കൊൽക്കത്ത∙ ലോക ഫുട്ബോളിലെ വമ്പൻമാരായ ബ്രസീലിനെ തൊടാനാകാതെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്ത്യയ്ക്കു തോൽവി. രാജ്യാന്തര സൗഹൃദ പോരാട്ടത്തിൽ മറുപടിയില്ലാത്ത നാലു ഗോളുകൾക്കാണ് ബ്രസീലിന്റെ വിജയം. ബ്രസീലിനായി സാമുവൽ ലിനോ ഇരട്ട ഗോളുകൾ നേടി. 58, 90+5 മിനിറ്റുകളിലായിരുന്നു സാമുവൽ ലിനോയുടെ ഗോളുകൾ. 28–ാം മിനിറ്റിൽ എസ്തേവാവോ വില്ലെയ്ൻ, 42–ാം മിനിറ്റിൽ പെഡ്രോ എന്നിവരും ബ്രസീലിനായി വല കുലുക്കി.
What you should work next
വിനീസ്യൂസ് ജൂനിയറിന്റെ നേതൃത്വത്തിൽ കളിയുടെ തുടക്കം മുതൽ ബ്രസീലിനായിരുന്നു മത്സരത്തിൽ മേൽക്കൈ. എങ്കിലും 28–ാം മിനിറ്റുവരെ ഗോൾ വഴങ്ങാതെ പിടിച്ചുനിൽക്കാൻ ഇന്ത്യയ്ക്കു സാധിച്ചു. മത്സരത്തിന്റെ ആദ്യ സെക്കൻഡിൽ തന്നെ ബ്രസീലിന്റെ മുന്നേറ്റമാണ് മൈതാനം കണ്ടത്. ഇന്ത്യൻ ഗോൾ മുഖത്തിന് ഇടതു ഭാഗത്തുനിന്ന് ബോക്സിനു പുറത്ത് വിനീസ്യൂസ് ജൂനിയറിന്റെ നീക്കം. അൻവർ അലി പ്രതിരോധിച്ചതോടെ ഇന്ത്യ കോർണർ വഴങ്ങുന്നു. പക്ഷേ ഗോൾ വഴങ്ങാതെ രക്ഷപ്പെട്ടു. അഞ്ചാം മിനിറ്റിൽ ഇന്ത്യയ്ക്ക് രണ്ട് കോർണറുകൾ ലഭിച്ചെങ്കിലും അനിരുദ്ധ് ഥാപ്പയുടെ തന്ത്രങ്ങൾ ലക്ഷ്യം കണ്ടില്ല. രണ്ടാം കോർണറിൽ ബ്രസീൽ പ്രതിരോധിച്ച പന്ത് ബോക്സിനു പുറത്തുനിന്ന് ഇന്ത്യൻ താരം അപൂയ പോസ്റ്റിലേക്കു പായിച്ചെങ്കിലും ഗോൾ കിക്കായി അവസാനിച്ചു.
ഏഴാം മിനിറ്റിൽ ബ്രസീലിനായി വീണ്ടും വിനീസ്യൂസിന്റെ നീക്കം. ഫസ്റ്റ് ടച്ചിൽ പന്തെടുത്ത വിനീസ്യൂസ് ഗോളിലേക്ക് ലക്ഷ്യം വച്ചെങ്കിലും ഇന്ത്യൻ താരം അബിമീറ്റെ ടെക്കാമിന്റെ ഇടപെടലിൽ പന്ത് ബാറിനു മുകളിലൂടെ പുറത്തേക്കു പോയി. 13–ാം മിനിറ്റിൽ പന്തുമായി ബ്രസീൽ ബോക്സിലെത്തി മൻവീർ സിങ് ഗോളിലേക്കു ലക്ഷ്യം വയ്ക്കുമെന്നു തോന്നിച്ചു. ബ്രസിൽ പ്രതിരോധ താരങ്ങളെ ഡ്രിബിൾ ചെയ്ത് മറികടക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ ഫോർവേഡിനു പിഴച്ചു. പന്തു നിയന്ത്രിക്കാനാകാതെ മൻവീർ ഗ്രൗണ്ടിൽ വീണു.15–ാം മിനിറ്റിൽ ബ്രസീൽ പ്രതിരോധ താരങ്ങളെ മറികടന്ന് ബോക്സിലേക്ക് വീണ്ടും മൻവീർ സിങ് കുതിച്ചെങ്കിലും പിന്നാലെ ഓടിയെത്തിയ ബ്രസീൽ ക്യാപ്റ്റൻ മാർക്വിഞ്ഞോസ് പന്തു പ്രതിരോധിച്ചു.
20–ാം മിനിറ്റിൽ ഇടതു വിങ്ങിലൂടെ ഇന്ത്യൻ പ്രതിരോധ താരം ടെക്കാമിനെ മറികടന്ന് വിനീസ്യൂസിന്റെ മുന്നേറ്റം. ലോക്രോസിനായി വിനീസ്യൂസ് നടത്തിയ നീക്കം, ഇന്ത്യൻ ഗോൾ കീപ്പർ ഗുർപ്രീത് സന്ധു മറികടന്നു. 28–ാം മിനിറ്റിൽ പോസ്റ്റിന് വലതു വിങ്ങിൽനിന്ന് യുവതാരം എസ്തേവാവോ വില്ലെയ്ൻ പന്തുമായി ഇന്ത്യൻ പ്രതിരോധ താരങ്ങളെ മറികടന്ന് കുതിച്ചു. ഏതാനും നീക്കങ്ങൾക്കൊടുവിൽ ബ്രസീലിയൻ താരം ഉതിർത്ത തകർപ്പൻ ഷോട്ട് പ്രതിരോധിക്കാൻ ഇന്ത്യൻ ഗോളിക്കും സാധിക്കുന്നില്ല. ഗുർപ്രീത് സിങ് സന്ധു തടയാൻ ശ്രമിച്ചെങ്കിലും താരത്തിന്റെ കയ്യിൽ തട്ടി പന്ത് വലയിലെത്തി. (1–0)
What you should work next
ഇന്ത്യൻ താരം അനിരുദ്ധ് ഥാപ്പയെ ലക്ഷ്യമിട്ട് ഇടതു വിങ്ങിൽനിന്ന് റയാൻ വില്യംസ് നൽകിയ ക്രോസ് ബ്രസീൽ തട്ടിയകറ്റി. 42–ാം മിനിറ്റിൽ ഇന്ത്യൻ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ പിഴവിലാണ് ബ്രസീൽ രണ്ടാം ഗോള്‍ കണ്ടെത്തിയത്. ആദ്യ ഗോൾ നേടിയ എസ്തെവാവോയിൽനിന്നുള്ള ത്രൂബോളിൽ പെഡ്രോയുടെ ഗോൾ നീക്കം. പെഡ്രോയുടെ ഷോട്ട് നേരെ ഗുർപ്രീതിലേക്കാണ് എത്തിയത്. എന്നാൽ ഈ പന്ത് തടയുന്നതിൽ ഗുർപ്രീത് പരാജയപ്പെട്ടു. സ്കോർ– 2–0.ആദ്യ പകുതിയിൽ ബ്രസീൽ 11 ഷോട്ടുകളും നാല് ഓൺ ടാർഗറ്റ് ഷോട്ടുകളുമാണ് പോസ്റ്റിലേക്കു പായിച്ചത്. അതേസമയം ഇന്ത്യയുടെ മുന്നേറ്റം രണ്ടു ഷോട്ടുകളിൽ ഒതുങ്ങി.
ഗോള്‍ മടക്കാനാകാതെ ഇന്ത്യ, സാമുവൽ ലിനോയ്ക്ക് ഡബിൾ
രണ്ടാം പകുതിയിൽ വിനിസ്യൂസ് ജൂനിയറടക്കമുള്ളവരെ പിൻവലിച്ച ബ്രസീൽ, ബ്രൂണോ ഗ്വിമാറെസ്, ഗബ്രിയേൽ മഗലസ്, വാൻഡേഴ്സൻ, സാമുവൽ ലിനോ, ഡഗ്ലസ് ലൂയിസ് എന്നിവരെ പകരക്കാരായി ഇറക്കി.ഇന്ത്യൻ നിരയിൽ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവിന് പകരം പ്രബ്സുഖൻ ഗിൽ ഇറങ്ങി. ലെഫ്റ്റ് ബാക്ക് ജയ് ഗുപ്ത, മിഡ്ഫീൽഡർ മുഹമ്മദ് സനാൻ എന്നിവരും കളിക്കാനിറങ്ങി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോൾ നേട്ടം മൂന്നാക്കാൻ ബ്രസീലിനു സാധിച്ചു. പന്തുമായി മുന്നേറിയ സാമുവൽ ലിനോ ഇന്ത്യൻ ഗോൾ കീപ്പർക്കു സാധ്യതകൾ ബാക്കി വയ്ക്കാതെ ലക്ഷ്യം കണ്ടു. രണ്ടാം പകുതിയുടെ 53–ാം മിനിറ്റിൽ ഇന്ത്യ ആദ്യ ഓൺ ടാർഗറ്റ് ഷോട്ട് കണ്ടെത്തി. വലതു വിങ്ങിൽനിന്ന് പന്തെടുത്ത റയാൻ വില്യംസ്, ശക്തമായൊരു ഷോട്ട് ഉതിർത്തെങ്കിലും പന്തു നേരെ പോയത് ബ്രസീൽ ഗോളി പെഡ്രോ മൊറിസ്കോയുടെ കൈകളിലേക്കെത്തി.
55–ാം മിനിറ്റിൽ മൻവീർ സിങ്ങിലൂടെ വീണ്ടും ഇന്ത്യയുടെ ഗോൾ ശ്രമം. മിഡ്ഫീൽഡിൽനിന്ന് ലോങ് ബോളായി ലഭിച്ച പന്തെടുത്ത് മൻവീർ സിങ്ങിന്റെ നീക്കം പരാജയപ്പെടുത്താനെത്തിയത് ബ്രസീൽ ക്യാപ്റ്റൻ മാർക്വിഞ്ഞോസ്. മാർക്വിഞ്ഞോസിന്റെ പ്രതിരോധത്തിനിടെയും മൻവീർ ഉതിർത്ത ഷോട്ട് ബ്രസീൽ ഗോളി പിടിച്ചെടുത്തു. 64–ാം മിനിറ്റിൽ ഇന്ത്യൻ താരം റയാൻ വില്യംസിന്റെ ശ്രമം ഗോൾ ലൈന്‍ ക്ലിയറൻസിലൂടെ ബ്രസീൽ രക്ഷപെടുത്തി. ബോക്സിൽനിന്ന് ബ്രസീൽ പ്രതിരോധ താരം ജയർ കുഞ്ഞയെ മറികടന്ന് റയാന്‍ വില്യംസ് എടുത്ത മനോഹരമായ ഷോട്ട്, ബ്രസീൽ സേവ് ചെയ്തു. 66–ാം മിനിറ്റിൽ മൻവീർ സിങ്ങിന്റെ കൗണ്ടർ ആക്രമണത്തിലൂടെ റയാൻ വില്യംസിലേക്കു പന്തെത്തി. വില്യംസിന്റെ ഹാഫ് വോളി പുറത്തേക്കുപോയി. നാലു മിനിറ്റാണ് രണ്ടാം പകുതിക്ക് അധിക സമയമായി അനുവദിച്ചത്. ഒരു ഗോൾ മടക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്കിടെ സാമുവൽ ലിനോ ബ്രസീലിന്റെ നാലാം ഗോളടിച്ചു. ഫൈനൽ വിസിൽ മുഴങ്ങിയതോടെ ബ്രസീലിന് 4–0ന്റെ വിജയം.
ഇന്ത്യ സ്റ്റാർട്ടിങ് ലൈനപ്– ഗുർപ്രീത് സിങ് സന്ധു (ഗോൾ കീപ്പര്‍), അഭിഷേക് സിങ് തെക്ചാം, അൻവര്‍ അലി, ബിജോയ് വർഗീസ്, ആകാശ് മിശ്ര, അനിരുദ്ധ് ഥാപ്പ, ലാലെങ്മാവിയ, മൻവീർ സിങ്, റയാൻ വില്യംസ്, സഹൽ അബ്ദുൽ സമദ്, ആഷിഖ് കുരുണിയൻ.
ബ്രസീൽ സ്റ്റാർട്ടിങ് ലൈനപ്പ്– പെദ്രോ മൊറിസ്കോ (ഗോൾ കീപ്പർ), മതേയുസിഞ്ഞോ, ഡഗ്ലസ് സാന്റോസ്, ഗബ്രിയേൽ ബോണ്ടെംപോ, മാർക്വിഞ്ഞോസ്, ഡനിലോ സാന്റോസ്, എസ്തെവോ, ആർതർ ഡയസ്, ആന്ദ്രെ സാന്റോസ്, വിനിസ്യൂസ് ജൂനിയർ, പെദ്രോ.
English Summary:






English (US) ·