Published: May 08, 2026 10:54 PM IST
1 minute Read
ന്യൂഡൽഹി ∙ ഡൽഹി ബാറ്റർമാരെല്ലാരും കൂടി ഒരുമിച്ച് അടിച്ചെടുത്ത സ്കോറിന്റെ മുക്കാലും ഫിൻ അലൻ ഒറ്റയ്ക്ക് അടിച്ചുകൂട്ടിയപ്പോൾ ഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മിന്നും ജയം. ഡൽഹി ക്യാപിറ്റൽസിനെ എട്ടു വിക്കറ്റിനാണ് കൊൽക്കത്ത തകർത്തത്. ഡൽഹി ഉയർത്തിയ 143 റൺസ് വിജയലക്ഷ്യം വെറും 14.2 ഓവറിൽ കൊൽക്കത്ത മറികടന്നു. സെഞ്ചറി നേടിയ ഓപ്പണർ ഫിൻ അലന്റെ (47 പന്തിൽ 100*) തകർപ്പൻ ബാറ്റിങ്ങാണ് കൊൽക്കത്തയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. പതിനഞ്ചാം ഓവറിലെ രണ്ടാം പന്തിൽ മുകേഷ് കുമാറിനെ സിക്സറിനു തൂക്കിയാണ് ഫിൻ അലൻ സെഞ്ചറി തികച്ചതും കൊൽക്കത്തയുടെ വിജയറൺ കുറിച്ചതും. തുടർച്ചയായ നാലാം ജയത്തോടെ കൊൽക്കത്ത പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്തേയ്ക്കു കയറി. ഡൽഹി എട്ടാം സ്ഥാനത്തായി.
മറുപടി ബാറ്റിങ്ങിൽ, ക്യാപ്റ്റൻ അജിൻക്യ രഹാനെ (9 പന്തിൽ 13), അംഗ്ക്രിഷ് രഘുവംശി (3 പന്തിൽ 1) എന്നിവരുടെ വിക്കറ്റുകൾ പവർപ്ലേയ്ക്കുള്ളിൽ തന്നെ നഷ്ടമായെങ്കിലും നാലാമനായി ഇറങ്ങിയ കാമറൂൺ ഗ്രീനെ (27 പന്തിൽ 33*) കൂട്ടുപിടിച്ച് ഫിൻ അലൻ കൊൽക്കത്തയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. പത്തു സിക്സും അഞ്ച് ഫോറുമാണ് അലന്റെ ബാറ്റിൽനിന്നു പിറന്നത്. ഗ്രീൻ രണ്ടു സിക്സടിച്ചു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 64 പന്തിൽ 116 റൺസാണ് അടിച്ചുകൂട്ടിയത്.
നേരത്തെ, ബോളർമാർ വരിഞ്ഞുമുറുക്കിയതോടെ ഡൽഹിയുടെ സ്കോർ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 142 റൺസിൽ അവസാനിക്കുകയായിരുന്നു. അർധസെഞ്ചറി നേടിയ ഓപ്പണർ പാത്തും നിസങ്ക (29 പന്തിൽ 50), അശുതോഷ് ശർമ (28 പന്തിൽ 39), കെ.എൽ.രാഹുൽ (14 പന്തിൽ 23), ക്യാപ്റ്റൻ അക്ഷർ പട്ടേൽ (22 പന്തിൽ 11) എന്നിവർ മാത്രമാണ് ഡൽഹി നിരയിൽ രണ്ടക്കം കടന്നത്. കൊൽക്കത്തയ്ക്കായി അനുകൂൽ റോയ്, കാർത്തിക് ത്യാഗി എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ വൈഭവ് അറോറ, സുനിൽ നരെയ്ൻ, കാമറൂൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
English Summary:







English (US) ·