Published: April 04, 2026 03:45 PM IST
1 minute Read
മുംബൈ∙ കളിച്ചിരുന്ന കാലത്ത് സീനിയർ താരങ്ങൾ ടീമിലുണ്ടായപ്പോഴും പല കാരണങ്ങൾകൊണ്ടും എം.എസ്. ധോണി ഇന്ത്യൻ ക്യാപ്റ്റനായെന്നു ചൂണ്ടിക്കാട്ടി മുൻ താരം യുവരാജ് സിങ്. ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് അഭിഷേക് ശർമയെ പരിഗണിക്കാത്തതിൽ അതൃപ്തി പ്രകടനമാക്കിയ യുവരാജ്, അതിനൊപ്പം ഉദാഹരണമായി ചേർത്താണ് ധോണിയുടെ കാര്യവും പറഞ്ഞത്. വർഷങ്ങളോളം അഭിഷേക് ശർമ യുവരാജ് സിങ്ങിനു കീഴിൽ പരിശീലിച്ചിരുന്നു. ഇഷാൻ കിഷനോട് താൽപര്യമുണ്ടെങ്കിലും ക്യാപ്റ്റൻ സ്ഥാനം നൽകിയതിൽ തൃപ്തിയില്ലെന്നും യുവരാജ് ഒരു പോഡ്കാസ്റ്റിൽ പ്രതികരിച്ചു.
‘‘എനിക്കു കുറച്ചു സങ്കടമുണ്ട്. പക്ഷേ ഇഷാൻ കിഷനെ ഇഷ്ടവുമാണ്. ഞാൻ ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ച കണ്ട ആളാണ്. ഒരു കളിക്കാരന്റെ കാഴ്ചപ്പാടിൽ ഉദാഹരണം എടുത്തുനോക്കാം. ലോകകപ്പിനു മുൻപ് അഭിഷേക് ശർമ ടീമിലേക്കു വരികയാണ്. അദ്ദേഹത്തിന്റെ സ്റ്റേറ്റ് ടീം വിജയിച്ചു. സെഞ്ചറി നേടി. തുടർന്നു ലോകകപ്പിലും സ്കോർ കണ്ടെത്തി. ഇന്ത്യ ലോകകപ്പ് വിജയിച്ചു. തുടർന്ന് അദ്ദേഹം ക്യാപ്റ്റൻ സ്ഥാനത്തേക്കു വരുന്നു. എന്നാൽ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ഒരു താരം ഫ്രാഞ്ചൈസിക്കൊപ്പം ഏഴു വർഷം കളിക്കുകയാണ്. ഹൃദയവും ആത്മാവും ടീമിനായി നൽകുന്നു. സംസ്ഥാന ടീമിനെ നയിക്കുന്നു. എന്നിട്ടും ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റൻസി ലഭിക്കുന്നില്ല. എന്ത് മാനസികാവസ്ഥയിലാണ് അവന്‍ കളിക്കുക? പക്ഷേ ഇഷാൻ കിഷനുമായി അഭിഷേകിനു നല്ല ബന്ധമാണുള്ളത്.’’– യുവരാജ് വ്യക്തമാക്കി.
‘‘ഉദാഹരണത്തിന്, ഞാൻ ഇന്ത്യൻ ടീമിൽ കളിക്കുമ്പോൾ സീനിയേഴ്സായ ഹർഭജൻ സിങ്ങും വീരേന്ദർ സേവാഗും അവിടെയുണ്ട്. ഞാനായിരുന്നു ആ സമയത്തെ വൈസ് ക്യാപ്റ്റന്‍. പക്ഷേ ധോണി പെട്ടെന്ന് ക്യാപ്റ്റനായി. ഇന്ത്യൻ ടീമിനെ നയിക്കാനും വലിയ കാര്യങ്ങൾ ചെയ്യാനും ഒരാളെ നിയോഗിക്കപ്പെട്ടപോലെയായിരുന്നു അത്. പക്ഷേ ഒരു ടീമിനായി വർഷങ്ങളോളം ഒരുപാടു കാര്യങ്ങൾ ചെയ്തിട്ട് ഇങ്ങനെ സംഭവിച്ചാൽ താരത്തിന് അതു വേദനയുണ്ടാക്കും.’’– യുവരാജ് പ്രതികരിച്ചു. ഓസ്ട്രേലിയൻ പേസർ പാറ്റ് കമിൻസ് കളിക്കാത്ത സാഹചര്യത്തിലാണ് ഇഷാൻ കിഷനെ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റനാക്കിയത്.
English Summary:








English (US) ·