റൺസ് ബൗണ്ടറികളിലൂടെ മാത്രം നേടുന്ന താരമെന്ന റെക്കോർഡും (150) ഇതോടെ വൈഭവിനു സ്വന്തമായി. ഇവിടെയും 140 റൺസെന്ന സ്വന്തം റെക്കോർഡ് തന്നെയാണു വൈഭവ് തകർത്തുവിട്ടത്.
രണ്ടിൽ തുടങ്ങി 175 ൽ എത്തിയ വൈഭവം
കൗമാര ക്രിക്കറ്റിലും ആഭ്യന്തര മത്സരങ്ങളിലും ബോളർമാരുടെ പേടി സ്വപ്നമായ വൈഭവിന് അണ്ടര്‍ 19 ലോകകപ്പിൽ പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. യുഎസിനെതിരായ ആദ്യ ആദ്യ മത്സരത്തിൽ താരം രണ്ടു റൺസ് മാത്രമെടുത്താണു പുറത്തായത്. ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ നിരാശപ്പെടുത്തിയതോടെ വലിയ വേദികളിൽ തിളങ്ങാനുള്ള ശേഷി താരത്തിനില്ലെന്നു വിമർശനമുയർന്നിരുന്നു. എന്നാൽ ബാറ്റുകൊണ്ടാണു വൈഭവ് ഇതിനു മറുപടി നൽകിയത്.
ബംഗ്ലദേശിനെതിരായ തൊട്ടടുത്ത മത്സരത്തിൽ തന്നെ അർധ സെഞ്ചറി(72 റൺസ്) നേടിയ വൈഭവ് സ്ഥിരതയുള്ള പ്രകടനങ്ങളുമായി ടീമിനെ മുന്നിൽനിന്നു നയിച്ചു. സിംബാബ്‍വെയ്ക്കെതിരെയും അഫ്ഗാനെതിരെയും വൈഭവ് അര്‍ധ സെഞ്ചറി (52,68) പ്രകടനങ്ങൾ തുടർന്നു. ഫൈനലിനു മുൻപുള്ള മത്സരങ്ങളിൽ ആകെ 15 സിക്സുകളാണു വൈഭവ് ഈ ലോകകപ്പിൽ വൈഭവ് നേടിയത്. ഇംഗ്ലണ്ടിനെതിരെ അടിച്ച 15 സിക്സും ചേർത്താൽ വൈഭവ് ആകെ തൂക്കിയ സിക്സുകളുടെ എണ്ണം 30.
English Summary:







English (US) ·