സിംബാബ്‌വെയെ ‘പൂട്ടി’ ഇന്ത്യ, 72 റൺസ് ജയം; പട്ടികയിൽ ‘നെഗറ്റീവ്’ തന്നെ, ഇനി ലക്ഷ്യം വിൻഡീസ്

3 weeks ago 4

ചെന്നൈ ∙ ജയിക്കണമെന്ന് സിംബാബ്‌ലെ ഒരിക്കൽ പോലും ആഗ്രഹിച്ചില്ല, അതിനുവേണ്ടി കളിച്ചുമില്ല. 20 ഓവറും പൂർത്തിയാക്കി പരമാവധി റൺസ് നേടണമെന്ന ലക്ഷ്യത്തോടെ സിംബാബ്‌വെ ബാറ്റു വീശിയപ്പോൾ ട്വന്റി20 ലോകകപ്പിലെ നിർണായക സൂപ്പർ 8 മത്സരത്തിൽ ഇന്ത്യയ്ക്ക് 72 റൺസ് വിജയം. ഇന്ത്യ ഉയർത്തിയ 257 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെയുടെ ഇന്നിങ്സ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 184 റൺസിൽ അവസാനിച്ചു.

സെഞ്ചറിയോളം പോന്ന അർധസെഞ്ചറിയുമായി പോരാടിയ ഓപ്പണർ ബ്രയാൻ ബെന്നറ്റിന്റെ (59 പന്തിൽ 97*) ഇന്നിങ്സാണ് സിംബാബ്‌വെയെ മാന്യമായ സ്കോറിലെത്തിച്ചത്. ക്യാപ്റ്റൻ സിക്കന്ദർ റാസ 31 റൺസെടുത്തു. ഇന്ത്യയ്ക്കായി അർഷ്‌ദീപ് സിങ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി, ശിവം ദുബെ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ രണ്ടു പോയിന്റായെങ്കിലും ഗ്രൂപ്പ് ഒന്നിൽ ഇന്ത്യ മൂന്നാം സ്ഥാനത്തു തന്നെയാണ്. ഒരേ പോയിന്റാണെങ്കിലും റൺറേറ്റിൽ മുന്നിലുള്ള വെസ്റ്റിൻഡീസാണ് രണ്ടാമത്. അടുത്ത മത്സരത്തിൽ വിൻഡീസിനെ തോൽപ്പിച്ചാലെ ഇന്ത്യയ്ക്ക് സെമി ഫൈനൽ ഉറപ്പാക്കാനാകൂ. മാർച്ച് 1നാണ് ഇന്ത്യ–വെസ്റ്റിൻഡ‍ീസ് മത്സരം.

മറുപടി ബാറ്റിങ്ങിൽ, തുടക്കം മുതൽ ‘പ്രതിരോധ’ നയമാണ് സിംബാബ്‌വെ സ്വീകരിച്ചത്. വിക്കറ്റ് നഷ്ടം കൂടാതെ 44 റൺസെന്ന നിലയിൽ അവർ പവർപ്ലേ പൂർത്തിയാക്കി. ഈ ലോകകപ്പിൽ ഇതുവരെ ഇന്ത്യ വിക്കറ്റ് വീഴ്ത്താത്ത ഏക പവർപ്ലേയാണിത്. പവർപ്ലേയ്ക്ക് തൊട്ടുപിന്നാലെ ഏഴാം ഓവറിൽ ഓപ്പണർ ടിഡാൻഷെ മരുമാനിയെ (20 പന്തിൽ 20) പുറത്താക്കി അക്ഷർ പട്ടേലാണ് ആദ്യ വിക്കറ്റ് വീഴ്ത്തിയത്. പത്താം ഓവറിൽ ഡിയോൺ മിയേഴ്സിനെ (9 പന്തിൽ 6) വരുൺ ചക്രവർത്തിയും വീഴ്ത്തി. എന്നാൽ മറുവശത്ത്, നങ്കൂരമിട്ട ബെന്നറ്റ് സിംബാബ്‌വെയെ താങ്ങിനിർത്തുകയായിരുന്നു.

മൂന്നാം വിക്കറ്റിൽ ബെന്നറ്റ്– റാസ സഖ്യം 72 റൺസ് കൂട്ടിചേർത്തു. ഏതൊരു വിക്കറ്റിലും ട്വന്റി20 ലോകകപ്പിൽ സിംബാബ്‌വെയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ടാണിത്. 16–ാം ഓവറിൽ ശിവം ദുബെയ്ക്കെതിരെ 26 റൺസാണ് ബെന്നറ്റ് അടിച്ചുകൂട്ടിയത്. ട്വന്റി20 ലോകകപ്പിൽ ഒരു ഇന്ത്യൻ ബോളറുടെ ഏറ്റവും എക്സ്പെൻസീവ് ഓവറായിരുന്നു ഇത്. തൊട്ടടുത്ത ഓവറിൽ സിക്കന്ദറിനെ പുറത്താക്കി അർഷ്ദീപാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയ റയാൻ ബേൾ (0), ടോണി മുൻയോംഗ (6 പന്തിൽ 11), തഷിംഗ മുസെകിവ (4 പന്തിൽ 7) എന്നിവർ തിളങ്ങിയില്ലെങ്കിലും മറുവശത്ത് ഉറച്ചുനിന്ന ബെന്നറ്റ് സിംബാബ്‌വെ സ്കോർ 180 കടത്തുകയായിരുന്നു. സിംബാബ്‌വെ ഇന്നിങ്സ് അവസാനിക്കുമ്പോൾ വെറും മൂന്നു റൺസ് മാത്രമാണ് ബെന്നറ്റിന് സെഞ്ചറിയിലേക്ക് വേണ്ടിയിരുന്നത്.

∙ കൂറ്റൻ ‘അടി’ഈ ലോകകപ്പിൽ 300 റൺസ് ടോട്ടൽ എന്ന സ്വപ്നവുമായിട്ടാണ് ടീം ഇന്ത്യ വന്നത്. ആദ്യ മത്സരങ്ങളിൽ ടോപ് ഓർഡർ ബാറ്റർമാർ പരാജയപ്പെട്ടതോടെ ആകെ ഒരു മത്സരത്തിൽ മാത്രമാണ് ഇന്ത്യൻ ടോട്ടൽ 200 പോലും കടന്നത്. നമീബിയയ്ക്കെതിരെ 209. ഇന്ന് സൂപ്പർ എട്ടിൽ മത്സരത്തിൽ സിംബാബ്‍വെയ്‌ക്കെതിരായ 300 റൺസെടുത്തില്ലെങ്കിലും ഈ ലോകകപ്പിലെ ഏറ്റവും ഉയർന്ന ടോട്ടൽ ഉയർത്തിയാണ് ഇന്ത്യ ഇതിനെല്ലാം പകരം വീട്ടിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 256 റൺസെടുത്തത്. ട്വന്റി20 ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടോട്ടലാണിത്. 2007 ലോകകപ്പിൽ കെനിയയ്‌ക്കെതിരെ ശ്രീലങ്ക നേടിയ 260/6 ആണ് ഏറ്റവും ഉയർന്നത്. 

 ട്വന്റി20 ലോകകപ്പിൽ സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യൻ താരം അഭിഷേക് ശർമയുടെ ബാറ്റിങ്.   (PTI Photo/R SenthilKumar)

ട്വന്റി20 ലോകകപ്പിൽ സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യൻ താരം അഭിഷേക് ശർമയുടെ ബാറ്റിങ്. (PTI Photo/R SenthilKumar)

അർധസസെഞ്ചറി നേടിയ ഓപ്പണർ അഭിഷേക് ശർമ (30 പന്തിൽ 55), ഹാർദിക് പാണ്ഡ്യ (23 പന്തിൽ 50*) ആറാമനായി ഇറങ്ങി തിളങ്ങിയ തിലക് വർമ (16 പന്തിൽ 44*) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യൻ കൂറ്റൻ സ്കോർ നേടിയത്. ബാറ്റിങ്ങിന് ഇറങ്ങിയ എല്ലാവരും മികച്ച സംഭാവന നൽകി. ഓപ്പണർ സഞ്ജു സാംസൺ (15 പന്തിൽ 24), ഇഷാൻ കിഷൻ (24 പന്തിൽ 38), ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (13 പന്തിൽ 33) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോറുകൾ.

ആരാധകരുടെ മുറവിളികൾക്കും ടീം മാനേജ്മെന്റിന്റെ ഏറെ തലപുകച്ചിലിനുമൊടുവിലാണ് സഞ്ജു– അഭിഷേക് സഖ്യം വീണ്ടും ഓപ്പണിങ്ങിന് ഇറങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ആദ്യ ഓവറിൽ തന്നെ സിക്സറടിച്ച് ചെപ്പോക്ക് സ്റ്റേഡിയത്തെ കോരിത്തരിപ്പിച്ച് തുടങ്ങിയ സഞ്ജുവിന് പക്ഷേ പതിവ് പോലെ നീണ്ട ഇന്നിങ്സ് കളിക്കാനായില്ല. 15 പന്തിൽ 24 റൺസെടുത്ത സഞ്ജുവിനെ നാലാം ഓവറിൽ ബ്ലസിങ് മൂസറബനി, റയാൽ ബേളിന്റെ കൈകളിൽ എത്തിച്ച് ഔട്ടാക്കി. ആകെ 2 സിക്സും ഒരു ഫോറുമാണ് സഞ്ജുവിന്റെ ബാറ്റിൽനിന്നു പിറന്നത്.

പിന്നീടെത്തിയ ഇഷാനെ കൂട്ടുപിടിച്ച് അഭിഷേക്, ഫോമിലേക്ക് തിരിച്ചെത്തിയതോടെ ഇന്ത്യൻ സ്കോർ കുതിച്ചു. പവർപ്ലേ അവസാനിക്കുമ്പോൾ 1ന് 80 എന്ന നിലയിലായിരുന്നു ഇന്ത്യ. രണ്ടാം വിക്കറ്റിൽ അഭിഷേക്– ഇഷാൻ സഖ്യം 72 റൺസ് കൂട്ടിച്ചേർത്തു. 11–ാം ഓവറിൽ ഇഷാനെ പുറത്താക്കി ക്യാപ്റ്റൻ സിക്കന്ദർ റാസയാണ് കൂട്ടുകെട്ട് പൊളിച്ചത്. 24 പന്തിൽ ഒരു സിക്സിന്റെയും നാല് ഫോറിന്റെ അകമ്പടിയോടെയാണ് ഇഷാൻ 38 റൺസെടുത്തത്. ഇതിനു പിന്നാലെ അഭിഷേക് അർധസെഞ്ചറി തികച്ചു. 26 പന്തിലാണ് അഭിഷേക്, ട്വന്റി20 കരിയറിലെ തന്റെ ഏറ്റവും വേഗം കുറഞ്ഞ രണ്ടാമത്തെ ഫിഫ്റ്റിയടിച്ചത്. 2024ൽ സിംബാബ്‌വെയ്ക്കെതിരെ 33 പന്തിൽ നേടിയ തന്റെ കന്നി അർധസെഞ്ചറിയാണ് അഭിഷേകിന്റെ ഏറ്റവും വേഗം കുറഞ്ഞ ഫിഫ്റ്റി. ഇതിനു ശേഷം അധകം വൈകാതെ അഭിഷേകും പുറത്തായി. നാല് സിക്സും നാല് ഫോറുമാണ് അഭിഷേകിന്റെ ബാറ്റിൽനിന്നു പിറന്നത്.

 ട്വന്റി20 ലോകകപ്പിൽ സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യൻ താരം സഞ്ജു സാംസന്റെ ബാറ്റിങ്.   (Photo by R. Satish BABU / AFP)

ട്വന്റി20 ലോകകപ്പിൽ സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യൻ താരം സഞ്ജു സാംസന്റെ ബാറ്റിങ്. (Photo by R. Satish BABU / AFP)

നാലാം വിക്കറ്റിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്– ഹാർദിക് പാണ്ഡ്യ സഖ്യം റൺറേറ്റ് താഴാതെ ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ടു കൊണ്ടുപോയി. രണ്ടു സിക്സും മൂന്നു ഫോറും സഹിതം 13 പന്തിൽ സൂര്യ 33 റൺസെടുത്തത്. 13–ാം ഓവറിൽ സൂര്യ പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 150ൽ എത്തിയിരുന്നു. പിന്നാലെയാണ് ബാറ്റിങ് ഓർഡ‍റിൽ ‘ഡീപ്രമോഷൻ’ കിട്ടിയ തിലക് വർമ ക്രീസിലെത്തിയത്. ടൂർണമെന്റിൽ മെല്ലപോക്കിന്റെ കാര്യത്തിൽ ഏറെ പഴികേട്ട തിലക്, ‘ഫിനിഷറുടെ’ റോൾ ഏറ്റെടുത്തതോടെ സ്കോർ 200ഉം കടന്ന് കുതിച്ചു. നാല് സിക്സും മൂന്നു ഫോറും സഹിതം വെറും 16 പന്തിലാണ് തിലക് 44 റണ്‍സെടുത്തത്. അവസാന ഓവറിൽ സ്ട്രൈക്ക് കിട്ടാതെ പോയതോടെയാണ് തിലകിന് അർധസെഞ്ചറി തികയ്ക്കാൻ സാധിക്കാതിരുന്നത്. അവസാന ഓവറിൽ രണ്ടു സിക്സടിച്ചാണ് ഹാർദിക്, അർധസെഞ്ചറി പൂർത്തിയാക്കിയത്. നാല് സിക്സും രണ്ടു ഫോറുമാണ് ഹാർദിക്കിന്റെ ബാറ്റിൽനിന്നു പിറന്നത്. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 84 റൺസ് കൂട്ടിച്ചേർത്തു.

∙ സഞ്ജു റിട്ടേണ്‍സ്ട്വന്റി20 ലോകകപ്പ് സൂപ്പർ 8ലെ നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് ടോസ് നഷ്ടം. ടോസ് നേടിയ സിംബാബ്‌വെ ക്യാപ്റ്റൻ സിക്കന്ദർ റാസ ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. പ്ലേയിങ് ഇലവനിൽ രണ്ടു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. മലയാളി താരം സഞ്ജു സാംസൺ, റിങ്കു സിങ്ങിനു പകരം ഇടം പിടിച്ചു. വാഷിങ്ടൻ സുന്ദറിനു പകരം അക്ഷർ പട്ടേലും ഇലവനിലെത്തി.

ഇടംകൈ – വലംകൈ കോംബിനേഷനിലുള്ള ബാറ്റർമാർ ടോപ് ഓർഡറിൽ വേണമെന്നു ടീം മാനേജ്മെന്റ് തീരുമാനിച്ചതോടെയാണ് സഞ്ജുവിന് ഓപ്പണർ സ്ഥാനം ലഭിച്ചത്. ഇഷാൻ കിഷൻ മൂന്നാം നമ്പറിലേക്ക് ഇറങ്ങിയപ്പോൾ തിലക് വർമ ആറാമനായി. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നാലാം നമ്പറിലും ഹാർദിക് പാണ്ഡ്യ അഞ്ചാം നമ്പറിലും ഇറങ്ങി. സഞ്ജുവായിരിക്കും വിക്കറ്റ് കീപ്പറാകുമെന്ന് ടോസ് സമയത്ത് തന്നെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞിരുന്നു. 

English Summary:

T20 World Cup 2026: India vs Zimbabwe LIVE Score

Read Entire Article