Published: May 03, 2026 11:32 PM IST
2 minute Read
അഹമ്മദാബാദ് ∙ ടോസ് നേടുക, ബോളിങ് തിരഞ്ഞടുക്കുക, എതിർ ടീമിനെ ചെറിയസ്കോറിലൊതുക്കുക, ചേസ് ചെയ്ത് വിജയിക്കുക; തുടർച്ചയായ മൂന്നാം മത്സരത്തിലും ഗുജറാത്ത് ടൈറ്റൻസിന്റെ ഈ തന്ത്രം വിജയം കണ്ടു. ഇത്തവണ ടേബിൾ ടോപ്പർമാരായ പഞ്ചാബ് കിങ്സിനെയാണ് ഗില്ലും സംഘവും വീഴ്ത്തിയത്. അവസാനനിമിഷം ഒന്നു പതറിയെങ്കിലും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് ഗുജറാത്തിന്റെ വിജയം. പഞ്ചാബ് ഉയർത്തിയ 164 റൺസെന്ന വിജയലക്ഷ്യം 19.5 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് മറികടന്നു.
23 പന്തിൽ 40* റൺസുമായി അവസാനഘട്ടത്തിൽ തകർത്തടിച്ച വാഷിങ്ടൻ സുന്ദർ, അർധസെഞ്ചറി നേടിയ സായ് സുദർശൻ (41 പന്തിൽ 57) എന്നിവർ ചേസിങ്ങിൽ തിളങ്ങിയപ്പോൾ നാല് വിക്കറ്റ് വീഴ്ത്തിയ ജയ്സൻ ഹോൾഡർ, രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജ്, കഗീസോ റബാദ എന്നിവരാണ് പഞ്ചാബിനെ തകർത്തത്. തുടർച്ചയായ മൂന്നാം ജയത്തോടെ 12 പോയിന്റുമായി ഗുജറാത്ത് പ്ലേഓഫിലേക്ക് കൂടുതൽ അടുത്തു. 2, 3, 4, 5 സ്ഥാനങ്ങളിലുള്ളവർക്ക് 12 പോയിന്റാണ്. ആദ്യ ഏഴു മത്സരങ്ങളിലും തോൽവിയറിയാതെ മുന്നേറിയ പഞ്ചാബിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനെതിരെയായിരുന്നു പഞ്ചാബിന്റെ തോൽവി. 13 പോയിന്റുമായി പഞ്ചാബ് ഒന്നാം സ്ഥാനത്താണ്.
മറുപടി ബാറ്റിങ്ങിൽ, ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ (4 പന്തിൽ 5) രണ്ടാം ഓവറിൽ തന്നെ അർഷ്ദീപ് സിങ് മടക്കിയെങ്കിലും രണ്ടാം വിക്കറ്റിൽ ഒന്നിച്ച സായ് സുദർശൻ– ജോസ് ബട്‌ലർ സഖ്യം ഗുജറാത്ത് ഇന്നിങ്സിനെ മുന്നോട്ടു നയിച്ചു. ഇരുവരും ചേർന്ന് 53 റൺസ് കൂട്ടിച്ചേർത്തു. ഒൻപതാം ഓവറിൽ ജോസ് ബട്‌ലറെ (22 പന്തിൽ 26) പുറത്താക്കി വിജയകുമാർ വൈശാഖാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയ അരങ്ങേറ്റക്കാരൻ നിഷാന്ത് സിന്ധുവിന് (11 പന്തിൽ 15) കാര്യമായ സംഭാവന നൽകാനായില്ല. അർധസെഞ്ചറി നേടിയ സായ് സുദർശനെ ഓവറിൽ വൈശാഖും രാഹുതൽ തെവാത്തിയയെ (6 പന്തിൽ 2) മാർക്കോ യാൻസനും മടക്കിയെങ്കിലും വാഷിങ്ടൻ സുന്ദർ (23 പന്തിൽ 40*) അവസാന ഓവറിലെ അഞ്ചാം പന്തിൽ സിക്സർ അടിച്ച് ഗുജറാത്തിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
∙‘രക്ഷകൻ’ സൂര്യാൻഷ്
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്റെ കൂട്ടത്തകർച്ചയാണ് മോദി സ്റ്റേഡിയത്തിൽ കണ്ടത്. 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ അവർ 163 റൺസെടുത്തത്. അർധസെഞ്ചറി നേടിയ സൂര്യാൻഷ് ഷെഡ്ഗെ (29 പന്തിൽ 57), മാർക്കസ് സ്റ്റേയിനിസ് (31 പന്തിൽ 40) എന്നിവരുടെ ഇന്നിങ്സാണ് പഞ്ചാബിനെ വലിയ നാണക്കേടിൽനിന്നു രക്ഷിച്ചത്. ആദ്യ ഓവറിൽ തന്നെ ഓപ്പണർ പ്രിയാൻഷ് ആര്യ (2 പന്തിൽ 2), കൂപ്പർ കനോലി (0) എന്നിവരെ അടുത്തടുത്ത പന്തുകളിൽ വീഴ്ത്തി മുഹമ്മദ് സിറാജ് പഞ്ചാബിന് ഇരട്ടപ്രഹരം നൽകി. പിന്നീട് പ്രഭ്സിമ്രൻ സിങ് (14 പന്തിൽ 15), ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ (21 പന്തിൽ 19) എന്നിവർ കുറച്ചുനേരം ചെറുത്തുനിന്നെങ്കിലും പവർപ്ലേ താണ്ടിയില്ല. ആറാം ഓവറിൽ പ്രഭ്സിമ്രനെ കഗീസോ റബാദ പുറത്താക്കിയപ്പോൾ തൊട്ടടുത്ത ഓവറിൽ നേഹൽ വധേരയെ ജയ്സൻ ഹോൾഡർ സംപൂജ്യനായി മടക്കി. ഒൻപതാം ഓവറിൽ ശ്രേയസ്സ് അയ്യരെയും ഹോൾഡർ മടക്കിയശേഷമായിരുന്നു സൂര്യാൻഷ് ഷെഡ്ഗെ– മാർക്കസ് സ്റ്റേയിനിസ് സഖ്യത്തിന്റെ രക്ഷാപ്രവർത്തനം.
ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 44 പന്തിൽ 79 റൺസ് കൂട്ടിച്ചേർത്തു. 29 പന്തിൽ അഞ്ച് സിക്സുകളുടെ മൂന്നു ഫോറുകളുടെ അകമ്പടിയോടെയാണ് സൂര്യാൻഷ് 57 റൺസെടുത്തത്. സ്റ്റോറിയിനിസ് ഒരു സിക്സും അഞ്ച് ഫോറും പായിച്ചു. 5ന് 47 എന്ന ദയനീയസ്ഥിതിയിൽനിന്ന് പഞ്ചാബ് സ്കോർ 126ൽ എത്തിച്ചശേഷമാണ് സൂര്യാൻഷ് മടങ്ങിയത്. പിന്നാലെയെത്തിയ മാർക്കോ യാൻസൻ 11 പന്തിൽ 20 റൺസെടുത്തു. സ്റ്റോയിനിസിനെ ഹോൾഡറും യാൻസനെ റാഷിദ് ഖാനും പുറത്താക്കി. വിജയകുമാർ വൈശാഖ് (3 പന്തിൽ 1*), അർഷ്ദീപ് സിങ് (1 പന്തിൽ 1) എന്നിവർ പിടിച്ചുനിന്നതോടെ പഞ്ചാബ് ഓൾഔട്ടായില്ല.
English Summary:







English (US) ·