സാക്കയ്ക്ക് ഹാട്രിക്, എംബപെയ്ക്ക് ഡബിൾ, ആകെ പിറന്നത് 10 ഗോളുകൾ; 1966 ന് ശേഷം ഇംഗ്ലണ്ടിന് ആദ്യ ലോകകപ്പ് മെഡൽ

2 days ago 5

ജോൺ എം. ചാണ്ടി

ജോൺ എം. ചാണ്ടി

Published: July 19, 2026 01:43 AM IST Updated: July 19, 2026 05:08 AM IST

2 minute Read

 REUTERS/Marco Bello)
എസ്രി കൊൻസ ഗോൾ നേടുന്നു. (Photo: REUTERS/Marco Bello)

മയാമി ∙ ശ്വാസമടക്കിപ്പിടിച്ച് ലോകം കണ്ട ആവേശപ്പോരാട്ടത്തിൽ ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ടിന് ഫിഫ ലോകകപ്പിൽ മൂന്നാം സ്ഥാനം. പത്തു ഗോളുകൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ നാലിനെതിരെ ആറു ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ ജയം. 1966 ൽ കിരീടം നേടിയതിന് ശേഷം ഇംഗ്ലണ്ടിന്റെ ആദ്യ ലോകകപ്പ് മെഡലാണിത്. ബുകായോ സാക്കയുടെ ഹാട്രിക്കും, കിലിയൻ എംബപെയുടെ ഇരട്ട ഗോളും മത്സരത്തെ അവിസ്മരണീയമാക്കി. പത്തു ഗോളുകൾ പിറന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ സമ്പൂർണ്ണ ആധിപത്യം പുലർത്തിയ ഇംഗ്ലണ്ട് 4-0ന് മുന്നിലെത്തി. മത്സരം ഏകപക്ഷീയമാകുമെന്ന് തോന്നിച്ച നിമിഷങ്ങൾ. എന്നാൽ രണ്ടാം പകുതിയിൽ ഫ്രാൻസ് ആളിക്കത്തി. ഇംഗ്ലണ്ടിനെ ഞെട്ടിച്ച് മൂന്നു ഗോൾ തിരിച്ചടിച്ചു. പിന്നാലെ ലഭിച്ച പെനാൽറ്റി ഗോളാക്കി ഇംഗ്ലണ്ട് വീണ്ടും ലീഡുയർത്തിയെങ്കിലും അധിക സമയത്ത് ഫ്രാൻസ് തിരിച്ചടിച്ചു. അവസാന മിനിറ്റിൽ വീണ്ടും ഗോൾവല ചലിപ്പിച്ച് ഇംഗ്ലണ്ട് മൂന്നാം സ്ഥാനം ഉറപ്പിക്കുകയായിരുന്നു.

 REUTERS/Paul Childs)

ഇംഗ്ലിഷ് ക്യാപ്റ്റൻ ഡെക്‌ലാൻ റൈസ് ഗോൾ നേടുന്നു (Photo: REUTERS/Paul Childs)

ഡെക്‌ലാൻ റൈസ് (3'), എസ്രി കൊൻസ (18'), ബുകായോ സാക്ക (37', 45+1, 87'), ജൂഡ് ബെല്ലിങ്ങാം (90+8') എന്നിവരാണ് ഇംഗ്ലണ്ടിനു വേണ്ടി ഗോൾ നേടിയത്. കിലിയൻ എംബപെ (48', 66'), ബ്രാഡ്‌ലി ബാർകോള (54'), ഉസ്മാൻ ഡെംബലെ (90+6) എന്നിവരാണ് ഫ്രാൻസിന്റെ ഗോൾ നേടിയത്. തോറ്റെങ്കിലും രണ്ട് ഗോളടിച്ച ഫ്രഞ്ച് താരം എംബപെ, ലയണൽ മെസ്സിയെ (21 ഗോൾ) മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനായി (22 ഗോൾ). ഈ ലോകകപ്പിലെ ഗോൾഡൻ ബൂട്ടിനുള്ള പോരാട്ടത്തിലും എംബപെ (10 ഗോളുകൾ) മുന്നിലെത്തി. എട്ടു ഗോൾ നേടിയ മെസ്സിയാണ് രണ്ടാം സ്ഥാനത്ത്.

മൂന്നാം മിനിറ്റിൽ ഫ്രാൻസിനെ ഞെട്ടിച്ച് ഇംഗ്ലണ്ട് ലീഡ് പിടിച്ചു. ഫ്രഞ്ച് താരം ഡിസൈറെ ഡുവോയുടെ പാസിൽനിന്നു പന്തു തട്ടിയെടുത്ത ഇംഗ്ലിഷ് ക്യാപ്റ്റൻ ഡെക്‌ലാൻ റൈസ് അതിവേഗം കുതിച്ചുകയറി വലതു കാൽ കൊണ്ടു തൊടുത്ത റോക്കറ്റ് ഷോട്ട് വലയിൽ (1–0). 11 ാം മിനിറ്റിൽ ബുകായോ സാക്ക ഫ്രഞ്ച് വലയിൽ വീണ്ടും പന്തെത്തിച്ചെങ്കിലും ഓഫ്സൈഡ് വിധിച്ചു. 18 ാം മിനിറ്റിൽ എസ്രി കൊൻസയിലൂടെ ഇംഗ്ലണ്ട് ലീഡുയർത്തി. ഡെക്‌ലാൻ റൈസിന്റെ കോർണർ കിക്കിൽ ഹെഡറിലൂടെ എസ്രി കൊൻസ പന്ത് വലയിലെത്തിക്കുകയായിരുന്നു (2–0). 37 ാം മിനിറ്റിൽ ഫ്രഞ്ച് ഗോൾമുഖത്തേക്ക് ഇരച്ചുകയറിയ ഇംഗ്ലിഷ് താരങ്ങൾ നടത്തിയ നീക്കത്തിൽ കൂട്ടപ്പൊരിച്ചിലിനിടെ മാർകസ് റാഷ്ഫോഡ് നൽകിയ പാസിൽ ബുകായോ സാക്കയുടെ ഷോട്ട് വലയിൽ (3–0). ആദ്യ പകുതിയുടെ അധിക സമയത്ത് എബരേചി എസെയുടെ അസിസ്റ്റിൽ ബുകായോ സാക്ക ഡബിൾ തികച്ചു (4–0). ആദ്യ പകുതിയിൽ ഗോൾ മടക്കാൻ ഫ്രാൻസ് നീക്കങ്ങൾ നടത്തിയെങ്കിലും ഇംഗ്ലിഷ് പ്രതിരോധം തകർക്കാനായില്ല.

രണ്ടാം പകുതിയിൽ വർധിതവീര്യത്തോടെ കളത്തിലിറങ്ങിയ ഫ്രാൻസ് 48–ാം മിനിറ്റിൽ ആദ്യ ഗോൾ മടക്കി. മിച്ചൽ ഒലിസെയുടെ അസിസ്റ്റിൽ കിലിയൻ എംബപെയുടെ ഷോട്ട് ഇംഗ്ലിഷ് ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്സനെ മറികടന്ന് വലയിൽ (4–1). മിനിറ്റുകൾക്കുള്ളിൽ ഫ്രാൻസ് വീണ്ടും ലക്ഷ്യം കണ്ടു. പ്രത്യാക്രമണത്തിൽ എംബപെയുടെ പാസിൽ ബ്രാഡ്‌ലി ബാർകോളയാണ് ഗോൾ നേടിയത് (4–2). ഇതോടെ ഈ ലോകകപ്പിൽ എംബപെയുടെ അസിസ്റ്റുകളുടെ എണ്ണം നാലായി. പിന്നാലെ 66 ാം മിനിറ്റിൽ മിച്ചൽ ഒലിസെയുടെ അസിസ്റ്റിൽ എംബപെ ഡബിൾ തികച്ചു (4–3).

85 ാം മിനിറ്റിൽ ഇംഗ്ലിഷ് താരം ജെഡ് സ്പെന്‍സിനെ ഫ്രാൻ‌സിന്റെ മലോ ഗസ്തോ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽ‌റ്റി ഗോളാക്കി ബുക്കായോ സാക്ക ഹാട്രിക് പൂർത്തിയാക്കി (5–3). നിശ്ചിത സമയത്തിനു ശേഷം അനുവദിച്ച അധിക സമയത്ത് രണ്ടു ഗോളുകൾ കൂടി പിറന്നു. പകരക്കാരൻ താരം ഉസ്മാൻ ഡെംബലെയാണ് ഫ്രാൻ‌സിന്റെ ഗോൾ നേടിയത് (5–4). അവസാന മിനിറ്റിൽ ജൂഡ് ബെല്ലിങ്ങാമിന്റെ ഗോളിൽ ഇംഗ്ലണ്ട് ലീഡ് ഉയർത്തി (6–4). പിന്നാലെ ഫൈനൽ വിസിൽ മുഴങ്ങിയതോടെ അത്യാവേശകരമായ പോരാട്ടത്തിന് പര്യവസാനം.

English Summary:

FIFA World Cup Football 2026 France vs England Bronze medal lucifer unrecorded updates

Read Entire Article