സീനിയർ താരത്തിന്റെ മുറിയിൽ സ്ഥിരമായി രാത്രി വൈകിയും അതിഥികൾ; പിന്നാലെ ബിസിസിഐ നടപടി; ‘ഹണി ട്രാപ്’ തടയാൻ കർശനനിയന്ത്രണം

3 weeks ago 5

ന്യൂഡൽഹി ∙ ഹണി ട്രാപ്, വാതുവയ്പ് തുടങ്ങിയവയിൽ ഉൾപ്പെടാതിരിക്കാൻ ഐപിഎൽ താരങ്ങൾക്കു കർശന നിയന്ത്രണമാണ് ബിസിസിഐ ഏർപ്പെടുത്തിയത്. താരങ്ങൾക്കും ഒഫിഷ്യൽസിനുമായി മാർഗരേഖയും കഴിഞ്ഞദിവസം കൈമാറി. താരങ്ങളുടെ മുറികളിൽ മുൻകൂട്ടി അറിയിക്കാതെ പരിശോധന നടത്താൻ ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗത്തിന് അധികാരമുണ്ടെന്നും പിഴവുകൾ കണ്ടെത്തിയാൽ ശക്തമായ നടപടികളെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.

അടുത്തിടെ, ഒരു ടീമിലെ സീനിയർ താരം തന്റെ മുറിയിൽ രാത്രി വൈകുവോളം ചിലരെ സ്ഥിരമായി താമസിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗം ടീം മാനേജറെ വിളിവരുത്തുകയും സംഭവത്തെക്കുറിച്ച് വിശദീകരണം തേടുകയും ചെയ്തിരുന്നു. എന്നാൽ അതു വെറും ‘കാഷ്വൽ’ കൂടിക്കാഴ്ചകൾ മാത്രമായിരുന്നെന്നാണ് ടീം മാനേജർ മറുപടി നൽകിയത്. ടീമിൽ കളിക്കാരന്റെ സീനിയോറിറ്റി ചൂണ്ടിക്കാട്ടിയാണ് മാനേജർ അദ്ദേഹത്തെ പ്രതിരോധിച്ചത്.

എന്നാൽ ഇത്തരം കാര്യങ്ങൾ പതിവാണെന്ന് ഐപിഎലിൽ ദീർഘകാലം ടീം മാനേജരായി ജോലി ചെയ്തിരുന്ന ഒരു മുൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ‘‘എനിക്ക് അതിൽ അദ്ഭുതമില്ല. ചില സമയങ്ങളിൽ കളിക്കാർ ടീമിനുള്ളിലെ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് നിയമങ്ങൾ ലംഘിക്കാറുണ്ട്. ഒരിക്കൽ ഞാൻ ഒരു കളിക്കാരനോട് സുഹൃത്തുക്കളെ മുറിയിലല്ല, ലോബിയിലെ റസ്റ്ററന്റിൽ വച്ച് സ്വീകരിക്കാൻ പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ ചില ബോർഡ് നിർദേശങ്ങളുണ്ടെന്ന് ഞാൻ അവനോട് പറഞ്ഞു. അവൻ പെട്ടെന്ന് ദേഷ്യപ്പെട്ടു: ‘നിങ്ങൾ വിഷമിക്കേണ്ട. ബോർഡ് (ഉദ്യോഗസ്ഥർ) ചോദിച്ചാൽ ഞാൻ പറഞ്ഞോളാം’ എന്നായിരുന്നു അവന്റെ മറുപടി.’’– മുൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

മറ്റൊരു ഫ്രാഞ്ചൈസി ഉദ്യോഗസ്ഥനും ഇതിനെക്കുറിച്ച് പ്രതികരിച്ചു. ‘‘താരങ്ങൾ അത്തരം സമ്മർദം ചെലുത്തലിനെക്കുറിച്ച് എനിക്ക് അറിയില്ല. എന്നാൽ ടീം താമസിക്കുന്ന ഹോട്ടലിലേക്ക് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ക്ഷണിക്കുന്നതിന് രേഖാമൂലമോ അല്ലെങ്കിൽ വാക്കാലുള്ളതോ ആയ അനുമതി വേമണമെന്ന് ഞങ്ങൾ ഇപ്പോൾ വ്യക്തമായ നിർദേശം നൽകിയിട്ടുണ്ട്. അവർക്ക് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാണേണ്ടതുണ്ടെന്ന് എനിക്കറിയാം. എന്നാൽ രാത്രി 10 മണിക്ക് ശേഷം അതിഥികളെ സൽക്കരിക്കരുതെന്ന് ഞങ്ങൾ അവരോട് പറഞ്ഞിട്ടുണ്ട്, കൂടാതെ അത്തരം കൂടിക്കാഴ്ചകൾ ലോബിയിലോ ടീം മാനേജർക്കോ ഉദ്യോഗസ്ഥർക്കോ എളുപ്പത്തിൽ പ്രവേശിക്കാവുന്ന ഏതെങ്കിലും പൊതുസ്ഥലത്തോ വച്ചായിരിക്കണം നടക്കേണ്ടത്.’’– ഉദ്യോഗസ്ഥൻ പറഞ്ഞു.

മറ്റൊരു സംഭവത്തിൽ, ചില വിവരങ്ങൾ കൈമാറാൻ ടീം ഉദ്യോഗസ്ഥൻ ഫോൺ വിളിച്ചെങ്കിലും ഒരു താരം എടുത്തില്ല. ഒടുവിൽ മുറിയിൽ പോയി മുട്ടിവിളിച്ചു. എന്നാൽ രാത്രി വൈകി ഒരു കൂട്ടം സുഹൃത്തുക്കളോടൊപ്പം അദ്ദേഹം ഹോട്ടലിലേക്ക് നടന്നുവരുന്നതാണ് കണ്ടത്. എന്നാൽ ആ താരം ഫ്രാഞ്ചൈസി ഉടമകളുമായി അടുത്ത ബന്ധമുള്ള ആളായിരുന്നതിനാൽ ആ സംഭവം ഒതുക്കിത്തീർത്തു. ‘‘ചിലപ്പോൾ നിയമങ്ങൾ അക്ഷരാർഥത്തിൽ പാലിക്കപ്പെടാറില്ലെന്നോ അല്ലെങ്കിൽ ചിലപ്പോൾ കളിക്കാർക്ക് ചില ഇളവുകൾ നൽകുന്നുണ്ടെന്നോ ഞാൻ സമ്മതിക്കുന്നു. ഇപ്പോൾ, കളിക്കാർക്ക് മേൽ നിരന്തരമായ പരിശോധനകൾ ഏർപ്പെടുത്താൻ ഞങ്ങൾ ആലോചിക്കുന്നു. എന്നാൽ ഇത് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലെന്ന് ഉറപ്പുവരുത്തുകയും വേണം. ഒരു പ്രശ്നവുമില്ലാതെ ഈ നിയമം എങ്ങനെ നടപ്പിലാക്കാം എന്നതിനെക്കുറിച്ച് ഞങ്ങൾ ബിസിസിഐയുമായി ചർച്ച നടത്തും.’’– ഉദ്യോഗസ്ഥൻ പറഞ്ഞു.

ബിസിസിഐ പുറപ്പെടുവിച്ച പ്രധാന നിർദേശങ്ങൾ

∙ ഹോട്ടൽ മുറി: താരങ്ങളുടെ മുറിയിൽ സന്ദർശകർക്കു പ്രവേശിക്കാൻ ടീം മാനേജരുടെ രേഖാമൂലമുള്ള അനുമതി നിർബന്ധം.

∙ ഹണി ട്രാപ്: താരങ്ങളെ കുടുക്കാൻ സാധ്യതയുള്ള ‘ഹണി ട്രാപ്’, വാതുവയ്പ് എന്നിവയെക്കുറിച്ച് ഫ്രാഞ്ചൈസികൾ ജാഗ്രത പാലിക്കണം.

∙ ടീം ഉടമകൾ: മത്സര സമയത്ത് ടീം ഉടമകൾ ഡഗൗട്ടിലോ ഡ്രസിങ് റൂമിലോ പ്രവേശിക്കാനോ താരങ്ങളെ കെട്ടിപ്പിടിക്കാനോ ആശയവിനിമയം നടത്താനോ പാടില്ല.

∙ ഇ–പുക വേണ്ട : സ്റ്റേഡിയം, ഡ്രസിങ് റൂം, പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഇലക്ട്രോണിക് സിഗരറ്റുകളും വേപ്പുകളും ഉപയോഗിക്കുന്നത് നിരോധിച്ചു.

∙ രാത്രി കറക്കം: സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കാതെ താരങ്ങൾ രാത്രി ഹോട്ടലിനു പുറത്തുപോകുന്നത് വിലക്കി

∙ വ്ലോഗിങ്: ഐപിഎൽ താരങ്ങൾ സാമൂഹ മാധ്യമങ്ങൾക്കായി വിഡിയോ ചെയ്യുന്നത് വിലക്കി. ടീം ബസിലോ ഡ്രസിങ് റൂമിലോ ചിത്രീകരിക്കുന്ന വിഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കാൻ പാടില്ല.

English Summary:

IPL subordinate restrictions are being strictly enforced by the BCCI to forestall engagement successful chromatic traps and betting, with caller guidelines issued for players and officials. The BCCI's anti-corruption portion has the authorization to behaviour unannounced inspections of subordinate rooms and volition instrumentality beardown enactment against immoderate violations.

Read Entire Article